ക്ലീൻ സ്വീപ്: ഇംഗ്ലണ്ടിനെതിരെ 142 റൺസിന്‍റെ വമ്പൻ ജയം; പരമ്പര തൂത്തുവാരി ഇന്ത്യ

അഹ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലും ഇന്ത്യക്ക് തകർപ്പൻ ജയം. 357 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ട് 214 റൺസിന് പുറത്തായി. 142 റൺസിനാണ് ഇന്ത്യയുടെ ജയം. ആദ്യ രണ്ട് മത്സരങ്ങളിൽ ജയിച്ച ഇന്ത്യ ഇന്നത്തെ ജയത്തോടെ പരമ്പര തൂത്തുവാരി. ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായുള്ള പരമ്പരയിൽ വമ്പൻ ജയം നേടിയ ഇന്ത്യക്ക് ഇനി ആത്മവിശ്വാസത്തോടെ ടൂർണമെന്‍റിനിറങ്ങാം. സെഞ്ച്വറി നേടിയ ശുഭ്മൻ ഗില്ലാണ് കളിയിലെ താരം. സ്കോർ: ഇന്ത്യ - 50 ഓവറിൽ 356ന് ഓൾ ഔട്ട്, ഇംഗ്ലണ്ട് - 34.2 ഓവറിൽ 214ന് പുറത്ത്.

കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് ഓപണർമാർ നൽകിയ ഭേദപ്പെട്ട തുടക്കം മുതലാക്കാനാകാതെ വന്നതോടെയാണ് കളി കൈവിട്ടത്. ആദ്യ വിക്കറ്റ് 60 റൺസിലാണ് വീണത്. 38 റൺസ് വീതം നേടിയ ടോം ബാന്‍റണും ഗസ് അറ്റ്കിൻസനുമാണ് ഇംഗ്ലിഷ് നിരയിലെ ടോപ് സ്കോറർമാർ. ഫിൽ സാൾട്ട് (23), ബെൻ ഡക്കറ്റ് (34), ജോ റൂട്ട് (24), ഹാരി ബ്രൂക്ക് (19) എന്നിവരാണ് രണ്ടക്കം കണ്ട മറ്റ് ബാറ്റർമാർ. ഇന്ത്യക്കായി അർഷ്ദീപ് സിങ്, ഹർഷിത് റാണ, അക്ഷർ പട്ടേൽ, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വീതം വിക്കറ്റുകൾ പിഴുതു.

ഗില്ലിന് സെഞ്ച്വറി, കോഹ്‌ലിക്കും ശ്രേയസിനും ഫിഫ്റ്റി

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉപനായകൻ ശുഭ്മൻ ഗില്ലിന്റെ തകർപ്പൻ സെഞ്ച്വറിയുടെയും വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ എന്നിവരുടെ അർധ സെഞ്ച്വറികളുടെയും കരുത്തിലാണ് ഇംഗ്ലണ്ടിനു മുന്നിൽ 357 റൺസിന്റെ വമ്പൻ വിജയലക്ഷ്യമുയർത്തിയത്. ചാമ്പ്യൻസ് ട്രോഫിക്ക് മുന്നോടിയായുള്ള അവസാന മത്സരത്തിൽ, ക്യാപ്റ്റൻ രോഹിത് ശർമ നിരാശപ്പെടുത്തിയെങ്കിലും മുൻനിരയിലെ മറ്റ് ബാറ്റർമാർ അവസരത്തിനൊത്ത് ഉയർന്നത് ഇന്ത്യക്ക് കൂടുതൽ പ്രതീക്ഷ പകരുന്നു. അവസാന ഓവറുകളിൽ വിക്കറ്റുകൾ വലിച്ചെറിഞ്ഞ ഇന്ത്യ 50 ഓവറിൽ 356 റൺസിന് ഓൾ ഔട്ടായി. ഇംഗ്ലണ്ട് നിരയിൽ ആദിൽ റഷീദ് നാല് വിക്കറ്റ് നേടി.

