മുംബൈ: ആദ്യ മത്സരത്തിൽ ശ്രീലങ്കയെ രണ്ട് റൺസിന് തോൽപിച്ച് ട്വന്റി20 പരമ്പരയിൽ ഇന്ത്യ മുന്നിലെത്തി. ആദ്യം ബാറ്റ് ചെയ്ത ആതിഥേയർ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 162 റൺസാണെടുത്തത്. ലങ്ക അവസാന പന്തിൽ ലക്ഷ്യത്തിനരികെ 160ൽ ഓൾ ഔട്ടായി.
ഇന്ത്യക്കുവേണ്ടി അരങ്ങേറ്റക്കാരൻ പേസർ ശിവം മാവി നാല് ഓവറിൽ 22 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി. ഉമ്രാൻ മാലിക്കും ഹർഷൽ പട്ടേലും രണ്ടുപേരെ വീതവും പുറത്താക്കി. അവസാന ഓവറിൽ രണ്ട് വിക്കറ്റ് ശേഷിക്കെ ലങ്കക്ക് ജയിക്കാൻ 13 റൺസ് വേണ്ടിയിരുന്നു. മൂന്നാം പന്തിൽ അക്സർ പട്ടേലിനെ സിക്സറടിച്ച് കരുണരത്നെ ലക്ഷ്യം മൂന്ന് പന്തിൽ അഞ്ച് റൺസാക്കി കുറച്ചെങ്കിലും പിന്നീട് കാര്യങ്ങൾ കൈവിട്ടു.
23 പന്തിൽ 41 റൺസുമായി പുറത്താവാതെ നിന്ന ദീപക് ഹൂഡയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ബാറ്റിങ് തീരുമ്പോൾ 20 പന്തിൽ 31 റൺസടിച്ച് അക്സർ പട്ടേലും ക്രീസിലുണ്ടായിരുന്നു. ഓപണർ ഇഷാൻ കിഷൻ 29 പന്തിൽ 37ഉം ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ 27 പന്തിൽ 29ഉം റൺസെടുത്ത് മടങ്ങി. മറ്റൊരു ഓപണർ ശുഭ്മാൻ ഗിൽ (അഞ്ച് പന്തിൽ ഏഴ്), സൂര്യകുമാർ യാദവ് (10 പന്തിൽ ഏഴ്), സഞ്ജു സാംസൺ (ആറ് പന്തിൽ അഞ്ച്) എന്നിവർക്ക് ഫോം കണ്ടെത്താനായില്ല.
ടോസ് നേടിയ ശ്രീലങ്കൻ നായകൻ ദസുൻ ഷനക ഫീൽഡിങ് തെരഞ്ഞെടുത്തു. ഓപണർ ഗില്ലിനും പേസർ ശിവം മാവിക്കും അരങ്ങേറ്റമൊരുക്കിയ ഇന്ത്യൻ ഇലവനിൽ മലയാളി താരം സഞ്ജുവിനും ഇടംകിട്ടി. തുടക്കം പ്രതീക്ഷ നൽകുന്നതായിരുന്നു. എന്നാൽ മൂന്നാം ഓവറിൽ ആദ്യ തിരിച്ചടി. മൂന്നാം പന്തിൽ ഗില്ലിനെ മഹീഷ് തീക്ഷണ വിക്കറ്റിന് മുന്നിൽ കുടുക്കുമ്പോൾ സ്കോർ ബോർഡിൽ 27 റൺസ്. സൂര്യകുമാർ താളം കണ്ടെത്താനാവാതെ വിഷമിച്ചതോടെ സ്കോറിങ്ങിന് വേഗത കുറഞ്ഞു. ആറാം ഓവർ എറിഞ്ഞ ചമിക കരുണ രത്നെ സൂര്യയെ ഭാനുക രാജപക്സെയുടെ കൈകളിലെത്തിച്ചു -ഇന്ത്യ രണ്ടിന് 38. സഞ്ജുവിനും പിടിച്ചുനിൽക്കാനായില്ല.
