ഐ.പി.എൽ വിജയാഘോഷ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം നൽകുമെന്ന് ആർ.സി.ബി

ബംഗളൂരു: ഐ.പി.എൽ കിരീട വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം രൂപനഷ്ടപരിഹാരം നൽകുമെന്ന് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആർ.സി.ബി). ജൂൺ നാലിനുണ്ടായ ദുരന്തത്തിൽ 11 പേരാണ് മരിച്ചത്.

നേരത്തെ പ്രഖ്യാപിച്ച 10 ലക്ഷത്തിനു പുറമെയാണ് 25 ലക്ഷം കൂടി നൽകുന്നത്. ‘ജൂൺ നാലിന് ഞങ്ങളുടെ ഹൃദയം തകർന്നു’ -ശനിയാഴ്ച രാവിലെ ടീം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആർ.സി.ബി കന്നിക്കിരീടമുയർത്തിയതിന്റെ ആവേശത്തിൽ ആയിരക്കണക്കിന് പേർ എത്തിയതാണ് ദുരന്തത്തിന് കാരണമായത്. ചിന്നസ്വാമി സ്റ്റേഡിയത്തിന്റെ മൂന്നാം കവാടത്തിന് സമീപത്താണ് ദാരുണാപകടം. ‘ആർ.സി.ബി കുടുംബത്തിലെ 11 അംഗങ്ങളെ ഞങ്ങൾക്ക് നഷ്ടമായി. അവർ കുടുംബാംഗമായിരുന്നു. നമ്മുടെ നഗരത്തെയും ടീമിനെയും അതുല്യമാക്കുന്നതിൽ വലിയ പങ്കുവഹിച്ചവരാണ്. അവരുടെ അഭാവം നമ്മുടെ ഓർമകളിൽ എന്നും പ്രതിധ്വനിക്കും’ -ആർ.സി.ബിയുടെ പത്രക്കുറിപ്പിൽ പറയുന്നു.

ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പണം നൽകുന്നത് സാമ്പത്തിക സഹായമായിട്ടല്ല, മറിച്ച് അനുകമ്പയുടെയും ഐക്യത്തിന്റെയും തുടർച്ചയായ പരിചരണത്തിന്റെയും വാഗ്ദാനമായിട്ടാണെന്നും കുറിപ്പിൽ വ്യക്തമാക്കി. ഒരുതരത്തിലുള്ള സാമ്പത്തിക സഹായവും അവർ വരുത്തിയ വിടവിന് പകരമാകില്ല. പക്ഷേ, ആദ്യഘട്ടമെന്ന നിലയിലും ഏറെ ബഹുമാത്തോടെയുമാണ് ആർ.സി.ബി 25 ലക്ഷം രൂപ കുടുംബത്തിന് കൈമാറുന്നതെന്നും ടീം അധികൃതർ വ്യക്തമാക്കി. സംഭവം കർണാടകയിൽ വലിയ രാഷ്ട്രീയ വിവാദത്തിന് ഇടയാക്കിയിരുന്നു.

ദുരന്തത്തിന് കാരണം ഭരണകക്ഷിയായ കോൺഗ്രസാണെന്നാണ് ബി.ജെ.പി കുറ്റപ്പെടുത്തിയത്. ദുരന്തം നടക്കുമ്പോൾ ചിന്നസ്വാമി സ്റ്റേഡിയത്തിനകത്ത് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നുവെന്നാണ് ബി.ജെ.പി ആരോപണം. സിറ്റി പൊലീസ് കമീഷണർ അഭ്യർഥിച്ചിട്ടാണ് താൻ സ്റ്റേഡിയത്തിലേക്ക് പോയതെന്ന് ശിവകുമാർ കഴിഞ്ഞയാഴ്ച വിശദീകരിച്ചിരുന്നു.

Tags:    
News Summary - IPL 2025 winner announces 25 lakh for families of Bengaluru stampede victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.