ട്വന്‍റി20യിൽ കോഹ്ലിയുടെ ആദ്യ സെഞ്ച്വറി; 61 പന്തിൽ 122; അഫ്ഗാന് 213 റൺസ് വിജയലക്ഷ്യം

ദുബൈ: ഏഷ്യ കപ്പ് ട്വന്‍റി20 സൂപ്പർ ഫോറിൽ വിരാട് കോഹ്ലിലിയുടെ സെഞ്ച്വറിയുടെ കരുത്തിൽ അഫ്ഗാനിസ്താനെതിരെ ഇന്ത്യക്ക് മികച്ച സ്കോർ. നിശ്ചിത 20 ഓവറിൽ ഇന്ത്യ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തു.

ട്വന്‍റി20യിലെ കോഹ്ലിയുടെ ആദ്യ സെഞ്ച്വറിയാണിത്. 61 പന്തിൽ 122 റൺസെടുത്ത് താരം മത്സരത്തിൽ പുറത്താകാതെ നിന്നു. 14 ഫോറുകളും ആറു സിക്സറുകളും ഉൾപ്പെടുന്നതാണ് ഇന്നിങ്സ്. രണ്ടര വർഷത്തെ ഇടവേളക്കുശേഷമാണ് ഒരു രാജ്യന്തര മത്സരത്തിൽ കോഹ്ലി സെഞ്ച്വറി നേടുന്നത്.

നേരിട്ട 53ാമത്തെ പന്ത് സിക്സിലേക്ക് പറത്തിയാണ് താരം നൂറിലെത്തിയത്. രോഹിത്ത് ശർമക്കു പകരം ടീമിനെ നയിക്കുന്ന കെ.എൽ. രാഹുൽ അർധ സെഞ്ച്വറി നേടി. 41 പന്തിൽ 62 റൺസെടുത്താണ് താരം പുറത്തായത്. സുര്യകുമാർ യാദവ് ആറു റൺസെടുത്തു. ഋഷഭ് പന്ത് 20 റൺസുമായി പുറത്താകാതെ നിന്നു. രാഹുലും കോഹ്ലിയും മികച്ച തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ഇരുവരും ഒന്നാം വിക്കറ്റിൽ 119 റൺസെടുത്തു.

നേരത്തെ, ടോസ് നേടിയ അഫ്ഗാനിസ്താൻ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഫൈനൽ കാണാതെ പുറത്തായ ഇരുടീമുകളുടെയും മത്സരം ദുബൈ രാജ്യാന്തര സ്റ്റേഡിയത്തിലാണ്. രോഹിത്, യുസ്‍വേന്ദ്ര ചഹൽ, ഹാർദിക് പാണ്ഡ്യ എന്നിവർക്കു പകരം ദിനേഷ് കാർത്തിക്, അക്ഷർ പട്ടേൽ, ദീപക് ചാഹർ എന്നിവർ ടീമിൽ ഇടംപിടിച്ചു. ഫരീദ് അഹ്മദാണ് അഫ്ഗാനുവേണ്ടി രണ്ടു വിക്കറ്റും നേടിയത്. 

Tags:    
News Summary - India vs Afghanistan: Virat Kohli Hits Maiden T20I Ton

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.