വൈഭവ് സൂര്യവംശി

നായകനായി വൈഭവിന് ആദ്യ സെഞ്ച്വറി (127), ആരോണിന്‍റെ ക്ലാസ് ഇന്നിങ്സ് (118); യൂത്ത് ഏകദിനത്തിൽ ഇന്ത്യക്ക് വമ്പൻ സ്കോർ

ജൊഹാനസ്ബർഗ്: അണ്ടർ -19 ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് വമ്പൻ സ്കോർ. ക്യാപ്റ്റൻ വൈഭവ് സൂര്യവംശിയും മലയാളി താരം ആരോൺ ജോർജും സെഞ്ച്വറികളുമായി കളം നിറഞ്ഞ മത്സരത്തിൽ, ആതിഥേയർക്കു മുന്നിൽ 394 റൺസിന്‍റെ വിജയലക്ഷ്യമാണ് ഇന്ത്യയുയർത്തിയത്. അണ്ടർ-19 ടീമിന്‍റെ ക്യാപ്റ്റനെന്ന നിലയിൽ വൈഭവിന്‍റെ ആദ്യ സെഞ്ച്വറിയാണ് ബെനോനിയിൽ പിറന്നത്. നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 393 റൺസ് നേടിയത്.

ടോസ് നേടിയ പ്രോട്ടീസ്, സന്ദർശകരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആരോൺ ഏകദിന ശൈലിയിൽ ബാറ്റ് വീശിയപ്പോൾ, വൈഭവ് പതിവുപോലെ വമ്പൻ ഷോട്ടുകളുമായി കളംനിറഞ്ഞു. ഓപണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 25.4 ഓവറിൽ 227 റൺസ് കൂട്ടിച്ചേർത്തു. വൈഭവിനെ പുറത്താക്കി നതാൻഡോ സോനിയാണ് ഈ കൂട്ടുകെട്ട് തകർത്തത്. 74 പന്തിൽ ഒമ്പത് ഫോറും പത്ത് സിക്സും സഹിതം 127 റൺസാണ് വൈഭവ് അടിച്ചെടുത്തത്. സ്കോർ 279ൽ നിൽക്കേ ആരോണും വീണതോടെ റൺനിരക്ക് താഴ്ന്നു. 106 പന്തിൽ 16 ഫോറുൾപ്പെടെ 118 റൺസ് നേടിയാണ് മലയാളി താരം മൈതാനം വിട്ടത്.

ഒരുഘട്ടത്തിൽ 400 കടക്കുമെന്ന് തോന്നിച്ചെങ്കിലും, ഓപണർമാർ പോയതിനു പിന്നാലെയുണ്ടായ തകർച്ചയിൽ പ്രതീക്ഷിച്ച റൺനിരക്ക് കണ്ടെത്താനാകാതെ ബാറ്റർമാർ ഉഴറി. വേദാന്ത് ത്രിവേദിയും (34) അഭിജ്ഞാൻ കുണ്ടുവും (21) പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തില്ല. ഹർവാൻഷ് പംഗാലിയ (2) റണ്ണൗട്ടായി. ആർ.എസ്. അംബ്രിഷ് ഒമ്പതും കനിഷ്ക് ചൗഹാൻ പത്തും റൺസ് നേടി പുറത്തായി. മുഹമ്മദ് ഇനാൻ (28*), ഹെനിൽ പട്ടേൽ (19*) എന്നിവർ പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കക്കു വേണ്ടി സോനി മൂന്ന് വിക്കറ്റ് നേടി.

Tags:    
News Summary - India U19 vs South Africa U19 | Vaibhav Suryavanshi | Aaron George | IND U19 vs SA U19 | 3rd Youth ODI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.