‘പൂരാൻ കാത്തു’; ത്രില്ലർ പോരിൽ ബാംഗ്ലൂരിനെ തകർത്ത് ലഖ്നൗ സൂപ്പർ ജയന്റ്സ്

ഐ.പി.എല്ലിലെ വീണ്ടുമൊരു കിടിലൻ റൺചേസിന് സാക്ഷിയായിരിക്കുകയാണ് ക്രിക്കറ്റ് പ്രേമികൾ. വർഷങ്ങൾ നീണ്ട കിരീടദാഹത്തോടെ സീസണിലെത്തിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും കന്നിക്കിരീടം ലക്ഷ്യമിട്ടിറങ്ങിയ ലഖ്നൗ സൂപ്പർ ജയന്റ്സും ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയപ്പോൾ വിജയം അതിഥികൾക്കൊപ്പം.

ടോസ് നഷ്ടപ്പെട്ട് ബാറ്റേന്തേണ്ടി വന്ന ബാംഗ്ലൂർ കോഹ്ലി, ഡുപ്ലെസിസ്, മാക്സ്‍വെൽ ത്രയത്തിന്റെ അർധ ശതകങ്ങളുടെ മികവിൽ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തു. അവസാന പന്ത് വരെ നീണ്ട ആവേശത്തിനൊടുവിൽ ലഖ്നൗ ലക്ഷ്യം കാണുകയായിരുന്നു. സ്കോർ: ബാംഗ്ലൂർ - 212 (2 wkts, 20 Ov) / ലഖ്നൗ - 213 (9 wkts, 20 Ov)

മൂന്ന് വിക്കറ്റിന് 23 റൺസ് എന്ന നിലയിൽ തകർച്ചയിലേക്ക് പോയ ലഖ്നൗവിനെ മാർകസ് സ്റ്റോയിനിസും നായകൻ കെ.എൽ രാഹുലും ചേർന്നാണ് തിരികെ കൊണ്ടുവന്നത്. 30 പന്തുകളിൽ അഞ്ച് കൂറ്റൻ സിക്സറുകളും ആറ് ബൗണ്ടറികളുമടക്കം സ്റ്റോയിനിസ് 65 റൺസാണ് ചേർത്തത്. എന്നാൽ, സ്കോർ 99-ൽ നിൽക്കെ കരൺ ശർമയുടെ പന്തിൽ ഷഹബാസ് അഹമദിന് ക്യാച്ച് നൽകി താരം മടങ്ങി. ശേഷം നികൊളാസ് പൂരാനുമായി ചേർന്ന് റൺസുയർത്താൻ നോക്കിയെങ്കിലും സ്കോർ 105ൽ നിൽക്കെ രാഹുൽ സിറാജിന്റെ പന്തിൽ കോഹ്‍ലിക്ക് ക്യാച്ച് നൽകി പുറത്തായി.

പിന്നീട് കണ്ടത് പൂരാന്റെ വെടിക്കെട്ട് ഷോ ആയിരുന്നു. ബാംഗ്ലൂർ ബൗളർമാരിൽ ഒരാളെ പോലും വിടാതെ താരം ശിക്ഷിച്ചു. തടിച്ചുകൂടിയ ആർ.സി.ബി ആരാധകരെ കണ്ണീരണിയിക്കുന്ന പ്രകടനം പുറത്തെടുത്ത പൂരാൻ 19 പന്തുകളിൽ ഏഴ് സിക്സറുകളും നാല് ഫോറുകളുമടക്കം 62 റൺസെടുത്തു. ഒപ്പമുണ്ടായിരുന്ന ആയുഷ് ബദോനിയെ കാഴ്ചക്കാരനാക്കിയായിരുന്നു പൂരാൻ ഷോ.

എന്നാൽ, സ്കോർ 189-ലെത്തിച്ച് താരം സിറാജിന്റെ പന്തിൽ പുറത്തായി. തുടർന്ന് ബദോനിയും ജയദേവ് ഉനദ്ഗട്ടും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. സ്കോർ 206ൽ നിൽക്കെ ബദോനി ഹിറ്റ്‍വിക്കറ്റിൽ കുടുങ്ങി കൂടാരം കയറി. 24 പന്തുകളിൽ 30 റൺസായിരുന്നു സമ്പാദ്യം.  തുടർന്ന് മാർക് വുഡും (1) പുറത്തായെങ്കിലും അവസാന ഓവറിൽ സൂക്ഷിച്ച് ബറ്റേന്തിയ രവി ബിഷ്‍ണോയി ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.

കെ.കെ.ആറിനെതിരായ 81 റൺസിന്റെ കനത്ത തോൽവിക്ക് ശേഷം വിജയം തേടിയിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി മുൻ നായകൻ വിരാട് കോഹ്‍ലിയാണ് വെടിക്കെട്ട് തുടങ്ങിയത്.

44 പന്തുകളിൽ 61 റൺസെടുത്ത താരം നാല് ബൗണ്ടറികളും നാല് സിക്സറുകളും പറത്തി. അമിത് മിശ്രയുടെ പന്തിൽ സ്റ്റോയിനിസിന് പിടിനൽകിയാണ് താരം മടങ്ങിയത്. തുടർന്ന് നായകൻ ഫാഫ് ഡു പ്ലെസ്സിസും ഗ്ലെൻ മാക്സ്വെല്ലുമാണ് കൂറ്റനടിക്ക് നേതൃത്വം നൽകിയത്. നായകൻ 44 പന്തുകളിൽ 79 റൺസെടുത്തു. അഞ്ച് വീതം ബൗണ്ടറികളും സിക്സറുകളും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. മാക്സ്വെൽ 29 പന്തുകളിൽ ആറ് കൂറ്റൻ സിക്സറുകളും മൂന്ന് ബൗണ്ടറികളുംമടക്കം 59 റൺസുമെടുത്തു.

സീസണിലെ രണ്ടാമത്തെ അർധ സെഞ്ച്വറിയാണ് കോഹ്‍ലി ഇന്ന് കുറിച്ചത്. നേരത്തേ ഇതേ മൈതാനത്തു വച്ചു തന്നെയായിരുന്നു താരത്തിന്റെ ആദ്യ ഫിഫ്റ്റി. മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തില്‍ പുറത്താവാതെ 82 റണ്‍സാണ് കോഹ്‍ലി അടിച്ചെടുത്തത്.

Tags:    
News Summary - IPL2023: Royal Challengers Bangalore vs Lucknow Super Giants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.