ലീഡ്സ് (ഇംഗ്ലണ്ട്): മൂന്ന് വമ്പന്മാരുടെ അഭാവം, പ്രതിഭാ സമ്പന്നരായ യുവനിര, പുതിയ നായകൻ. ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച മൂന്നു പ്രധാന ഘടകങ്ങളാണിവ. ബാറ്റിങ് നെടുംതൂണുകളായിരുന്ന വിരാട് കോഹ്ലിയും രോഹിത് ശർമയും സ്പിൻ ഓൾ റൗണ്ടർ അശ്വിനും വിരമിച്ച ശേഷം ആദ്യ പരമ്പര.
യുവ നായകൻ ശുഭ്മൻ ഗില്ലിന്റെ പ്രഥമ ദൗത്യവുമാണ് ഇംഗ്ലണ്ടിലേത്. സ്വന്തം മണ്ണിൽ ഇംഗ്ലീഷുകാരെ തോൽപിക്കുക അത്ര എളുപ്പമല്ലെങ്കിലും ആൻഡേഴ്സൺ-ടെണ്ടുൽകർ ട്രോഫിയെന്ന് പേരുമാറിയെത്തിയ പട്ടോഡി ട്രോഫിയില്ലാതെ മടങ്ങുന്നത് പരിശീലകൻ ഗൗതം ഗംഭീറിനും ക്ഷീണമായിരിക്കും. ക്രിക്കറ്റിന്റെ തറവാട്ടുകാരായ ഇംഗ്ലണ്ടുമായി പരമ്പരാഗത ഫോർമാറ്റിൽ പരമ്പര ജയിക്കുക ഇന്ത്യക്ക് ഏറെ അഭിമാനം നൽകുന്ന കാര്യവുമാണ്. ലീഡ്സിലെ ഹെഡിങ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് അഞ്ചു മത്സര പരമ്പരയിലെ ആദ്യ കളി.
മൂന്നാം നമ്പറിൽ ആരാണ് ഇറങ്ങുകയെന്നതാണ് ഇന്ത്യയെ സംബന്ധിച്ച് വലിയ സസ്പെൻസുകളിലൊന്ന്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി പരീക്ഷണങ്ങളുടെ പൊസിഷനാണിത്. കൂടുതലും ഗില്ലായിരുന്നു ഈ സ്ഥാനത്ത്. ടെസ്റ്റിൽ കോഹ്ലി ഇറങ്ങിയിരുന്നത് നാലാം നമ്പറിലാണ്. കോഹ്ലി വിരമിച്ചതോടെ ഈ ഉത്തരവാദിത്തം ഗിൽ ഏറ്റെടുത്തു. യശസ്വി ജയ്സ്വാളും കെ.എൽ രാഹുലും ഓപണർമാരാവുമ്പോൾ നാലും അഞ്ചും സ്ഥാനങ്ങളിൽ യഥാക്രമം ഗില്ലും വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തുമെത്തും. കരുൺ നായരെയും സായ് സുദർശനെയുമാണ് പ്രധാനമായും മൂന്നിലേക്ക് പരിഗണിക്കുന്നത്. സാധ്യത കൂടുതൽ കരുണിന് തന്നെ. പക്ഷെ കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ മലയാളി താരത്തിന് പരിക്കേറ്റത് ആശങ്ക ഉയർത്തിയിട്ടുണ്ട്.
