ഗുവാഹത്തി: ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ മോശം പ്രകടനത്തിൽ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ ഏതാനും നാളുകളായി വിമർശനം ശക്തമാണ്. ഗംഭീറിനു കീഴിൽ ഇന്ത്യൻ മണ്ണിലടക്കം ഇന്ത്യ ചരിത്ര തോൽവിയാണ് ഏറ്റുവാങ്ങിയത്. ആ പട്ടികയിലാണ് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയും പുതുതായി ഇടംപിടിച്ചത്.
കാൽ നൂറ്റാണ്ടിനുശേഷമാണ് ഇന്ത്യയിൽ പ്രോട്ടീസ് ആദ്യമായൊരു ടെസ്റ്റ് പരമ്പര ജയിക്കുന്നത്, അതും ആധികാരികമായി തന്നെ. ഇതോടെ ഗംഭീറിനെ പരിശീലക സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി. റൺസിന്‍റെ കണക്കെടുത്താൽ ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് തോൽവിയാണ് ഗുവാഹത്തിയിലേത്. 408 റൺസിനാണ് ഇന്ത്യ തോറ്റമ്പിയത്. ബംഗ്ലാദേശിനെതിരെ നാട്ടിൽ പരമ്പര ജയിച്ചു തുടങ്ങിയ ഇന്ത്യ, ന്യൂസിലൻഡിനു മുമ്പിൽ 3-0ത്തിന് പരമ്പര അടിയറവെച്ചു. പിന്നാലെ ആസ്ട്രേലിയയോട് അവരുടെ നാട്ടിൽ 3-1ന് തോറ്റു. വെസ്റ്റിൻഡീസിനോട് 2-0ത്തിന് ടെസ്റ്റ് ജയിച്ചെങ്കിലും സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കക്കു മുമ്പിൽ മറ്റൊരു പരമ്പര കൂടി സമ്പൂർണമായി അടിയറവെച്ചു.
എന്നാൽ, ഇതിനുശേഷവും സ്ഥാനമൊഴിയാൻ സന്നദ്ധനല്ലെന്ന സൂചനയാണ് ഗംഭീർ നൽകുന്നത്. തന്‍റെ ഭാവി ബി.സി.സി.ഐയാണ് തീരുമാനിക്കേണ്ടതെന്ന് മത്സരശേഷമുള്ള വാർത്തസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പക്ഷേ തനിക്കു കീഴിയിൽ ഇന്ത്യ നേടിയ വിജയങ്ങൾ മറക്കരുതെന്നും ഗംഭീർ വ്യക്തമാക്കി.
‘എന്‍റെ ഭാവി ബി.സി.സി.ഐക്ക് തീരുമാനിക്കാം. പക്ഷേ എനിക്ക് കീഴിൽ ചാമ്പ്യൻസ് ട്രോഫി കിരീടം നേടിയതും ഇംഗ്ലണ്ടിനെതിരായ പ്രകടനവും മറക്കരുത്’ -ഗംഭീർ മാധ്യമങ്ങളോട് പറഞ്ഞു.
തോൽവിയുടെ ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടെന്നും ഗംഭീർ കൂട്ടിച്ചേർത്തു. ‘മികച്ച ക്രിക്കറ്റ് കളിക്കണമായിരുന്നു. ഒരു വിക്കറ്റിന് 95 എന്ന നിലയിൽനിന്ന് ഏഴിന് 122ലേക്ക് തകർന്നത് അംഗീകരിക്കാനാകില്ല. ഒരാളെ മാത്രം കുറ്റപ്പെടുത്താനാവില്ല. എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. ഞാൻ ഒരിക്കലും ഒരാളെ മാത്രം കുറ്റപ്പെടുത്തില്ല’ -ഗംഭീർ വ്യക്തമാക്കി.
ഗംഭീറിനു കീഴിൽ കളിച്ച 18 ടെസ്റ്റുകളിൽ പത്തിലും ഇന്ത്യ തോറ്റു. ഇതിൽ ഇന്ത്യൻ മണ്ണിൽ നടന്ന രണ്ടു ടെസ്റ്റുകളിൽ സമ്പൂർണ തോൽവിയായിരുന്നു. ന്യൂസിലൻഡിനെതിരെയും ഇപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരെയും. ഇന്ത്യൻ ബാറ്റിങ് ഓർഡറിലെ പരീക്ഷണമാണ് തോൽവിക്കു കാരണമെന്നാണ് ഗംഭീറിനെതിരെ ആരാധകർ ഉന്നയിക്കുന്ന പ്രധാന വിമർശനം. ആദ്യ മൂന്നു സ്ഥാനങ്ങൾ മാറ്റി നിർത്തിയാൽ, ബാക്കിയുള്ള സ്ഥാനങ്ങളിലെല്ലാം ഓരോ ഇന്നിങ്സിലും വ്യത്യസ്ത താരങ്ങളാണ് ബാറ്റിങ്ങിന് ഇറങ്ങുന്നത്. മൂന്നാം നമ്പറിൽ കരുൺ നായർ, സായി സുദർശൻ, വാഷിങ്ടൺ സുന്ദർ എന്നിവരെയെല്ലാം കളിപ്പിച്ചു. ഓൾ റൗണ്ടർമാരെ മാറ്റി മാറ്റി പരീക്ഷിക്കുന്ന ഗംഭീറിന്‍റെ തന്ത്രങ്ങളും പാളുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.