ഏഴാം ഓവറിലെ അഞ്ചാം പന്തിൽ ദിൽഷൻ മധു ശങ്കക്ക് ക്യാച്ചും ധനഞ്ജയ ഡീ സിൽവക്ക് വിക്കറ്റും നൽകി സഞ്ജു മടങ്ങുമ്പോൾ സ്കോർ 46. ഇഷാനും ക്യാപ്റ്റൻ പാണ്ഡ്യയും ക്രീസിൽ ഒരുമിച്ചതോടെ ഇന്ത്യ കരകയറാനുള്ള പ്രവണത കാണിച്ചു. 11ാം ഓവറിലെ മൂന്നാം പന്തിൽ ഇഷാനെ ധനഞ്ജയ ഡീ സിൽവ പിടികൂടി. വാനിന്ദു ഹസരങ്ക ഡീ സിൽവക്കായിരുന്നു വിക്കറ്റ്. നാലിന് 77 എന്ന നിലയിൽ വീണ്ടും പ്രതിസന്ധി. പാണ്ഡ്യയുടെ പോരാട്ടം 15ാം ഓവറിൽ അവസാനിച്ചു. മധുശങ്കയുടെ പന്തിൽ പാണ്ഡ്യയെ വിക്കറ്റ് കീപ്പർ കുശാൽ മെൻഡിസ് ക്യാച്ചെടുത്ത് മടക്കി. നൂറ് റൺസ് തികയും മുമ്പെ അഞ്ചാം വിക്കറ്റും വീണു. ഹൂഡയും അക്സറും ചേർന്ന് രക്ഷാപ്രവർത്തനം ഏറ്റെടുത്തതോടെ സ്കോർ ഉയർന്നുതുടങ്ങി. അവസാന ഓവറുകളിൽ ഇരുവരും ആഞ്ഞടിച്ച് ഇന്ത്യയെ 160 കടത്തി.
മറുപടിയിൽ ഇന്ത്യൻ ബൗളർമാർ അവസരത്തിനൊത്തുയർന്നപ്പോൾ ലങ്കൻ വിക്കറ്റുകൾ മുറക്ക് വീണു. രണ്ടാം ഓവറിൽ സ്കോർ 12ൽ നിൽക്കെ ഓപണർ പാതും നിസ്സങ്കയെ (ഒന്ന്) ശിവം മാവി ബൗൾഡാക്കി അന്താരാഷ്ട്ര കരിയറിലെ ആദ്യ ഇരയെ കണ്ടെത്തി. നാലാം ഓവറിൽ ധനഞ്ജയയെ (എട്ട്) മാവിയുടെ തന്നെ പന്തിൽ സഞ്ജു പിടിച്ചു. ഉമ്രാൻ മാലിക് എറിഞ്ഞ എട്ടാം ഓവറിൽ ചരിത് അസലങ്കയെ (12) വിക്കറ്റ് കീപ്പർ ഇഷാൻ ഓടിയെടുത്ത ഉജ്ജ്വല ക്യാച്ചിലൂടെ പുറത്താക്കുമ്പോൾ സ്കോർ മൂന്നിന് 47. ഒരറ്റത്ത് പൊരുതിയ കുശാൽ മെൻഡിസിനെ (25 പന്തിൽ 28) ഹർഷൽ പട്ടേലിന്റെ ഓവറിൽ സഞ്ജു പിടിച്ചു. ക്യാപ്റ്റൻ ഷനകയും വാനിന്ദുവും തകർത്തടിച്ചതോടെ സന്ദർശകർക്ക് വിജയപ്രതീക്ഷ.
ടീമിനെ ലക്ഷ്യത്തിലേക്ക് നയിച്ചുകൊണ്ടിരുന്ന ഷനകയെ (27 പന്തിൽ 45) നാലാം പന്തിൽ യുസ്വേന്ദ്ര ചാഹൽ ക്യാച്ചെടുക്കുമ്പോൾ സ്കോർ ഏഴിന് 129. കരുണരത്നെ പോരാടിയെങ്കിലും വിജയത്തിനരികെ ലങ്ക വീണു. 16 പന്തിൽ 23 റൺസുമായി കരുണരത്നെ പുറത്താവാതെ നിന്നു. രണ്ടാം മത്സരം വ്യാഴാഴ്ച പുണെയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.