ഇത് ‘ന്യൂ ഡൽഹി കാപിറ്റൽസ്’; സീസണിലെ ആദ്യ ജയം കെ.കെ.ആറിനെതിരെ

ഡൽഹി: സ്വന്തം തട്ടകത്തിൽ തന്നെ ഈ സീസണിലെ ആദ്യ ജയം സ്വന്തമാക്കി ഡൽഹി കാപിറ്റൽസ്. പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാർ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ നാല് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ടോസ് നേടിയ കാപിറ്റൽസ് കൊൽക്കത്തയെ ബാറ്റിങ്ങിനയച്ച് 127 റൺസിന് കൂടാരം കയറ്റിയിരുന്നു. മറുപടി ബാറ്റിങ്ങിൽ നാല് പന്തുകൾ ബാക്കി നിൽക്കെ ആറ് വിക്കറ്റ് നഷ്ടത്തിൽ അവർ ലക്ഷ്യം കാണുകയും ചെയ്തു.

മികച്ച രീതിയിൽ പന്തെറിഞ്ഞ ഡൽഹി ബൗളർമാർ കെ.കെ.ആർ ബാറ്റിങ് നിരയെ പൊരുതാൻ പോലും അനുവദിച്ചില്ല. എന്നാൽ, ഡൽഹി ബാറ്റിങ് നിരയിൽ വാർണറൊഴിച്ചുള്ളവരെല്ലാം തന്നെ നിരാശപ്പെടുത്തി. അക്സർ പട്ടേലാണ് (19) അവസാന ഓവറിൽ ഡൽഹിക്കായി വിജയറൺ നേടിയത്.

നായകൻ ഡേവിഡ് വാർണർ ഗംഭീര തുടക്കമാണ് ഡൽഹിക്ക് നൽകിയത്. വരുൺ ചക്രവർത്തിയുടെ പന്തിൽ എൽബിയിൽ കുടുങ്ങി വാർണർ പുറത്താകുമ്പോൾ കാപിറ്റൽസ് 13.1 ഓവറിൽ 93-4 എന്ന നിലയിലായിരുന്നു. 11 ബൗണ്ടറികളടക്കം 41 പന്തുകളിൽ 57 റൺസായിരുന്നു താരത്തിൻറെ സമ്പാദ്യം. ജയിക്കാൻ കുറഞ്ഞ റൺസുകൾ മാത്രം മതിയായിരുന്നു ആതിഥേയർക്ക്. എന്നാൽ, വാർണർ പോയതോടെ കെ.കെ.ആർ ബൗളർമാർ കളിയുടെ നിയന്ത്രണം പതിയെ ഏറ്റെടുത്തു. റൺകുതിപ്പും കുറഞ്ഞുവന്നു.


അഞ്ചാമനായി എത്തിയ മനീഷ് പാണ്ഡേയും അക്സർ പട്ടേലും നടത്തിയ ചെറുത്തുനിൽപ്പ് ഡൽഹിക്ക് ആശ്വാസം നൽകിയെങ്കിലും 16-ാം ഓവറിൽ അനുകൂൽ റോയുടെ പന്തിൽ റിങ്കു സിങ്ങിന് പിടി നൽകി മനീഷ് പാണ്ഡേ പുറത്തായി. 23 പന്തുകളിൽ 21 റൺസായിരുന്നു സമ്പാദ്യം. തൊട്ടുപിന്നാലെ അമൻ ഹകീം ഖാനും സംപൂജ്യനായി മടങ്ങി. അക്സർ പട്ടേലും ലലിത് യാദവും ചേർന്നാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

കൊൽക്കത്ത ബാറ്റിങ് നിരയിൽ ഓപണർ ജേസൺ റോയ് (43) ഒഴിച്ചുള്ളവരെല്ലാം അമ്പേ പരാജയമായതോടെയാണ് ടീം കുറഞ്ഞ സ്കോറിന് ഒതുങ്ങിയത്. 39 പന്തുകളിലാണ് റോയ് 43 റൺസ് എടുത്തത്. താരത്തെ സാക്ഷിയാക്കി ഡൽഹി ബൗളർമാർ നിരന്തരം വിക്കറ്റുകൾ വീഴ്ത്തുകയായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങിയ നായകൻ നിതീഷ് റാണ (4) വെങ്കടേഷ് അയ്യർ (0) റിങ്കു സിങ് (6) എന്നിവരും ഒരു സംഭാവനയും നൽകിയില്ല. ഓൾറൗണ്ടർ ആന്ദ്രെ റസൽ നടത്തിയ രക്ഷാപ്രവർത്തനമാണ് സ്കോർ 100 കടത്തിയത്. താരം 31 പന്തുകളിൽ നാല് സിക്സറുകളും ഒരു ഫോറുമടക്കം 38 റൺസ് എടുത്ത് പുറത്താകാതെ നിന്നു.


ഡൽഹിക്ക് വേണ്ടി അക്സർ പട്ടേൽ മൂന്ന് ഓവറിൽ 13 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ കുൽദീപ് യാദവ് 15 റൺസ് വഴങ്ങി രണ്ട് പേരെ പുറത്താക്കി. ഇഷാന്ത് ശർമ നാലോവറിൽ 19 റൺസ് വഴങ്ങിയാണ് രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്. അന്റിച്ച് നോർട്ജെക്കും ഉണ്ട് രണ്ട് വിക്കറ്റുകൾ.

Tags:    
News Summary - IPL2023: Delhi Capitals vs Kolkata Knight Riders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.