ലണ്ടൻ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ വേദിയായ ഓവലിൽ ഇന്ത്യൻ ടീം പരിശീലനം തുടങ്ങി. ലണ്ടന് പുറത്തുള്ള അരുൺഡേൽ സിറ്റി സ്റ്റേഡിയത്തിലായിരുന്നു ടീം കുറച്ചു ദിവസമായി പരിശീലിച്ചിരുന്നത്. ഫൈനലിനുള്ള ഒരുക്കങ്ങളായതിനാലാണ് ഓവലിൽ ഇന്ത്യക്കും ആസ്ട്രേലിയക്കും പരിശീലനം അനുവദിക്കാതിരുന്നത്. ബി.സി.സി.ഐയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണ് ടീം പരിശീലിക്കുന്ന പടം പുറത്തുവിട്ടത്. ബുധനാഴ്ചയാണ് ഫൈനലിന് തുടക്കമാവുന്നത്.
അതിനിടെ, ആസ്ട്രേലിയക്ക് തിരിച്ചടിയായി പരിചയസമ്പന്നനായ പേസ് ബൗളർ ജോഷ് ഹേസൽവുഡ് പുറത്ത്. ഐ.പി.എല്ലിനിടെയുണ്ടായ പരിക്കിൽ നിന്ന് മുക്തനാവാത്തതാണ് ഹേസൽവുഡിന് വിനയായത്. മൈക്കൽ നെസറിനെ പകരം ടീമിലുൾപ്പെടുത്തി.
ഫൈനലിനു ശേഷം നടക്കുന്ന ആഷ്സ പരമ്പരയിൽ ഹേസൽവുഡിന് തിരിച്ചുവരാനാകുമെന്നാണ് പ്രതീക്ഷ. കൗണ്ടി ക്രിക്കറ്റിൽ ഗ്ലാമോർഗന്റെ താരമായ നെസർ മികച്ച ഫോമിലാണ്. യോർക്ക്ഷെയറിനെതിരെ 32 റൺസ് വഴങ്ങി ഏഴ് വിക്കറ്റ് നേടിയിരുന്നു. ആസ്ട്രേലിയക്ക് വേണ്ടി രണ്ട് ടെസ്റ്റിൽ നിന്ന് ഏഴ് വിക്കറ്റ് സ്വന്തമാക്കിയ താരമാണ്.
അതേസമയം, ഹേസൽവുഡിന് പകരം മീഡിയം പേസർ സ്കോട്ട് ബോലന്റിനാണ് ആദ്യ ഇലവനിൽ സാധ്യത. ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി കഴിഞ്ഞ സീസണിൽ മൂന്ന് മത്സരം മാത്രം കളിച്ച ഹേസൽവുഡ് പരിക്കിനെ തുടർന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പലതവണയായി പരിക്ക് പിടികൂടിയ ഹേസൽവുഡ് ആസ്ട്രേലിയ കളിച്ച 19 ടെസ്റ്റുകളിൽ നാലെണ്ണത്തിൽ മാത്രമായിരുന്നു ടീമിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.