യൂത്ത് ഫെസ്റ്റിവൽ; ആസ്ട്രേലിയക്കെതിരെ അവസാന മത്സരവും ജയിച്ച് ഇന്ത്യ

ബംഗളൂരു: ആസ്ട്രേലിയക്കെതിരായ ട്വന്റി 20 പരമ്പരയിലെ അവസാന മത്സരവും ജയിച്ച് ഇന്ത്യൻ യുവനിര ലോകകപ്പിലേറ്റ ക്ഷീണം തീർത്തു. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആറ് റൺസിനാണ് ആതിഥേയരുടെ ജയം.

ഇന്ത്യ മുന്നോട്ടു വെച്ച 161 റൺസ് വിജയലക്ഷ്യം തേടി ഇറങ്ങിയ ആസ്ട്രേലിയൻ ഇന്നിങ്സ് ആറ് റൺസകലെ അവസാനിച്ചു. അർധസെഞ്ച്വറി നേടിയ ബെൻ മക്‌ഡെർമോട്ട് (54) ആണ് ടോപ് സ്കോറർ. ഇന്ത്യക്ക് വേണ്ടി മുകേഷ് കുമാർ മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ നാലും ജയിച്ച് ഇന്ത്യ ചാമ്പ്യന്മാരായി. 

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഉപനായകൻ ശ്രേയസ് അയ്യരുടെ (53) മികവിലാണ് 160 റൺസ് എന്ന പൊരുതാവുന്ന സ്കോറിലെത്തിയത്. ഓപണർ യശസ്വി ജയ്‌സ്വാൾ പതിവുപോലെ തകർത്തടിച്ച് തുടങ്ങിയെങ്കിലും 21 നിൽക്കെ ബെഹ്‌റൻഡോർഫിന് വിക്കറ്റ് നൽകി മടങ്ങി. തൊട്ടുപിന്നാലെ റുതുരാജ് ഗെയ്‌ക്‌വാദിനെ (10) ഡ്വാർഷൂയിസ് മടക്കി. തുടർന്നെത്തിയ ക്യാപ്റ്റൻ സൂര്യകുമാർ യാദവും (5) കഴിഞ്ഞ മത്സരത്തിലെന്ന പോലെ നിലയുറപ്പിക്കും മുൻപ് മടങ്ങി. വെടിക്കെട്ട് ബാറ്റർ റിങ്കു സിങ്ങ് പരമ്പരയിൽ ആദ്യമായി (6) തിളങ്ങാതെ കൂടാരം കയറിയതോടെ ഇന്ത്യയുടെ കാര്യം പരുങ്ങലിലായി.

ശ്രേയസ് ഒരറ്റത്ത് ഉറച്ചുനിന്നെങ്കിൽ മറുവശത്ത് വിക്കറ്റുകൾ തുടരെ തുടരെ വീഴുകയായിരുന്നു. ആറാം വിക്കറ്റിൽ ജിതേഷ് ശർമ അയ്യർക്ക് മികച്ച പിന്തുണ നൽകിയതോടെ സ്കോർ 100 ലേക്ക് കുതിച്ചു. 24 റൺസെടുത്ത് ജിതേഷ് ശർമ ഹാർഡിക്ക് വിക്കറ്റ് നൽകി മടങ്ങി. തുടർന്നെത്തിയ അക്സർ പട്ടേൽ തകർത്തടിച്ച് മുന്നേറിയെങ്കിലും 31 ൽ നിൽക്കെ മടങ്ങി. അവസാന ഓവറിൽ സിക്സറടിച്ച് അർധ സെഞ്ച്വറി പൂർത്തിയാക്കി ശ്രേയസ് അയ്യരും (53) കളം വിട്ടു.

രവി ബിഷ്ണോയ് (2) അവസാ പന്തിൽ റണ്ണൗട്ടായി. അർഷദീപ് സിങ് രണ്ടു റൺസുമായി പുറത്താകാതെ നിന്നു. ഓസീസിന് വേണ്ടി ബെഹ്‌റൻഡോർഫും ഡ്വാർഷൂയിസും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

താരതമ്യേന കുറഞ്ഞ വിജയലക്ഷ്യം തേടി ഇറങ്ങിയ ആസ്ട്രേലിയക്ക് വേണ്ടി ഓപണർ ട്രാവിസ് ഹെഡ് മികച്ച തുടക്കമാണ് നൽകിയതെങ്കിലും മികച്ച പിന്തുണ നൽകാൻ ജോഷ് ഫിലിപ്പിന് (4) ആയില്ല. മുകേഷ് കുമാറിന്റെ പന്തിൽ ക്ലീൻ ബൗൾഡാക്കുകയായിരുന്നു. തുടർന്നെത്തിയ ബെൻ മക്‌ഡെർമോട്ട് ക്രീസിൽ നിലയുറപ്പിച്ചെങ്കിലും ട്രാവിസ് ഹെഡ് (28) രവി ബിഷ്ണോയുടെ പന്തിൽ മടങ്ങി.

ആറ് റൺസെടുത്ത് ആരോൺ ഹാർഡിയെയും ബിഷ്‌ണോയ് മടക്കി. ടിം ഡേവിഡിനെ കൂട്ടുപിടിച്ച് മക്‌ഡെർമോട്ട് ടീം സ്കോർ 100 കടത്തിയെങ്കിലും ടിം ഡേവിഡ് (17) അക്സർ പട്ടേലിന് വിക്കറ്റ് നൽകി മടങ്ങി. അർധ സെഞ്ച്വറി പൂർത്തിയാക്കിയ ബെൻ മക്‌ഡെർമോട്ട് വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചെങ്കിലും അർഷദീപ് സിങ്ങിന്റെ പന്തിൽ പുറത്തായി. 16 റൺസെടുത്ത മാത്യു ഷോർട്ടിനെയും ഗോൾഡൺ ഡക്കായി ഡ്വാർഷൂയിസിനെയും മുകേഷ് കുമാർ വീഴ്ത്തിയതോടെ ഇന്ത്യ വിജയപ്രതീക്ഷയിലായി.

അതേസമയം, അവസാന ഓവറുകളിൽ ക്യാപ്റ്റൻ മാത്യൂ വെയ്ഡ് ആഞ്ഞടിച്ചതോടെ കളി വീണ്ടും കൈവിട്ടു. അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 10 റൺസാണ്. അർഷദീപിന്റെ ആദ്യ രണ്ടു പന്തുകൾ റൺസെടക്കാതിരുന്ന മാത്യുവെയ്ഡ് (22) മൂന്നാം പന്തിൽ കൂറ്റൻ ഷോട്ടിന് ശ്രമിച്ചെങ്കിലും ശ്രേയസ് അയ്യരുടെ കൈകളിൽ ഒതുങ്ങി. അടുത്ത മൂന്ന് പന്തിൽ ഒരോ റൺസ് മാത്രം വിട്ടുകൊടുത്ത് അർഷദീപ് ഇന്ത്യയെ വിജയത്തിലെത്തിക്കുയായിരുന്നു. മുകേഷ് കുമാർ മൂന്നും അർഷദീപ്, രവി ബിഷ്ണോയ് എന്നിവർ രണ്ടു  വിക്കറ്റ് വീതം വീഴ്ത്തി. 

Tags:    
News Summary - India vs Australia Live Score, 5th T20I: India Win By 6 Runs To Claim Series 4-1

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.