ബ്രെവിസ് 25 പന്തിൽ 52 റൺസ്; ചെന്നൈക്ക് രണ്ട് വിക്കറ്റ് ജയം; കൊൽക്കത്തയുടെ പ്ലേ ഓഫ് തുലാസിൽ

കൊൽക്കത്ത: ഐ.പി.എല്ലിലെ ആവേശപോരിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് രണ്ടു വിക്കറ്റ് ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകൾ ബാക്കി നിൽക്കെ ചെന്നൈ മറികടന്നു.

തോല്‍വിയോടെ കൊല്‍ക്കത്തയുടെ പ്ലേ ഓഫ് പ്രതീക്ഷകളും തുലാസിലായി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ചെന്നൈ 19.4 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. ഡെവാൾഡ് ബ്രെവിസിന്‍റെയും ശിവം ദുബെയുടെയും തകർപ്പൻ ബാറ്റിങ്ങാണ് ചെന്നൈക്ക് ജയം സമ്മാനിച്ചത്. ബ്രെവിസ് 25 പന്തിൽ നാലു സിക്സും നാലു ഫോറുമടക്കം 52 റൺസെടുത്തു. ദുബെ 40 പന്തിൽ 45 റൺസെടുത്തു.

ചെന്നൈ തുടക്കത്തില്‍ തന്നെ പതറി. രണ്ടാം പന്തില്‍ യുവതാരം ആയുഷ് മാത്രെ (0) പുറത്ത്. പിന്നാലെ ഡെവോൺ കോണ്‍വേയും ഡക്കായി മടങ്ങി. ഉർവിൽ പട്ടേലിന്‍റെ വെടിക്കെട്ട് 11 പന്തിൽ 31 റൺസിൽ അവസാനിച്ചു. ഏഴു പന്തിൽ എട്ടു റൺസുമായി ആർ. അശ്വിനും പുറത്തായതോടെ ചെന്നൈ സ്കോർ നാലു വിക്കറ്റ് നഷ്ടത്തിൽ 56 റൺസ്. അധികം വൈകാതെ 10 പന്തിൽ 19 റൺസുമായി രവീന്ദ്ര ജദേജയും മടങ്ങി. ബ്രെവിസിന്‍റെയും ഇംപാക്ട് പ്ലെയർ ശിവം ദുബെയുടെയും തകർപ്പൻ ബാറ്റിങ്ങാണ് ചെന്നൈയെ കരകയറ്റിയത്.

ഒരു വശത്ത് ദുബെയെ നിര്‍ത്തിക്കൊണ്ട് ബ്രെവിസ് കൊല്‍ക്കത്ത ബൗളര്‍മാരെ തല്ലികതർത്തു. വൈഭവ് അറോറ എറിഞ്ഞ 11ാം ഓവറില്‍ മൂന്ന് സിക്‌സും മൂന്ന് ഫോറുമടക്കം 30 റൺസാണ് അടിച്ചെടുത്തത്. താരം 22 പന്തില്‍ അര്‍ധ സെഞ്ച്വറിയും തികച്ചു. അവസാന ഓവറിൽ ജയിക്കാൻ എട്ടു റൺസാണ് വേണ്ടിയിരുന്നത്. ആദ്യ പന്ത് സിക്‌സടിച്ച് ധോണി കളി ചെന്നൈക്ക് അുകൂലമാക്കി.

കൊൽക്കത്തക്കായി വൈഭവ് അറോറ മൂന്നു വിക്കറ്റ് നേടി. ഹർഷിത് റാണ, വരുൺ ചക്രവർത്തി എന്നിവർ രണ്ടു വിക്കറ്റ് വീതവും മുഈൻ അലി ഒരു വിക്കറ്റും നേടി.

നായകൻ അജിങ്ക്യ രഹാനെയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. 33 പന്തിൽ രണ്ടു സിക്സും നാലു ഫോറുമടക്കം 48 റൺസെടുത്തു. ആന്ദ്രെ റസ്സലും മനീഷ് പാണ്ഡെയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. റസ്സൽ 21 പന്തിൽ 38 റൺസെടുത്തു. മനീഷ് 28 പന്തിൽ 36 റൺസുമായി പുറത്താകാതെ നിന്നു. ചെന്നൈക്കായി നൂർ അഹ്മദ് നാലു ഓവറിൽ 31 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു.

റഹ്മാനുല്ല ഗുർബാസ് (ഒമ്പത് പന്തിൽ 11), സുനിൽ നരെയ്ൻ (17 പന്തിൽ 26), അംഗ്രിഷ് രഘുവംശി (രണ്ടു പന്തിൽ ഒന്ന്), റിങ്കു സിങ് (ആറു പന്തിൽ ഒമ്പത്) എന്നിവരാണ് പുറത്തായ താരങ്ങൾ. നാലു റണ്ണുമായി രമൺദീപ് സിങ് പുറത്താകാതെ നിന്നു. ചെന്നൈക്കായി അൻശുൽ കംബോജ്, രവീന്ദ്ര ജദേജ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

Tags:    
News Summary - IPL 2025: Chennai Super Kings beat Kolkata Knight Riders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.