റസലിന്‍റെ റണ്ണൊഴുക്കിന് ക്ലാസന്‍റെ തിരിച്ചടി, അവസാന പന്തിൽ ആവേശ ജയം പിടിച്ച് കൊൽക്കത്ത

കൊൽക്കത്ത: ആന്ദ്രേ റസലിൻ്റെയും ഹീൻറിച്ച് ക്ലാസൻ്റെയും വെടിക്കെട്ട് പ്രകടനങ്ങൾ 'ഏറ്റുമുട്ടിയ' ഐ.പി.എല്ലിലെ തങ്ങളുടെ ആദ്യ കളിയിൽ ആവേശ ജയത്തോടെ തുടങ്ങി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. അവസാന പന്തു വരെ ഉദ്വേഗം മുറ്റി നിന്ന മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ കേവലം നാലു റണ്ണുകൾക്കാണ് കൊൽക്കത്ത കീഴടക്കിയത്.

വെറും 25 പന്തിൽ മൂന്നു ഫോറും ഏഴു പടുകൂറ്റൻ സിക്സറും പറത്തി റസൽ പുറത്താകാതെ 64 റൺസടിച്ചപ്പോൾ ആദ്യം ബാറ്റു ചെയ്ത നൈറ്റ് റൈഡേഴ്സ് എതിരാളികൾക്കു മുമ്പാകെ 209 റൺസിൻ്റെ ശ്രമകരമായ വിജയലക്ഷ്യം മുമ്പോട്ടു വെക്കുകയായിരുന്നു. ഓപണർ ഫിൽ സാൾട്ടിൻ്റെ (40 പന്തിൽ 54) അർധശതകവും കൊൽക്കത്തക്ക് കരുത്തു പകർന്നു.


മറുപടി ബാറ്റിങ്ങിൽ ഹൈദരാബാദുകാർക്ക് 20 ഓവറിൽ ഏഴു വിക്കറ്റിന് 204 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 29 പന്തിൽ എട്ടു സിക്സടക്കം 63 റൺസ് നേടിയ ക്ലാസൻ്റെ കൂറ്റനടികളാണ് ഹൈദരാബാദുകാരെ വിജയത്തിന് തൊട്ടരികിലെത്തിച്ചത്. ഓപണർമാരായ മായങ്ക് അഗർവാളും അഭിഷേക് ശർമയും 32 റൺസ് വീതമെടുത്തപ്പോൾ 5.2 ഓവറിൽ ഒന്നാം വിക്കറ്റിൽ 60 റൺസ് അടിച്ചുകൂട്ടി സൺറൈസേഴ്സ് തകർപ്പൻ തുടക്കമിട്ടിരുന്നു. എന്നാൽ, ഓപണർമാർക്കു പിന്നാലെ രാഹുൽ ത്രിപാതിയും (20) ഐഡൻ മർക്രാമും (18) മടങ്ങിയതോടെ സ്കോർ നാലിന് 111. ക്ലാസൻ നടത്തിയ തകർപ്പനടികളാണ് സൺറൈസേഴ്സിന് പ്രതീക്ഷ നൽകിയത്. എന്നാൽ, 20-ാം ഓവറിലെ അഞ്ചാം പന്തിൽ ക്ലാസൻ മടങ്ങിയത് അവർക്ക് തിരിച്ചടിയായി. അവസാന പന്തിൽ അഞ്ചു റൺസ് വേണ്ടിയിരിക്കെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിന് റണ്ണെടുക്കാനായില്ല.


നേരത്തേ, എട്ടാം ഓവറിൽ നാലിന് 51 റൺസെന്ന നിലയിൽ പരുങ്ങിയ കൊൽക്കത്തയെ സാൾട്ടും റസലും രമൺ ദീപ് സിങ്ങും (17 പന്തിൽ ഒരു ഫോറും നാലു സിക്സുമടക്കം 35) ചേർന്നാണ് 200 കടത്തിയത്. റിങ്കു സിങ്ങ് 15 പന്തിൽ 23 റൺസെടുത്തു. സുനിൽ നരെയ്ൻ (രണ്ട്), വെങ്കടേഷ് അയ്യർ (ഏഴ്), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (പൂജ്യം), നിതീഷ് റാണ (ഒമ്പത്) എന്നിവർ തീർത്തും പരാജയമായി. സൺറൈസേഴ്സിനു വേണ്ടി ടി. നടരാജൻ മൂന്നു വിക്കറ്റ് വീഴ്ത്തി.

നാളെ നടക്കുന്ന കളികളിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ലഖ്നോ സൂപ്പർ ജയൻ്റ്സിനെയും മുംബൈ ഇന്ത്യൻസ് ഗുജറാത്ത് ടൈറ്റൻസിനെയും നേരിടും.

Tags:    
News Summary - IPL 2024 KKR vs SRH

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.