തുടക്കത്തിൽ തന്നെ ഇന്ത്യക്ക് നായകൻ രോഹിത് ശർമയെ (ഒന്ന്) നഷ്ടമായി. മൂന്നാമനായെത്തിയ കോഹ്‌ലി ശുഭ്മൻ ഗില്ലിനൊപ്പം നങ്കൂരമിട്ട് കളിച്ചു. രണ്ടാം വിക്കറ്റിൽ ഇരുവരും 116 റൺസാണ് കൂട്ടിച്ചേർത്തത്. ആത്മവിശ്വാസത്തോടെ ബാറ്റ് വീശിയ വിരാട് കോഹ്‌ലി മികച്ച താളം കണ്ടെത്തിയിരുന്നു. ഏഴ് സ്റ്റൈലിഷ് ഫോറും ഒരു ക്ലാസിക്ക് സിക്സറുമടങ്ങിയതാണ് വിരാടിന്‍റെ ഇന്നിങ്സ്. വിരമിക്കണമെന്ന് ആവശ്യപ്പെട്ട വിമർശകർക്ക്, ഇനിയും പോരാടാൻ ബാല്യമുണ്ടെന്ന സന്ദേശം നൽകിയാണ് കോഹ്‌ലിയുടെ മടക്കം.

 തകർത്തടിച്ച ഗിൽ 112 റൺസ് നേടിയാണ് പുറത്തായത്. 102 പന്തിൽ 14 ഫോറും മൂന്ന് സിക്സറുമടങ്ങുന്നതാണ് ഗില്ലിന്‍റെ മനോഹര ഇന്നിങ്സ്. യുവതാരത്തിന്‍റെ ഏഴാം ഏകദിന സെഞ്ച്വറിയാണിത്. തുടക്കത്തിൽ നങ്കൂരമിട്ട് കളിച്ച ഗിൽ പിന്നീട് കത്തികയറുകയായിരുന്നു. ക്ലാസിക്ക് ഷോട്ടുകളും സിംഗിളുകളും ഡബിളുകളുമായുള്ള ഓട്ടവുമെല്ലാമായി മികച്ച ഇന്നിങ്സ് തന്നെ താരം കാഴ്ചവെച്ചു. 35-ാം ഓവറിൽ ആദിൽ റഷീദിന്റെ പന്തിൽ ക്ലീൻ ബോൾഡായാണ് മടക്കം. സ്ട്രോക്ക് പ്ലേയുമായി കളംനിറഞ്ഞ ശ്രേയസ് അയ്യർ 64 പന്തിൽ 78 റൺസ് നേടി. എട്ട് ഫോറും രണ്ട് സിക്സുമടങ്ങുന്നതാണ് ഇന്നിങ്സ്. ആദിൽ റഷീദിന്റെ പന്തിൽ ഫില്ഡ സാൾട്ടിന് ക്യാച്ച് സമ്മാനിച്ചാണ് താരം കൂടാരം കയറിയത്.

മധ്യനിരയിൽ 29 പന്തിൽ 40 റൺസ് നേടിയ കെ.എൽ. രാഹുലിന്റെ ഇന്നിങ്സ് വേറിട്ടതായി. മൂന്ന് ഫോറും ഒരു സിക്സും നേടിയ താരം സാഖിബ് മഹ്മൂദിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുരുങ്ങി. പിന്നീടെത്തിയവർക്ക് വലിയ സ്കോർ കണ്ടെത്താനായില്ല. ഹാർദിക് പാണ്ഡ്യ (17), അക്ഷർ പട്ടേൽ (13), വാഷിങ്ടൺ സുന്ദർ (14), ഹർഷിദ് റാണ (13) അർഷ്ദീപ് സിങ് (രണ്ട്), കുൽദീപ് യാദവ് (ഒന്ന്*) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോർ. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് മൂന്ന് വിക്കറ്റ് നേടിയപ്പോൾ മാർക് വൂഡ് രണ്ട് വിക്കറ്റ് സ്വന്തമാക്കി.

Tags:    
News Summary - India won by 142 runs vs England in 3rd ODI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.