മുംബൈ: ആസ്ട്രേലിയക്കെതിരായ വനിത ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാംനാൾ മുൻതൂക്കം പിടിച്ച് ഇന്ത്യ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സന്ദർശകരെ ഒന്നാം ഇന്നിങ്സിൽ 219 റൺസിന് പുറത്താക്കിയ ഇന്ത്യ സ്റ്റമ്പെടുക്കുമ്പോൾ ഒരു വിക്കറ്റിന് 98 റൺസെന്ന നിലയിലാണ്. ഇന്ത്യക്കെതിരായ ആസ്ട്രേലിയയുടെ ഏറ്റവും ചെറിയ ടെസ്റ്റ് സ്കോറാണിത്. ആതിഥേയ ഓപണർ ഷഫാലി വർമ 40 റൺസ് നേടി പുറത്തായി. മറ്റൊരു ഓപണർ സ്മൃതി മന്ദാനയും (43) സ്നേഹ് റാണയുമാണ് (4) ക്രീസിൽ. ഇന്ത്യക്കായി പൂജ വസ്ത്രകാർ നാലും സ്നേഹ് മൂന്നും ദീപ്തി ശർമ രണ്ടും വിക്കറ്റെടുത്തു.
50 റൺസ് നേടി തഹ് ലിയ മക്ഗ്രാത്ത് ഓസീസിന്റെ ടോപ് സ്കോററായി. ഓപണർ ബെത്ത് മൂണി 40ഉം ക്യാപ്റ്റൻ അലീസ ഹീലി 38ഉം റൺസെടുത്തു. തകർച്ചയോടെയായിരുന്നു തുടക്കം. ആദ്യ ഓവറിൽത്തന്നെ ഓപണർ ഫോബ് ലിച്ഫീൽഡ് റണ്ണൗട്ടായി. രണ്ടാം ഓവറിൽ എലീസ് പെറിയെ (4) പൂജ ബൗൾഡാക്കിയതോടെ രണ്ട് വിക്കറ്റിന് ഏഴ് റൺസിലേക്ക് പതറി. തുടർന്ന് മൂണി-തഹ് ലിയ സഖ്യമാണ് ടീമിനെ കരകയറ്റിയത്. സ്കോർ 87ൽ തഹ് ലിയയും മടങ്ങിയതോടെ വീണ്ടും മുറക്ക് വിക്കറ്റുകൾ വീണു. അന്നബെൽ സതർലാൻഡ് (16), ആഷ് ലി ഗാർഡ്നർ (11), ജെസ് ജൊനാസൻ (19), അലാന കിങ് (5), ലോറൻ ചീറ്റിൽ (6) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവനകൾ. 28 റൺസുമായി കിം ഗർത്ത് പുറത്താവാതെ നിന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സിൽ സ്കോർ 90ൽ നിൽക്കെ ഷഫാലിയെ ജൊനാസൻ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.