59 റൺസകലെ 15000: കാര്യവട്ടത്ത് ചരിത്രം കുറിക്കാൻ കോഹ്‌ലി
തിരുവനന്തപുരം: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ഒന്നാം ഏകദിനം തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കെ സൂപ്പർ താരം വിരാട് കോഹ്‌ലിയെ കാത്തിരിക്കുന്നത് അപൂർവ റെക്കോഡ്. മത്സരത്തിൽ 59 റൺസ് നേടിയാൽ ഇന്ത്യൻ മുൻ നായകന് ഏകദിന ക്രിക്കറ്റിൽ 15000 റൺസ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കാൻ സാധിക്കും. നിലവിൽ 50 ഓവർ ക്രിക്കറ്റിൽ ഈ നാഴികക്കല്ല് പിന്നിട്ടിട്ടുള്ളത് ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർ മാത്രമാണ്.
ഏകദിന ക്രിക്കറ്റിൽ കോഹ്‌ലി 302 ഇന്നിങ്‌സുകളിൽ നിന്ന് 14941 റൺസ് നേടിയിട്ടുണ്ട്. 58.59 ശരാശരിയിൽ 54 സെഞ്ച്വറികളും 79 സെഞ്ച്വറികളുമാണ് താരത്തിനുള്ളത്. ഏകദിന റൺവേട്ടക്കാരിൽ 18426 റൺസ് നേടിയ സചിൻ മാത്രമാണ് കോഹ്‌ലിയ്ക്ക് മുന്നിലുള്ളത്.
കാര്യവട്ടത്തെ മത്സരത്തിൽ 59 റൺസ് നേടിയാൽ സചിനെ മറികടന്ന് ഏറ്റവും വേഗത്തിൽ 15000 റൺസ് പൂർത്തിയാക്കുന്ന താരം എന്ന നേട്ടവും കോഹ്‌ലിയ്ക്ക് സ്വന്തം പേരിൽ കുറിക്കാൻ സാധിക്കും. 2007ൽ തന്റെ 377 -ാം ഇന്നിങ്‌സിലാണ് സചിൻ ഈ നേട്ടത്തിലെത്തിയത്.
ഇതിന് പുറമെ, ഈ പരമ്പരയിൽ സചിന്റെ മറ്റൊരു റെക്കോഡും കോഹ്‌ലിയ്ക്ക് മറികടക്കാൻ സാധിക്കും. സ്വന്തം നാട്ടിൽ ഏറ്റവും കൂടുതൽ ഏകദിന റൺസ് നേടുന്ന താരമെന്ന റെക്കോഡാണ് താരത്തിന് മുന്നിലുള്ളത്. ഇന്ത്യയിൽ സചിൻ 6,976 ഏകദിന റൺസ് നേടിയിട്ടുണ്ട്. കോഹ്‌ലിയ്ക്ക് ഇന്ത്യയിൽ 110 റൺസ് കൂടി നേടിയാൽ ഈ നേട്ടം തന്റെ പേരിലാക്കാം. 127 ഇന്നിങ്‌സുകളിൽ നിന്ന് 27 സെഞ്ച്വറികളും 36 അർദ്ധ സെഞ്ച്വറികളും അടക്കം 6,867 റൺസാണ് ഇന്ത്യയിലെ താരത്തിന്റെ സമ്പാദ്യം.
കൂടാതെ, വിൻഡീസിനെതിരെ മികച്ച റെക്കോഡുള്ള കോഹ്‌ലിയ്ക്ക് മറ്റൊരു റെക്കോഡ് കൂടി സ്വന്തമാക്കാനുള്ള അവസരമുണ്ട്. പരമ്പരയിൽ ഒരു സെഞ്ച്വറി അടിച്ചാൽ വിൻഡീസിനെതിരെ ഏകദിനത്തിൽ പത്ത് സെഞ്ച്വറികൾ പൂർത്തിയാക്കാം. അങ്ങനെയെങ്കിൽ ഏകദിന ക്രിക്കറ്റ് ചരിത്രത്തിൽ രണ്ട് വ്യത്യസ്ത ടീമുകൾക്കെതിരെ പത്ത് സെഞ്ച്വറികൾ നേടുന്ന ആദ്യ താരമായി കോഹ്‌ലി മാറും. നിലവിൽ താരത്തിന് ശ്രീലങ്കക്കെതിരെ പത്ത് ഏകദിന സെഞ്ച്വറികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.