ഷമി ഈസ് ബാക്ക്! ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് വിട്ടു; ജയിച്ചാൽ പരമ്പര

രാജ്കോട്ട്: 14 മാസത്തെ ഇടവേളക്കുശേഷം പേസർ മുഹമ്മദ് ഷമി ആദ്യമായി ഇന്ത്യക്കായി കളിക്കാനിറങ്ങുന്നു. ഇംഗ്ലണ്ടിനെതിരായ ട്വന്‍റി20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തിൽ താരം കളിക്കും.

അർഷ്ദീപ് സിങ്ങിന് പകരക്കാരനായാണ് താരം പ്ലെയിങ് ഇലവനിലെത്തിയത്. മൂന്നാം മത്സരത്തിലും ടോസ് ഭാഗ്യം ഇന്ത്യക്കൊപ്പമായിരുന്നു. നായകൻ സൂര്യകുമാർ യാദവ് ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയച്ചു. രാജ്കോട്ടിലാണ് മത്സരം. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു കളികളും ജയിച്ച ഇന്ത്യക്ക് ഇന്നുകൂടി ജയിക്കാനായാൽ പരമ്പര സ്വന്തമാക്കാം.

ചാമ്പ്യൻസ് ട്രോഫി ഒരുക്കങ്ങളിൽ ടീമിന് ആത്മവിശ്വാസവുമാകും. സൂര്യകുമാറിനും മലയാളി താരം സഞ്ജു സാംസണും ഇന്നത്തെ മത്സരം നിർണായകമാണ്. ഇരുവർക്കും ആദ്യത്തെ രണ്ടു മത്സരങ്ങളിൽ ബാറ്റിങ്ങിൽ തിളങ്ങാനായിട്ടില്ല. സൂര്യകുമാർ എന്ന 34കാരൻ നായകനായി തിളങ്ങുമ്പോഴും ബാറ്റിങ്ങിൽ താളം കണ്ടെത്താനായിട്ടില്ല. രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ 2021നുശേഷം തുടർന്നുള്ള രണ്ടു വർഷങ്ങളിലും 45 ശരാശരിയിൽനിന്ന താരം 2024ൽ 26.81 ശരാശരിയിൽ മോശം ഫോമുമായി മല്ലിടുകയായിരുന്നു. ഈ വർഷവും കാര്യമായ മികവ് കാട്ടാനാകാത്തത് വെല്ലുവിളിയാകുന്നുണ്ട്.

അഭിഷേകും സഞ്ജുവുമടക്കം പരാജയമായിട്ടും തിലക് വർമയെന്ന ഒറ്റയാന്റെ കരുത്തിലാണ് രണ്ടാം ട്വന്റി20യിൽ ആതിഥേയർ ജയം പിടിച്ചത്. ജൊഫ്ര ആർച്ചറും മാർക് വുഡും ചേർന്ന ബൗളിങ് നിര ഇനിയും ക്ലിക്കാകാത്തത് ഇന്ത്യക്ക് അനുഗ്രഹമാകും. ആർച്ചർ കഴിഞ്ഞ കളിയിൽ നന്നായി തല്ലുകൊണ്ടിരുന്നു.

ഇന്ത്യൻ ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), സഞ്ജു സാംസൺ, അഭിഷേക് ശർമ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ധ്രുവ് ജുറേൽ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്ണോയ്, മുഹമ്മദ് ഷമി, വരുൺ ചക്രവർത്തി.

Tags:    
News Summary - India vs England 3rd T20I: Mohammed Shami Makes Comeback After 14 Months, India Opt To Bowl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.