പിതാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ; റിങ്കു സിങ് നാട്ടിലേക്ക് മടങ്ങി

ന്യൂഡൽഹി: ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന പിതാവിനെ സന്ദർശിക്കാനായി ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിങ് നാട്ടിലേക്ക് മടങ്ങി. നാളെ നിർണായക സൂപ്പർ എട്ട് മത്സരത്തിൽ ഇന്ത്യ കളികാനിരിക്കെയാണ് റിങ്കുവിന്റെ മടക്കം. അതേസമയം, റിങ്കു സിങ് ഇന്ന് തന്നെ തിരിച്ചെത്തുമെന്നുമെന്ന് ഇന്ത്യൻ ബാറ്റിങ് പരിശീലകൻ സ്ഥിരീകരിച്ചു.

അടിയന്തര സാഹചര്യത്തിൽ റിങ്കു സിങ് ടീം ക്യാമ്പ് വിട്ട് പുറത്ത് പോവുകയായിരുന്നുവെന്ന് ടീം മാനേജ്മെന്റ് അറിയിച്ചു. റിങ്കുവിന്റെ പിതാവ് കാചൻചന്ദ് സിങ് നോയിഡയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഇന്ന് വൈകുന്നേരത്തോടെ ടീമിനൊപ്പം റിങ്കു ചേരും. ഐ.സി.സി ട്വന്റി 20 ലോകകപ്പിലെ മുഴുവൻ മത്സരങ്ങളിലും റിങ്കു കളിച്ചിരുന്നു. എന്നാൽ, 24 റൺസാണ് റിങ്കുവിന് നേടാനായത്. ഇന്ന് നടന്ന ടീമിന്റെ പരിശീലനത്തിൽ റിങ്കു പ​ങ്കെടുത്തിരുന്നില്ല.

അതേസമയം, ട്വന്‍റി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ തോൽവി അറിയാതെ മുന്നേറിയ ഇന്ത്യക്ക് സൂപ്പർ എട്ടിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് ഏറ്റുവാങ്ങേണ്ടി വന്നത് കനത്ത തോൽവിയാണ്. 76 റൺസിനാണ് എയ്ഡൻ മാർക്രം നയിക്കുന്ന പ്രോട്ടീസ് പട സൂര്യകുമാർ യാദവിനെയും സംഘത്തെയും പരാജയപ്പെടുത്തിയത്. കനത്ത തോൽവി ഇന്ത്യയുടെ സെമി ഫൈനൽ സാധ്യതകളെ സങ്കീർണമാക്കിയിരിക്കുകയാണ്.

ദക്ഷിണാഫ്രിക്കയോടേറ്റ 76 റൺസിന്റെ വമ്പൻ തോൽവി ഇന്ത്യയുടെ നെറ്റ് റൺ റേറ്റിനെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. നിലവിൽ -3.800 എന്ന മോശം റൺ റേറ്റുമായി ഇന്ത്യ സൂപ്പർ എട്ടിലെ ഒന്നാം ഗ്രൂപ്പിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്. വരും മത്സരങ്ങളിൽ വലിയ മാർജിനിൽ ജയിച്ചാൽ മാത്രമേ ഈ റൺ റേറ്റ് തിരിച്ചുപിടിക്കാൻ സാധിക്കൂ.

ഇന്ത്യക്ക് ഇനി സിംബാബ്‌വെ, വെസ്റ്റിൻഡീസ് ടീമുകൾക്കെതിരെയാണ് മത്സരങ്ങൾ. ഈ രണ്ട് കളികളും ജയിച്ചാൽ ഇന്ത്യക്ക് നാല് പോയിന്റ് ലഭിക്കും. എന്നാൽ ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ് തുടങ്ങിയ ടീമുകളും ഇതേപോലെ നാല് പോയിന്റിൽ എത്തുകയാണെങ്കിൽ, സെമി ഫൈനലിലേക്ക് പോകുന്ന രണ്ട് ടീമുകളെ തീരുമാനിക്കുന്നത് നെറ്റ് റൺ റേറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും. അത്തരമൊരു സാഹചര്യത്തിൽ ഇന്ത്യയുടെ മോശം റൺ റേറ്റ് തിരിച്ചടിയാകും.

Tags:    
News Summary - Rinku Singh to rejoin India squad ahead of ZIM clash after family emergency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.