ഐ.പി.എൽ പ്ലേ ഓഫിലേക്കുള്ള നേരിയ സാധ്യത പോലും ഇല്ലാതാക്കി രാജസ്ഥാൻ റോയൽസിന് മുംബൈ ഇന്ത്യൻസിനെതിരെ വമ്പൻ പരാജയം. 100 റൺസിനാണ് രാജസ്ഥാനെ ഹാർദ്ദിക്കും സംഘവും തകർത്തുവിട്ടത്. രാജസ്ഥാൻ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകർന്ന മത്സരത്തിൽ വെറും 117 റൺസിനാണ് എല്ലാവരും പുറത്തായത്. സ്കോർ: മുംബൈ 217/2 (20 ഓവർ), രാജസ്ഥാൻ 117ന് എല്ലാവരും പുറത്ത് (16.1 ഓവർ).
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ പരാജയമായ രാജസ്ഥാനെയാണ് ഇന്നലെ ഗ്രൗണ്ടിൽ കണ്ടത്. അതേസമയം, മുംബൈയാകട്ടെ, ഐ.പി.എല്ലിലെ തോൽവികളിൽ നിന്നുള്ള തിരിച്ചുവരവിൽ മിന്നുന്ന ഫോമിലുമാണ്. മുംബൈക്ക് വേണ്ടി ഓപ്പണർമാരായ റയാൻ റിക്കിൾട്ടണും രോഹിത് ശർമയും മികച്ച തുടക്കമാണ് നൽകിയത്. 38 പന്തിൽ 61 റൺസെടുത്ത റിക്കിൾട്ടണും 36 പന്തിൽ 53 റൺസെടുത്ത റോഹിതും റൺനിരക്ക് ഉയർത്തി. 116 റൺസാണ് ആദ്യവിക്കറ്റിൽ കൂട്ടിച്ചേർത്തത്.
ഇരുവരും പുറത്തായ ശേഷമെത്തിയ സൂര്യകുമാർ യാദവും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയും കൂറ്റനടികളിലൂടെ റൺവേട്ട പൂർത്തിയാക്കി. 23 പന്തുകൾ വീതം നേരിട്ട ഇരുവരും 48 വീതം റൺസെടുത്തു. വിക്കറ്റ് വീഴ്ത്താനാകാതെ കിതച്ച രാജസ്ഥാൻ ബൗളർമാർ തല്ലുകൊണ്ട് വലഞ്ഞു. രണ്ടോവറിൽ 12 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ റയാൻ പരാഗ് മാത്രമാണ് മികവ് കാട്ടിയത്.
മറുപടി ബാറ്റിങ്ങിൽ ആദ്യ ഓവറിൽ തന്നെ ദീപക് ചഹാർ രാജസ്ഥാനെ ഞെട്ടിച്ചു. കഴിഞ്ഞ മത്സരത്തിലെ റെക്കോഡ് സെഞ്ച്വറിക്കാരനായ കൗമാരതാരം വൈഭവ് സൂര്യവംശിയെ ഇത്തവണ റണ്ണൊന്നുമെടുക്കും മുമ്പ് നാലാംപന്തിൽ വിൽ ജാക്സിന്‍റെ കയ്യിലെത്തിച്ചു. അടുത്ത ഓവറിൽ യാശ്വസി ജയ്സ്വാളിന്‍റെ കുറ്റി തെറിപ്പിച്ചു ട്രെന്‍റ് ബോൾട്ട്. ഫോമിലല്ലാത്ത നിതീഷ് റാണയും ബോൾട്ടിന് കീഴടങ്ങി. റയാൻ പരാഗ് പ്രതീക്ഷ നൽകിയെങ്കിലും 16 റൺസെടുത്ത് പുറത്തായി. 11 റൺസെടുത്ത് ധ്രുവ് ജുറെലും നേരിട്ട ആദ്യ പന്തിൽ ഷിമ്റോൺ ഹെറ്റ്മയറും പുറത്തായതോടെ രാജസ്ഥാൻ പരാജയം ഉറപ്പിച്ചു. 30 റൺസെടുത്ത ജോഫ്ര ആർച്ചർ മാത്രമാണ് പിടിച്ചുനിൽക്കാൻ ശ്രമിച്ചത്. ഒടുവിൽ 16.1 ഓവറിൽ 117 റൺസിന് രാജസ്ഥാൻ താരങ്ങളെല്ലാം പുറത്തായി. മുംബൈക്കായി ട്രെന്‍റ് ബോൾട്ടും കരൺ ശർമയും മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.
തോൽവിയോടെ ഐ.പി.എൽ പ്ലേ ഓഫിൽ നിന്ന് പുറത്താകുന്ന രണ്ടാമത്തെ ടീമായി രാജസ്ഥാൻ. എം.എസ്. ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സാണ് ആദ്യം പുറത്തായ ടീം. രാജസ്ഥാൻ പുറത്തായതോടെ ആരാധകർ കലിപ്പിലാണ്. നേരത്തെ ടീമിലുണ്ടായിരുന്ന മികച്ച താരങ്ങളെ വിട്ടുകൊടുത്തതാണ് പരാജയ കാരണമെന്നും, തുടർച്ചയായി മോശം ഫോമിലുള്ള താരങ്ങളെ മാറ്റിനിർത്താൻ പോലും ടീം തയാറായില്ലെന്നും ആരാധകർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.