ഇന്ത്യൻ താരങ്ങൾ പരിശീലനത്തിനിടെ
ചെന്നൈ: ഗ്രൂപ് ഘട്ടം പിന്നിട്ട് ശരിക്കും കളി തുടങ്ങിയ സൂപ്പർ എട്ടിൽ വീഴ്ചയോടെ തുടങ്ങിയ ആതിഥേയർക്കിന്ന് എതിരാളികൾ സിംബാബ്‍വെ. ഞായറാഴ്ച ദക്ഷിണാഫ്രിക്കയോട് 76 റണ്ണിന് വീണ ഞെട്ടൽ മാറ്റാനാണ് ടീം ഇന്ത്യ ചെന്നൈ മൈതാനത്ത് ഇന്ന് പാഡുകെട്ടുന്നത്. ജസ്പ്രീത് ബുംറ നയിക്കുന്ന മുർച്ചയേറിയ ബൗളിങ് ടീമിന് പ്രതീക്ഷ പകരുമ്പോഴും ബാറ്റിങ്ങിലെ വൻ വീഴ്ചകളെ ചൊല്ലിയാണ് ആധികളത്രയും.
സമീപകാലത്തെ മികച്ച ട്രാക്ക് റെക്കോഡുമായി എത്തിയ അഭിഷേക് ശർമയും ഇശാൻ കിഷനും മുതൽ ബാറ്റർമാരെല്ലാം താളം മറന്നപ്പോൾ ഓപണിങ്ങിൽ മാത്രമല്ല, മൂന്നാം നമ്പറിലും ആരെ ഇറക്കണമെന്നതാണ് വിഷയം. സഞ്ജുവിന് ഒരിക്കലൂടെ നറുക്ക് വീഴുമെന്നാണ് സൂചന. വയറ്റിലെ അണുബാധയെ തുടർന്ന് ചെറിയ ഇടവേളയെടുത്ത് തിരിച്ചെത്തിയ അഭിഷേക് ഇനിയും കളി വീണ്ടെടുത്തിട്ടില്ല. നാലു കളികളിൽ 15 റൺ മാത്രമാണ് താരത്തിന്റെ സമ്പാദ്യം, മൂന്ന് കളികളിൽ സംപൂജ്യനും. തിലക് വർമയും ഏറെ മെച്ചപ്പെടാനുണ്ട്. സൂര്യകുമാർ യാദവ് 180 റൺസ് അടിച്ചെടുത്തിട്ടുണ്ടെങ്കിലും ടീം കൂടുതൽ പ്രതീക്ഷിക്കുന്നുണ്ട്. മധ്യനിരയിൽ ശിവം ദുബെയും ഹാർദികും നൽകുന്ന ഊർജമാണ് ഗ്രൂപ് ഘട്ടത്തിൽ പലപ്പോഴും ടീമിന് തുണയായത്.
ഇടംകൈയൻ ബാറ്റർമാരായ ഇശാൻ കിഷൻ, അഭിഷേക്, തിലക് വർമ എന്നിവരെ നേരിടാൻ ഓഫ് സ്പിന്നർമാരെ പവർ േപ്ലയിൽ പരീക്ഷിക്കുന്നതാണ് ടീമുകൾ എടുക്കുന്ന നയം. ഇത് പരിഹരിക്കാൻ ആദ്യ മൂന്നിൽ വലം കൈയനായ സഞ്ജുവിന് അവസരം നൽകിയാൽ ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. ടീമിലെ മൂന്നാം ഓപണറും വിക്കറ്റ് കീപ്പറുമായ താരം ഏത് പൊസിഷനിലും ബാറ്റ് ചെയ്യാനാകുന്ന താരമാണെന്നും സഞ്ജുവിനെ കളിപ്പിക്കുന്നത് ആലോചിക്കുമെന്നും ഇന്ത്യയുടെ ബാറ്റിങ് കോച്ച് സിതാംശു കോടക് പറയുന്നു.
ബൗളിങ്ങിൽ ടീം ഏറ്റവും മികച്ച പ്രകടനം തുടരുന്നതിനാൽ സിംബാബ്‍വെക്കെതിരെയും ആശങ്കകളൊന്നുമില്ല. ബുംറക്കൊപ്പം വരുൺ ചക്രവർത്തി, അർഷ്ദീപ് സിങ്, ഹാർദിക് പാണ്ഡ്യ എന്നിവരെല്ലാം മികച്ച ഫോമിലാണ്. ദക്ഷിണാഫ്രിക്കക്കെതിരായ കളിയിൽ പുറത്തിരുന്ന ഉപനായകൻ അക്സർ പട്ടേൽ സിംബാബ്‍വെക്കെതിരെ ആദ്യ ഇലവനിൽ എത്തിയേക്കും.
സിംബാബ്‍വെ അക്ഷരാർഥത്തിൽ കറുത്ത കുതിരകളായാണ് ഈ ലോകകപ്പിൽ സൂപ്പർ എട്ടിലെത്തിയത്. ശ്രീലങ്കയെയും ആസ്ട്രേലിയയും ഗംഭീരമായി കളിച്ച് വീഴ്ത്തിയാണ് ടീം ഇവിടം വരെ എത്തിയത്. ഇനിയങ്ങോട്ടും അതേ മികവ് തുടരാനാകുമെന്ന് ടീം കണക്കുകൂട്ടുന്നു. െബ്ലസിങ് മുസറബനി, റിച്ചാഡ് എൻഗരാവ, ബ്രയാൻ ബെന്നറ്റ്, ടാഡിവനാഷെ മറുമനി, തഷിംഗ മുസേകിവ എന്നിങ്ങനെ കഴിഞ്ഞ കളികളിൽ മികവു കാട്ടിയവർ ഏറെ. ഇവരെയൊക്കെ മെരുക്കി ബാറ്റിങ്ങിലും ബൗളിങ്ങിലും മുന്നിൽനിൽക്കാനാകണമെങ്കിൽ ടീം ഇന്ത്യ നന്നായി ഗൃഹപാഠം ചെയ്യേണ്ടിവരും.
ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, തിലക് വർമ, സഞ്ജു സാംസൺ, ശിവം ദുബെ, ഇഷാൻ കിഷൻ, ഹാർദിക് പാണ്ഡ്യ, അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, റിങ്കു സിങ്.
സിംബാബ്‌വെ: സിക്കന്ദർ റാസ (ക്യാപ്റ്റൻ), ബ്രയാൻ ബെന്നറ്റ്, റയാൻ ബർൾ, ഗ്രെയിം ക്രീമർ, ബ്രാഡ്‌ലി ഇവാൻസ്, ക്ലൈവ് മദാൻഡെ, ടിനോടെൻഡ മപോസ, തടിവാനഷെ മറുമനി, വെല്ലിംഗ്ടൺ മസകാഡ്‌സ, ടോണി മുൻയോംഗ, തഷിംഗ മുസെക്കിവ, ബെൻറൂർ മൈസറബാനി, ബ്ലെസിങ് മുസറാവർബാനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.