ഇന്ത്യൻ വനിതാ ടീമിന്റെ വിജയാഘോഷം, വിരാട് കോഹ്‍ലിയും സചിൻ ടെണ്ടുൽകറും

1983​ന്റെ ആവർത്തനം; തലമുറകൾക്ക് പ്രചോദനം; ലോകചാമ്പ്യന്മാരെ പ്രശംസകൾകൊണ്ട് മൂടി സചിനും കോഹ്‍ലിയും

മുംബൈ: ഞായറാഴ്ച അർധരാത്രി പിന്നിട്ട നിമിഷത്തിൽ മുംബൈ ഡി​.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ ഹർമൻ പ്രീതും സംഘവും കുറിച്ച ചരിത്ര നേട്ടത്തെ ആഘോഷം കെട്ടടങ്ങുന്നില്ല. ആസ്ട്രേലിയക്കും (ഏഴു തവണ), ഇംഗ്ലണ്ടിനും (നാല്), ന്യൂസിലൻഡിനും (ഒന്ന്) ശേഷം വനിതാ ഏകദിന ലോകകപ്പിൽ മുത്തമിട്ട നാലാമത്തെ ടീമായി മാറിയ ഇന്ത്യൻ പെൺപടയെ തേടിയെത്തിയ അഭിനന്ദന സന്ദേശങ്ങളിൽ ആദ്യത്തേത് വിരാട് കോഹ്‍ലിയുടേതായിരുന്നു.

2005ൽ സെഞ്ചൂറിയനിലും, 2017ൽ മെൽബണിലും കൈയെത്തും ദൂരെ നഷ്ടമായ കിരീടം ഹർമൻപ്രീതും സംഘവും മുംബൈയിലെ മണ്ണിൽ സ്വന്തമാക്കിയപ്പോൾ മുൻ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ സചിനും വിരാടും ഇരട്ടി സ​ന്തോഷം.

1983ൽ കപിൽ ദേവും സംഘവും നേടിയ വിജയവുമായി താരതമ്യം ചെയ്തായിരുന്നു സചിൻ ടെണ്ടുൽകറുടെ ​അഭിനന്ദനം.

2011ൽ ഏകദിന ലോകകിരീടമണിഞ്ഞ സചിൻ ഹർമൻ പ്രീതിന്റെയും കൂട്ടുകാരുടെയും വിജയം തലമുറകൾക്ക് പ്രചോദനം പകരുന്ന നേട്ടമായി മാറുമെന്ന് പറഞ്ഞു.

‘1983 തലമുറകളെ മുഴുവൻ വലിയ സ്വപ്നങ്ങൾ കാണാനും സ്വപ്നങ്ങളെ പിന്തുടരാനും പ്രേരിപ്പിച്ചു. ഇന്ന്, നമ്മുടെ വനിതാ ക്രിക്കറ്റ് ടീമും സമാനമായ നേട്ടം പകരുന്നു. രാജ്യത്തുടനീളമുള്ള പെൺകുട്ടികൾക്ക് ബാറ്റും പന്തും എടുക്കാനും കളിക്കാനും ഒരു ദിവസം തങ്ങൾക്കും ആ കിരീടം ഉയർത്താൻ കഴിയുമെന്ന് വിശ്വസിക്കാനും അവർ പ്രചോദനം നൽകി. ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ യാത്രയിലെ നിർണായക നിമിഷമാണിത്. അവർ നന്നായി ചെയ്തു. നിങ്ങൾ മുഴുവൻ രാജ്യത്തിനും അഭിമാനമായി’ -സചിൻ കുറിച്ചു.

ഏറ്റവും അഭിമാനകരമായ നിമിഷമെന്ന് കുറിച്ച വിരാട് കോഹ്‍ലി, തലമുറകൾക്ക് എന്നും പ്രചോനദനം പകരുന്ന വിജയമാണെന്ന് വിശേഷിപ്പിച്ചാണ് അഭിനന്ദിച്ചത്.

‘ഈ പെൺകുട്ടികൾ ചരിത്രം സൃഷ്ടിച്ചു. വർഷങ്ങളുടെ കഠിനാധ്വാനം ഒടുവിൽ വിജയത്തിലെത്തുന്നത് കാണുമ്പോൾ ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ അഭിമാനം. ചരിത്രചുവടുവെച്ച ഹർമൻ പ്രീതും സംഘവും വലിയ അഭിനന്ദനം അർഹിക്കുന്നു. ഈ നേട്ടത്തിനു പിന്നിൽ പ്രവർത്തിച്ച ടീം അംഗങ്ങൾക്കും പിന്നിൽ പ്രവർത്തിച്ചവർക്കും അഭിനന്ദനം. രാജ്യത്തെ കായിക ചരിത്രത്തിൽ തലമുറകൾക്ക് പ്രചോദനമാവും. ജയ് ഹിന്ദ്’ - വിരാട് കോഹ്‍ലി കുറിച്ചു. 

Tags:    
News Summary - India legends Virat Kohli and Sachin Tendulkar congratulated Indian women’s cricket team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.