ബംഗളൂരുവിനെതിരെ ചെന്നൈക്ക് 219 റൺസ് വിജയലക്ഷ്യം; 201 റൺസെടുത്താൽ ചെന്നൈ പ്ലേ ഓഫിൽ

ബംഗളൂരു: ഐ.പി.എല്ലിൽ പ്ലേ ഓഫിലേക്കുള്ള നാലാം ടീമിനെ തീരുമാനിക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 219 റൺസ് വിജയം ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരു 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 218 റൺസെടുത്തു. നായകൻ ഫാഫ് ഡുപ്ലെസിസ് അർധ സെഞ്ച്വറി നേടി. 39 പന്തിൽ മൂന്നു വീതം സിക്സും ഫോറുമടക്കം 54 റൺസെടുത്തു. കാമറൂൺ ഗ്രീൻ 17 പന്തിൽ 38 റൺസെടുത്ത് പുറത്താകാതെ നിന്നു.

200 റൺസിനുള്ളിൽ ചെന്നൈയെ പിടിച്ചുകെട്ടിയാൽ ബംഗളൂരുവിന് പ്ലേ ഓഫിലെത്താനാകും. എന്നാൽ 201 റൺസ് നേടിയാൽ മതി ചെന്നൈക്ക് അവസാന നാലിലെത്താൻ. ഓപ്പണർമാരായ വിരാട് കോഹ്ലിയും ഡുപ്ലെസിസും ബംഗളൂരുവിന് മികച്ച തുടക്കം നൽകി. ഇരുവരും ഒന്നാം വിക്കറ്റിൽ 9.4 ഓവറിൽ 78 റൺസെടുത്തു. വമ്പനടിക്ക് ശ്രമിച്ച കോഹ്ലി മിച്ചൽ സാന്‍റനറുടെ പന്തിൽ ഡാരിൽ മിച്ചലിന് ക്യാച്ച് നൽകി മടങ്ങി. 29 പന്തിൽ നാലു സിക്സും മൂന്നു ഫോറുമടക്കം 47 റൺസെടുത്തു. പിന്നാലെ നായകൻ ഡുപ്ലെസിസ് രജത് പട്ടീദാറിനെ കൂട്ടുപിടിച്ച് ടീം സ്കോർ മുന്നോട്ടുകൊണ്ടുപോയി. സ്കോർ 113ൽ എത്തിനിൽക്കെ നോൺ സ്ട്രൈക്കിങ് എൻഡിലുണ്ടായിരുന്ന ഡുപ്ലെസിസ് വിവാദ റണ്ണൗട്ടിൽ പുറത്തായി. പട്ടീദാറിന്‍റെ ഷോട്ട് പന്തെറിഞ്ഞ സാന്‍റനറുടെ കൈയിൽ തട്ടി സ്റ്റമ്പിൽ തട്ടുകയായിരുന്നു.

ഏറെ നേരത്തെ റിവ്യൂ പരിശോധനക്കുശേഷം മൂന്നാം അമ്പയർ ഔട്ട് വിധിച്ചത് ബംഗളൂരു ക്യാമ്പിൽ ഞെട്ടലുണ്ടാക്കി. പിന്നീട് പട്ടീദാറും കാമറൂൺ ഗ്രീനും വമ്പനടികളുമായി കളംനിറഞ്ഞു. ഇരുവരും 21 പന്തിൽ 50 റൺസാണ് അടിച്ചെടുത്തത്. മൂന്നാം വിക്കറ്റിൽ 71 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഇവർ പിരിഞ്ഞത്. ഷാർദൂൽ ഠാക്കൂറിന്‍റെ പന്തിൽ മിച്ചലിന് ക്യാച്ച് നൽകി പട്ടീദാർ മടങ്ങി. 23 പന്തിൽ നാലു സിക്സും രണ്ടു ഫോറുമടക്കം 41 റൺസെടുത്താണ് താരം പുറത്തായത്. ദിനേശ് കാർത്തിക് ആറു പന്തിൽ 14 റൺസെടുത്തും ഗ്ലെൻ മാക്സ് വെൽ അഞ്ചു പന്തിൽ 16 റൺസെടുത്തും പുറത്തായി. മഹിപാൽ ലോംറോർ റണ്ണൊന്നും എടുക്കാതെ പുറത്താകാതെ നിന്നു.

ബംഗളൂരുവിനായി ഷാർദൂൽ ഠാക്കൂർ രണ്ടു വിക്കറ്റും സാന്‍റനർ, തുഷാർ ദേശ്പാണ്ഡെ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. മൂന്നാം ഓവർ പൂർത്തിയാകുമ്പോൾ മഴ പെയ്തതോടെ മത്സരം അൽപസമയം തടസ്സപ്പെട്ടിരുന്നു.

മത്സരം ജയിച്ചാലും മഴമൂലം ഉപേക്ഷിച്ചാലും ചെന്നൈ പ്ലേ ഓഫിലെത്തും. തോൽവി വഴങ്ങിയാൽപോലും വലിയ മാർജിനിൽ അല്ലെങ്കിൽ സി.എസ്.കെക്ക് അവസരമുണ്ട്. നിലവിൽ അവർക്ക് 14 പോയന്റും ബംഗളൂരുവിന് 12 പോയന്റുമാണുള്ളത്. നിലവിൽ ചെന്നൈ റൺറേറ്റ് +0.528ഉം ആർ.സി.ബിയുടേത് +0.387ഉം ആണ്. അതേസമയം, ബംഗളൂരുവിന് ചെന്നൈക്കെതിരെ ജയം മാത്രം പോര. 18 റൺസിനെങ്കിലും ജയിച്ചാൽ മാത്രമേ ബംഗളൂരുവിന് പ്ലേ ഓഫിലെത്താനാകു.

Tags:    
News Summary - IPL 2024: RCB Post 218/5

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.