ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ട്വന്‍റി-20 മത്സരത്തിൽ ഇന്ത്യക്ക് മികച്ച വിജയം. 133 റൺസ് പിന്തുടർന്ന ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ജയമാണ് സ്വന്തമാക്കിയത്. വെടിക്കെട്ട് ബാറ്റിങ്ങുമായി 79 റൺസ് നേടിയ അഭിഷേക് ശർമയാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. സഞ്ജു സാംസൺ 20 പന്തിൽ 26 റൺസ് നേടി. 19 റൺസുമായി തിലക് വർമയും ഹർദിക്ക് പാണ്ഡ്യയും (3 റൺസ്) പുറത്താകാതെ ഇന്ത്യക്കായി വിജയം കുറിച്ചു.
ബൗളർമാർക്കെതിരെയെല്ലാം ആക്രമണം അഴിച്ചുവിട്ട അഭിഷേക് ശർമ അഞ്ച് ഫോറും എട്ട് സിക്സറുമടിച്ചാണ് 79 റൺസ് നേടിയത്. കൃത്യമായ ടൈമിങ്ങും പവറും ഒരുപോലെ കൊണ്ടാടിയ ബാറ്റിങ്ങായിരുന്നു അഭിഷേകിന്‍റേത്. ആദ്യ പന്ത് മുതൽ ആക്രമിക്കാൻ തുടങ്ങിയ അഭിഷേക് ഒരു ഇംഗ്ലണ്ട് ബൗളറിന് പോലും ബഹുമാനം നൽകിയില്ല. ഒടുവിൽ 79 റൺസിൽ നിൽക്കെ ആദിൽ റഷീദിന്‍റെ പന്തിൽ ലോങ് ഓണിൽ ഹാരി ബ്രൂക്കിന് ക്യാച്ച് നൽകിയാണ് യുവതാരം മടങ്ങിയത്.
നാല് ഫോറും ഒരു സിക്സറുമടിച്ചാണ് സഞ്ജു സാംസൺ 26 റൺസ് നേടിയത്. ഇതിൽ ഗസ് അറ്റ്കിൻസണിനെതിരെ ഒരോവറിലാണ് സഞ്ജു 22 റൺസും സ്വന്തമാക്കിയത്. ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് പൂജ്യനായി മടങ്ങി. ഇംഗ്ലണ്ടിനായി ജോഫ്ര ആർച്ചർ നാല് ഓവറിൽ 21 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. ആദിൽ റഷീദിനാണ് ഒരു വിക്കറ്റ്.
നേരത്തെ ഇംഗ്ലണ്ടിനായി 68 റൺസ് നേടിയ നായകൻ ജോസ് ബട്ലറൊഴികെ മറ്റാർക്കും മികവ് കാഴ്ചവെക്കാൻ സാധിച്ചില്ല. ഹാരി ബ്രൂക്ക് 17 റൺസ് നേടി. വാലറ്റത്ത് ജോഫ്ര ആർച്ചർ 12 റൺസ് നേടി. ബാക്കിയാരും രണ്ടക്കം കടന്നില്ല.
44 പന്തിൽ എട്ട് ഫോറും രണ്ട് സിക്സറുമടിച്ചാണ് ഇംഗ്ലണ്ട് നായകന്‍റെ ചെറുത്ത് നിൽപ്പ്. ഇന്ത്യക്കായി മിസ്റ്ററി സ്പിന്നർ വരുൺ ചക്രവർത്തി മൂന്ന് വിക്കറ്റ് നേടി. അർഷ്ദീപ് സിങ്, ഹർദിക്ക് പാണ്ഡ്യ, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. എല്ലാ ബൗളർമാരും ആറിന് താഴെ ഇക്കോണമയിൽ എറിഞ്ഞപ്പോൾ പാണ്ഡ്യയെ ഒരു ഓവറിൽ പത്ത് റൺസ് വെച്ചാണ് ഇംഗ്ലണ്ടുകാർ അടിച്ചത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇതോടെ ഇന്ത്യ മുന്നിലെത്തി. ജനുവരി 25 ശനിയാഴ്ച ചെപ്പൊക്കിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിലാണ് രണ്ടാം മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.