ലഖ്നോ പ്ലേ ഓഫ് കാണാതെ പുറത്ത്; ഹൈദരാബാദിന് ആറു വിക്കറ്റ് ജയം

ലഖ്നോ: ഐ.പി.എല്ലിൽ പ്ലേ ഓഫ് കാണാതെ ലഖ്നോ സൂപ്പർ ജയന്‍റ്സ് പുറത്ത്. പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ജയം അനിവാര്യമായിരുന്ന നിർണായക മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് ആറ് വിക്കറ്റിന് തോറ്റു.

ഹൈദരാബാദ് നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലഖ്നോ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഹൈദരാബാദ് 18.2 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. അഭിഷേക് ശർമയുടെ വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് ഹൈദരബാദിനെ ജയിപ്പിച്ചത്. 20 പന്തിൽ ആറു സിക്സും നാലു ഫോറുമടക്കം 59 റൺസെടുത്തു. ഹെൻറിച്ച് ക്ലാസനും തിളങ്ങി. 28 പന്തിൽ ഒരു സിക്സും നാലു ഫോറുമടക്കം 47 റൺസെടുത്താണ് താരം പുറത്തായത്. ഇഷാൻ കിഷൻ (28 പന്തിൽ 35), കാമിന്ദു മെൻഡിസ് (21 പന്തിൽ 32, റിട്ടയേർഡ് ഔട്ട്) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.

അതർവ തയ്ഡെയാണ് (ഒമ്പത് പന്തിൽ 13) പുറത്തായ മറ്റൊരു താരം. അഞ്ചു റണ്ണമായി അനികേത് വർമയും അഞ്ചു റണ്ണുമായി നിതീഷ് കുമാർ റെഡ്ഡിയും പുറത്താകാതെ നിന്നു. ലഖ്നോവിനായി ദിഗ്വേഷ് രതി രണ്ടും വിൽ ഒറൂർക്കെ, ഷാർദുൽ ഠാക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ, ഓപ്പണർമാരായ മിച്ചൽ മാർഷിന്‍റെയും എയ്ഡൻ മാർക്രമിന്‍റെയും അർധ സെഞ്ച്വറിയാണ് ലഖ്നോവിനെ 200 കടത്തിയത്. മാർഷ് 39 പന്തിൽ നാലു സിക്സും ആറു ഫോറുമടക്കം 65 റൺസെടുത്തു. മാർക്രം 38 പന്തിൽ നാലു വീതം സിക്സും ഫോറുമടക്കം 61 റൺസെടുത്തു. നിക്കോളാസ് പൂരനും തിളങ്ങി, 26 പന്തിൽ 45 റൺസെടുത്ത താരം റണ്ണൗട്ടാകുകയായിരുന്നു. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ജയം അനിവാര്യമായ മത്സരത്തിൽ ലഖ്നോവിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും 10.3 ഓവറിൽ 115 റൺസാണ് അടിച്ചെടുത്തത്. പവർ പ്ലേയിൽ 69 റൺസ് നേടി. മാർഷിനെ ഇഷാൻ മലിംഗയുടെ കൈകളിലെത്തിച്ച് ഹർഷ് ദുബെയാണ് ഹൈദരാബാദിന് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. നായകൻ ഋഷഭ് പന്ത് ഒരിക്കൽകൂടി നിരാശപ്പെടുത്തി.

ആറു പന്തിൽ ഏഴു റൺസാണ് താരത്തിന്‍റെ സമ്പാദ്യം. പന്തെറിഞ്ഞ മലിംഗ തന്നെ ക്യാച്ചെടുത്താണ് പന്തിനെ മടക്കിയത്. പിന്നാസെ മാർക്രം ഹർഷൽ പട്ടേലിന്‍റെ പന്തിൽ ബൗൾഡായി പുറത്തായതോടെ ടീമിന്‍റെ സ്കോറിങ് വേഗതയും കുറഞ്ഞു. അഞ്ചു പന്തിൽ മൂന്നു റൺസെടുത്ത് ആയുഷ് ബദോനി പുറത്തായി. അബ്ദുൽ സമദ് (ആറു പന്തിൽ മൂന്ന്), ഷാർദൂൽ ഠാക്കൂർ (ഒരു പന്തിൽ നാല്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ആകാശ് ദീപ് ആറു റൺസുമായും രവി ബിഷ്ണോയി റണ്ണൊന്നും എടുക്കാതെയും പുറത്താകാതെ നിന്നു. ഹൈദരാബാദിനായി മലിംഗ രണ്ടു വിക്കറ്റും ദുബെ, പട്ടേൽ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ, ടോസ് നേടിയ ഹൈദരാബാദ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ലഖ്നോവിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

Tags:    
News Summary - IPL 2025: Sunrisers Hyderabad beat Lucknow Super Giants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.