സെഞ്ച്വറിയടിച്ച് ഗില്ലും കോഹ്‌ലിയും; കാര്യവട്ടത്ത് വിൻഡീസിനെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഏകദിന മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. വിൻഡീസ് ഉയർത്തിയ 296 റൺസ് വിജയലക്ഷ്യം, ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും വിരാട് കോഹ്‌ലിയുടെയും സെഞ്ച്വറി കരുത്തിൽ ഇന്ത്യ അനായാസം മറികടന്നു. 41.4 ഓവറിൽ വെറും രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ഇന്ത്യ 8 വിക്കറ്റിന്റെ ആധികാരിക ജയം സ്വന്തമാക്കിയത്. നായകൻ ശുഭ്മാൻ ഗിൽ 110 റൺസെടുത്തപ്പോൾ, 139 റൺസുമായി പുറത്താകാതെ നിന്ന വിരാട് കോഹ്‌ലി മത്സരത്തിലെ ടോപ് സ്കോററായി. ഇന്ത്യൻ ബാറ്റിങ് നിരയുടെ വെടിക്കെട്ടിന് മുന്നിൽ വിൻഡീസ് ബൗളർമാർക്ക് കാര്യമായൊന്നും ചെയ്യാനായില്ല.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിൻഡീസ് നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 295 റൺസ് എടുത്തു. സെഞ്ചുറി നേടിയ ഓപ്പണർ ജസ്റ്റിൻ ഗ്രീവ്സ് (101) ആണ് അവരുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് നാല് വിക്കറ്റ് വീഴ്ത്തി.

തുടക്കത്തിൽ മികച്ച പ്രകടനമാണ് വിൻഡീസ് ഓപ്പണർമാർ കാഴ്ചവെച്ചത്. ജോൺ കാംപ്‌ബെല്ലും ജസ്റ്റിൻ ഗ്രീവ്‌സും ചേർന്ന് ആദ്യ വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി. സ്കോർ 135ൽ നിൽക്കെ 62 റൺസെടുത്ത കാംപ്‌ബെൽ പുറത്തായി. തുടർന്നെത്തിയ കാസി കാർട്ടി (13), ഷായ് ഹോപ് (12) എന്നിവർക്ക് പിടിച്ചുനിൽക്കാനായില്ല. ഒരുവശത്ത് വിക്കറ്റുകൾ വീണപ്പോഴും ഉറച്ചുനിന്ന ഗ്രീവ്സ് 108 പന്തിൽ 101 റൺസ് നേടി പുറത്തായി. ജുവൽ ആൻഡ്രൂ ഗോൾഡൻ ഡക്കായി മടങ്ങിയതോടെ 35.4 ഓവറിൽ 198-5 എന്ന നിലയിൽ വിൻഡീസ് തകർച്ചയെ അഭിമുഖീകരിച്ചു. എന്നാൽ ആറാം വിക്കറ്റിൽ ഒത്തുചേർന്ന റോസ്റ്റൺ ചേസും അമിർ ജാങ്കൂവും ചേർന്ന് ടീമിനെ കരകയറ്റി. ഇരുവരും ചേർന്ന് അർധസെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കി ടീം സ്കോർ 250 കടത്തി. 58 റൺസെടുത്ത അമിർ പുറത്താകാതെ നിന്നതോടെയാണ് വിൻഡീസ് സ്കോർ 295ൽ എത്തിനിന്നത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. സൂക്ഷ്മതയോടെ ബാറ്റേന്തിയ ഇരുവരും എട്ടാം ഓവറിൽ തന്നെ ടീം സ്കോർ അമ്പ കടത്തി. പത്തോവറിൽ സ്കോർ 70ൽ എത്തിച്ചെങ്കിലും, 12-ാം ഓവറിൽ 32 റൺസെടുത്ത രോഹിത് ശർമ പുറത്തായി. തുടർന്ന് രണ്ടാം വിക്കറ്റിൽ ഒന്നിച്ച വിരാട് കോഹ്‌ലിയും ഗില്ലും വിൻഡീസ് ബൗളർമാരെ അനായാസം നേരിട്ടു. 16 ഓവർ പിന്നിടുമ്പോൾ ഇന്ത്യ ഒരു വിക്കറ്റിന് 100 റൺസ് എന്ന നിലയിലായിരുന്നു. കൃത്യമായ റൺറേറ്റിൽ മുന്നേറിയ ഇരുവരും വിൻഡീസിന്റെ എല്ലാ തന്ത്രങ്ങളെയും പൊളിച്ചടുക്കി. 25 ഓവറിൽ സ്കോർ 158-1 എന്ന നിലയിലെത്തി. അർധസെഞ്ച്വറി പൂർത്തിയാക്കിയ ഗിൽ സെഞ്ചുറിയിലേക്ക് കുതിച്ചപ്പോൾ, കോഹ്‌ലി മൈതാനത്ത് ബൗണ്ടറികൾ പായിച്ച് ആവേശം തീർത്തു. 27-ാം ഓവറിലെ ആദ്യ പന്ത് അൽസാരി ജോസഫിനെ സിക്സറടിച്ചാണ് കോഹ്‌ലി അർധസെഞ്ചുറിയിലെത്തിയത്. 28, 29 ഓവറുകളിലായി യഥാക്രമം 10 ഉം 14 ഉം റൺസ് പിറന്നതോടെ 30 ഓവറിൽ ഇന്ത്യ 196 റൺസിലെത്തി.

31-ാം ഓവറിൽ 96 പന്തുകളിൽ നിന്ന് ശുഭ്മാൻ ഗിൽ തന്റെ സെഞ്ചുറി തികച്ചു. തുടർന്ന് കോഹ്‌ലിയുടെ തകർപ്പൻ പ്രകടനത്തിനാണ് കാര്യവട്ടം സാക്ഷ്യം വഹിച്ചത്. 32, 34 ഓവറുകളിൽ റോസ്റ്റൺ ചേസിനെതിരെ കോലി പന്ത് അതിർത്തികടത്തി. അധികം വൈകാതെ 110 റൺസെടുത്ത ഗിൽ പുറത്തായി. മൂന്നാം വിക്കറ്റിൽ ഋതുരാജ് ഗെയ്ക്വാദിനെ കൂട്ടുപിടിച്ച് കോലി തന്റെ വെടിക്കെട്ട് ബാറ്റിങ് തുടർന്നു. 74 പന്തുകളിൽ നിന്ന് കരിയറിലെ 55-ാം ഏകദിന സെഞ്ചുറിയാണ് കോലി സ്വന്തമാക്കിയത്. സെഞ്ചുറിക്കുശേഷവും വിൻഡീസ് ബൗളർമാരെ നിഷ്പ്രഭമാക്കിയ കോലി, ഒടുവിൽ 88 പന്തിൽ നിന്ന് 139 റൺസുമായി പുറത്താകാതെ നിന്ന് ഇന്ത്യയെ വിജയതീരത്തെത്തിച്ചു.

Tags:    
News Summary - India Beats West Indies by 8 Wickets as Shubman Gill and Virat Kohli Hit Centuries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.