വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ജയത്തിനരികെ. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിന്‍റെ ആറു വിക്കറ്റുകൾ നഷ്ടമായി. നിലവിൽ 46 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ സന്ദർശകർ 198 റൺസെടുത്തിട്ടുണ്ട്. നാലു വിക്കറ്റുകൾ ബാക്കി നിൽക്കെ ജയിക്കാൻ ഇനിയും 201 റൺസ് വേണം.
ആർ. അശ്വിൻ മൂന്നു വിക്കറ്റുകൾ നേടി. ഒരു വിക്കറ്റ് നഷ്ടത്തിൽ 67 റൺസ് എന്ന നിലയിൽ നാലാംദിനം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന്‍റെ വിക്കറ്റുകൾ കൃത്യമായ ഇടവേളകളിൽ വീണതാണ് ഇന്ത്യക്ക് ജയപ്രതീക്ഷ നൽകുന്നത്. അർധ സെഞ്ച്വറി നേടി ഒരറ്റത്ത് ചെറുത്തുനിന്ന ഓപ്പണർ സാക് ക്രോളിയെ കുൽദീപ് യാദവ് എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. 132 പന്തിൽ 73 റൺസെടുത്താണ് താരം പുറത്തായത്.
റിഹാൻ അഹ്മദ് (31 പന്തിൽ 23), ഒലീ പോപ്പ് (21 പന്തിൽ 23), ജോ റൂട്ട് (10 പന്തിൽ 16), ജോണി ബെയർസ്റ്റോ (36 പന്തിൽ 26) എന്നിവരുടെ വിക്കറ്റുകളാണ് നാലാംദിനം ഇംഗ്ലണ്ടിന് നഷ്ടമായത്. അഞ്ചു റൺസുമായി നായകൻ ബെൻ സ്റ്റോക്സും ഏഴു റണ്ണുമായി ബോൻ ഫോക്സുമാണ് ക്രീസിൽ. ഇന്ത്യക്കായി ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. 399 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിന് ബെൻ ഡക്കറ്റിന്‍റെ (28) വിക്കറ്റ് ഇന്നലെ നഷ്ടമായിരുന്നു.
രണ്ടാം ഇന്നിങ്സിൽ തുടക്കത്തിൽതന്നെ വിക്കറ്റുകൾ വീണ ഇന്ത്യക്ക് 255 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ശുഭ്മൻ ഗിൽ നേടിയ സെഞ്ച്വറി (104)യുടെ ബലത്തിലാണ് ഇന്ത്യ 399 എന്ന വിജയലക്ഷ്യം ഇംഗ്ലണ്ടിനു മുന്നിൽ വെച്ചത്. 147 പന്തിൽ കരിയറിലെ മൂന്നാം ടെസ്റ്റ് സെഞ്ച്വറിയായിരുന്നു ഗില്ലിന്റേത്. മുൻനിര താരങ്ങളെല്ലാം വലിയ സമ്പാദ്യങ്ങളില്ലാതെ മടങ്ങിയപ്പോൾ ഓൾറൗണ്ടർമാരായ അക്സർ പട്ടേലും (45) അശ്വിനും (29) മാത്രമാണ് പിടിച്ചുനിന്നത്.
ഗില്ലും അക്സറും ചേർന്ന് 89 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇംഗ്ലണ്ടിനുവേണ്ടി ഒന്നാം ടെസ്റ്റിൽ ഇന്ത്യയുടെ നടുവൊടിച്ച ഇടംകൈയൻ സ്പിന്നർ ടോം ഹാർട്ട്‍ലി രണ്ടാം ഇന്നിങ്സിൽ നാലുവിക്കടെുത്തു. രിഹാൻ അഹ്മദ് മൂന്നും ജെയിംസ് ആൻഡേഴ്സൺ രണ്ടും വിക്കറ്റ് നേടി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ടാണ് മുന്നിൽ (1-0).
ഇന്ത്യ: ഒന്നാം ഇന്നിങ്സ് 396 (യശസ്വി ജയ്‌സ്വാൾ 209, ജെയിംസ് ആൻഡേഴ്സൺ 3/47). രണ്ടാം ഇന്നിങ്സ് 255 (ശുഭ്മൻ ഗിൽ 104, ടോം ഹാർട്ട്‍ലി 4/77). ഇംഗ്ലണ്ട്: ഒന്നാം ഇന്നിങ്സ് 253 (സാക് ക്രാലി 76, ജസ്പ്രിറ്റ് ബുംറ 6/45).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.