ഓറഞ്ച് പടയെ കീഴടക്കാനാവുമോ? ഫൈനൽ ബർത്ത് ഉറപ്പിക്കാൻ സഞ്ജുവും സംഘവും ഇന്ന് ഇറങ്ങുന്നു

ചെന്നൈ: ഐ.പി.എൽ 17-ാം സീസൺ അതിന്റെ അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു. ഒന്നാം ക്വാളിഫയർ ജയിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഞായറാഴ്ച നടക്കുന്ന ഫൈനലിന് ടിക്കറ്റെടുത്തു കഴിഞ്ഞു. കലാശപ്പോരാട്ടത്തിനുള്ള രണ്ടാം ടീമിനെ ഉറപ്പിക്കാനുള്ള ക്വാളിഫയർ മത്സരത്തിന് ഇന്ന് ചെന്നൈ എം.എ.ചിദംബരം സ്റ്റേഡിയം സാക്ഷിയാകും. മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്സ് ഹൈദരാബാദിനെയാണ് രാത്രി 7.30ന് ആരംഭിക്കുന്ന നിർണായക മത്സരത്തിൽ നേരിടുന്നത്.

ടൂർണമെന്റിന്റെ ആദ്യ പകുതിയിൽ വൻ കുതിപ്പു നടത്തിയ രാജസ്ഥാനു പിന്നീട് ആ ഫോം നിലനിർത്താൻ കഴിയാതെ പോയത് ആശങ്കയായിട്ടുണ്ട്. ജോസ് ബട്ട്ലറുടെ അഭാവത്തിൽ ടീമിലെത്തിയ ഓപ്പണർ ടോം കോഹ്‌ലര്‍-കഡ്‌മോര്‍ ഫോമിലേക്ക് ഉയരാത്തതും ടീമിന് തലവേദനയാണ്. എന്നാൽ റോയൽ ചലഞ്ചേഴ്സിനെതിരെ ഫോമിലേക്കുയർന്ന യശസ്വി ജയ്സ്വാൾ ഉൾപ്പെടെയുള്ള താരങ്ങൾ ടീമിന് പ്രതീക്ഷ പകരുന്നുണ്ട്. രവിചന്ദ്രൻ അശ്വിനും യുസ്വേന്ദ്ര ചഹലും ഉൾപ്പെടുന്ന ബൗളിങ് ഡിപ്പാർട്ട്മെന്റും രാജസ്ഥാന്റെ പ്രതീക്ഷയുയർത്തുന്നു.

മറുഭാഗത്ത് കരുത്തുറ്റ ബാറ്റിങ് നിരയുമായാണ് സൺറൈസേഴ്സ് ടൂർണമെന്റിൽ ഈ ഘട്ടം വരെ എത്തിയത്. അഭിഷേക് ശർമയും ട്രാവിസ് ഹെഡും ആരംഭിക്കുന്ന ബാറ്റിങ് വെടിക്കെട്ട് പിന്നീട് എയ്ഡൻ മാർക്രം, ഹെയ്ൻറിച് ക്ലാസൻ തുടങ്ങിയവർ ഏറ്റെടുക്കുന്നതോടെ പടുകൂറ്റൻ ഇന്നിങ്സ് സൃഷ്ടിക്കാൻ കെൽപുള്ള ടീമായി ഓറഞ്ച് പട മാറുന്നു. റണ്ണൊഴുക്കിന് തടയിടാൻ രാജസ്ഥാൻ ബോളർമാർക്ക് കഴിഞ്ഞില്ലെങ്കിൽ ചെപ്പോക്ക് ബാറ്റർമാരുടെ വിളനിലമാകും.

കഴിഞ്ഞ മത്സരത്തിൽനിന്ന് വലിയ മാറ്റങ്ങളില്ലാതെയാകും രാജസ്ഥാൻ ഇന്നത്തെ മത്സരത്തിന് ടീമിനെ ഇറക്കുക. കാഡ്മോറും ജയ്സ്വാളും ഇന്നിങ്സ് ഓപ്പൺ ചെയ്യും. മൂന്നാം നമ്പരിൽ ക്യാപ്റ്റൻ സഞ്ജുവും നാലാം നമ്പരിൽ ഫോമിൽ തുടരുന്ന റിയാൻ പരാഗും കളിക്കുമെന്ന കാര്യം ഉറപ്പിക്കാം. ധ്രുവ് ജുറേൽ, ഷിംറോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ എന്നിവർ മധ്യനിരയ്ക്ക് കരുത്താവും. ഇതിൽ ഹെറ്റ്മെയറിനെ കഴിഞ്ഞ മത്സരത്തേതിനു സമാനമായി ഇംപാക്ട് പ്ലെയറാക്കാനാണ് സാധ്യത കൂടുതൽ. ആർ.അശ്വിൻ, ട്രെന്റ് ബോൾട്ട്, ആവേശ് ഖാൻ, സന്ദീപ് ശർമ, യുസ്വേന്ദ്ര ചഹൽ എന്നിവരടങ്ങുന്നതാവും രാജസ്ഥാൻ ഇലവൻ.

എലിമിനേറ്ററിൽ ആർ.സി.ബിയെ തകർത്ത ആത്മവിശ്വാസവുമായാണ് സഞ്ജുവും സംഘവും ചെന്നൈയിൽ എത്തുന്നത്. ആദ്യ സീസണു ശേഷം ടീമിനായി മറ്റൊരു കിരീടം നേടുകയെന്ന ദൗത്യവുമായാണ് ഈ സീസണിൽ രാജസ്ഥാൻ താരങ്ങൾ കളത്തിലിറങ്ങിയത്. 2008ൽ ഷെയ്ൻ വോണിന്റെ നേതൃത്വത്തിലാണ് രാജസ്ഥാൻ കിരീടം നേടിയത്.

Tags:    
News Summary - IPL 2024 2nd Playoff Rajasthan Royals vs Sunrisers Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.