ധരംശാല: ഇന്ത്യൻ പ്രീമിയർ ലീഗിൽ മോശം ഫോമിൽ തുടരുന്ന ലഖ്നോ സൂപ്പർ ജയന്‍റ്സ് നായകൻ ഋഷഭ് പന്തിന് സമൂഹമാധ്യമങ്ങളിൽ ട്രോൾ നിറയുകയാണ്. സീസണിൽ നാലാം തവണ മാത്രം രണ്ടക്കം കടന്ന പന്തിനെ, നാലാം സെഞ്ച്വറി കണ്ടെത്തിയെന്നാണ് വിമർശകർ പരിഹസിക്കുന്നത്. സീസണു മുന്നോടിയായി നടന്ന മെഗാലേലത്തിൽ 27 കോടി രൂപക്കാണ് എൽ.എസ്.ജി പന്തിനെ ടീമിലെത്തിച്ചത്. കഴിഞ്ഞ ദിവസം പഞ്ചാബ് കിങ്സിനെതിരെ താരത്തിന് നേടാനായത് 17 പന്തിൽ 18 റൺസാണ്. ഇതിനിടെ മത്സരത്തിൽ താരം പുറത്താകുന്നതിന്‍റെ വിഡിയോയും വൈറലായി.
സൂപ്പർ ജയന്‍റ്സിന്‍റെ ഇന്നിങ്സിൽ എട്ടാം ഓവറിലാണ് പന്ത് പുറത്താകുന്നത്. കൂറ്റൻ ഷോട്ടിന് ശ്രമിച്ച താരത്തെ അസ്മത്തുല്ല ഒമർസായി, ശശാങ്ക് സിങ്ങിന്‍റെ കൈകളിൽ എത്തിക്കുകയായിരുന്നു. ഇതിനിടെ പന്തിന് കൈവഴുതി ബാറ്റ് ആകാശത്തേക്കുയരുന്നതും ദൃശ്യങ്ങളിൽ കാണാം. ബാറ്റ് സ്ക്വയർ ലെഗിലേക്ക് പോയപ്പോൾ, പന്ത് ഡീപ് പോയിന്‍റിൽ ശശാങ്ക് കൈകളിലൊതുക്കി. വിഡിയോ കാണാം:
മത്സരത്തിൽ 37 റൺസിന് ജയിച്ച പഞ്ചാബ് കിങ്സ് പോയിന്‍റ് ടേബിളിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. പഞ്ചാബ് ഉയർത്തിയ 237 റൺസിന്‍റെ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ലഖ്നോവിന്‍റെ ഇന്നിങ്സ് 199ൽ അവസാനിച്ചു. പഞ്ചാബിനായി ഓപണർ പ്രഭ്സിമ്രാൻ സിങ് (91), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (45) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ലഖ്നോവിനായി ആയുഷ് ബദോനിയും (74), അബ്ദുൽ സമദും മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.