ബിർമിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്സ് ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കുന്നത്.
പേസ് കുന്തമുന ജസ്പ്രീത് ബുംറ കളിക്കുന്നില്ല, പകരം ആകാശ് ദീപ് മുഹമ്മദ് സിറാജിനൊപ്പം ബൗളിങ് ഓപ്പൺ ചെയ്യും. സായി സുദർശൻ, ശാർദൂൽ ഠാകൂർ എന്നിവരും പുറത്തായി. പകരം ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡി, വാഷിങ്ടൺ സുന്ദർ എന്നിവർ പ്ലെയിങ് ഇലവനിലെത്തി. ഒന്നാം ടെസ്റ്റ് ജയിച്ച അതേ ടീമുമായാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങുന്നത്.
എഡ്ജ്ബാസ്റ്റൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരെ എട്ട് ടെസ്റ്റ് മത്സരങ്ങൾ കളിച്ചതിൽ ഇന്ത്യക്ക് ഒന്നിൽപ്പോലും ജയിക്കാനായിട്ടില്ല. ഏഴെണ്ണത്തിലും തോൽവിയായിരുന്നു ഫലം. ആ ചരിത്രം തിരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ശുഭ്മൻ ഗില്ലും സംഘവും ആൻഡേഴ്സൻ-ടെണ്ടുൽകർ ട്രോഫി പരമ്പരയിലെ രണ്ടാം മത്സരത്തിന് ഇറങ്ങുന്നത്. ജയിച്ചാൽ അഞ്ച് മത്സര പരമ്പരയിൽ 1-1ന് ആതിഥേയർക്കൊപ്പമെത്താം. സമനില പോലും ഇന്ത്യയെ സംബന്ധിച്ച് ക്ഷീണമാണ്.
ഋഷഭ് പന്ത്, ഗിൽ, ഓപ്പണർമാരായ കെ.എൽ. രാഹുൽ, യശസ്വി ജയ്സ്വാൾ എന്നിവരുടെ ഫോമാണ് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നത്. നേരത്തെ, കുൽദീപ് യാദവ് ഇറങ്ങിയേക്കുമെന്ന സൂചനകളുണ്ടായിരുന്നു. ബാറ്റിങ്ങിന് കൂടി പരിഗണന നൽകിയാണ് സ്പിൻ ഓൾ റൗണ്ടർ വാഷിങ്ടൺ സുന്ദറിന് അവസരം നൽകിയത്.
ഇന്ത്യ ഇലവൻ:
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, കെ.എൽ. രാഹുൽ, ഋഷഭ് പന്ത്, കരുൺ നായർ, നിതീഷ് റെഡ്ഡി, രവീന്ദ്ര ജദേജ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, വാഷിങ്ടൺ സുന്ദർ.
ഇംഗ്ലണ്ട് ഇലവൻ:
ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ബെൻ ഡക്കറ്റ്, സാക്ക് ക്രാളി, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജാമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഷ് ടങ്, ഷുഐബ് ബഷീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.