ഒരുപിടി ഓൾ റൗണ്ടർമാരുടെ സാന്നിധ്യം ഇന്ത്യക്ക് മുതൽക്കൂട്ടാണ്. സ്പിൻ ബൗളിങ് ഓൾ റൗണ്ടറെന്ന നിലയിൽ രവീന്ദ്ര ജദേജയെ പരിഗണിക്കാനാണ് സാധ്യത. അല്ലെങ്കിൽ വാഷിങ്ടൺ സുന്ദറുണ്ട്. എട്ടാമനായി പേസ് ബൗളിങ് ഓൾ റൗണ്ടർ ഷാർദുൽ ഠാകുറെത്തിയേക്കും. ഇംഗ്ലണ്ടിലെ സവിശേഷ സാഹചര്യം കണക്കിലെടുത്ത് ഏറ്റവും കുറഞ്ഞത് മൂന്ന് സ്പെഷലിസ്റ്റ് പേസർമാർ വേണം. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും സീറ്റുറപ്പിച്ചിട്ടുണ്ട്. അടുത്ത ഇടം പ്രസിദ്ധ് കൃഷ്ണക്കും ലഭിച്ചേക്കും. ആസ്ട്രേലിയൻ പര്യടനത്തിൽ സെഞ്ച്വറി നേടിയ ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡി പേസറാണ്. ഒരു സ്പെഷലിസ്റ്റ് ബാറ്ററെ കുറക്കാനാണ് തീരുമാനമെങ്കിൽ അത് നിതീഷിന് അനുകൂലമാവും.
മത്സരത്തിന് രണ്ട് ദിവസം മുമ്പെ പ്ലേയിങ് ഇലവനിൽ പ്രഖ്യാപിച്ചിട്ടുണ്ട് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ലോകത്തെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റർമാരിലൊരാളായ ജോ റൂട്ട് നങ്കൂരമിട്ടാൽ ഇന്ത്യക്ക് കാര്യങ്ങൾ ബുദ്ധിമുട്ടാവും. ആക്രമണോത്സുക ബാറ്റിങ് കാഴ്ചവെച്ച് മത്സരം പിടിച്ചെടുക്കുകയെന്ന ലക്ഷ്യത്തോടെ ഇംഗ്ലണ്ട് പരീക്ഷിച്ചു വിജയിച്ച ബാസ്ബാൾ ശൈലിക്ക് അനുകൂലമായ ചരിത്രമല്ല ഹെഡിങ്ലിയിലേത്. പേസ് ബൗളിങ് ഓൾ റൗണ്ടറായ നായകൻ സ്റ്റോക്സും സംഘവും ഇന്ത്യൻ ബാറ്റിങ്ങിന്റെ നട്ടെല്ലൊടിക്കാനുള്ള കഠിന പരിശീലനത്തിലായിരുന്നു. അതിനായി വെറ്ററൻ ക്രിസ് വോക്സിനെയും മറ്റു പേസർമാരായ ബ്രൈഡൻ കാഴ്സെയെയും ജോഷ് ടങ്ങിനെയും ഒരുക്കി നിർത്തിയിട്ടുണ്ട്. കൂടെ യുവ സ്പിന്നർ ഷുഐബ് ബഷീറും.
കണക്കെടുത്താൽ ഇംഗ്ലണ്ടാണ് മുന്നിൽ. കഴിഞ്ഞ വർഷം പട്ടോഡി ട്രോഫി പരമ്പര അരങ്ങേറിയത് ഇന്ത്യയിലായിരുന്നു. ആതിഥേയർ 4-1ന് ജയിച്ചു. അതിനു ശേഷം ടെസ്റ്റിൽ പക്ഷേ, ഇന്ത്യയുടെ കഷ്ടകാലമായിരുന്നു. ന്യൂസിലൻഡിനോടും ആസ്ട്രേലിയയോടും നാണംകെട്ടു. 2025ലെ ആദ്യ ടെസ്റ്റ് പരമ്പര കൂടിയാണ് ഇന്ത്യക്കിത്.
ഇന്ത്യന്‍ സ്ക്വാഡ്: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, കെ.എല്‍. രാഹുല്‍, കരുണ്‍ നായര്‍, ഋഷഭ് പന്ത്, സായ് സുദര്ശന്, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജദേജ, ഷാര്‍ദുല്‍ ഠാകുര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, അഭിമന്യു ഈശ്വരന്, ധ്രുവ് ജുറെല്‍, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, ഹർഷിത് റാണ.
ഇംഗ്ലണ്ട് ഇലവൻ: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), സാക് ക്രോളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജാമി സ്മിത്ത്, ക്രിസ് വോക്സ്, ബ്രൈഡൻ കാഴ്സെ, ജോഷ് ടങ്, ഷുഐബ് ബഷീർ.
ബാറ്റിങ് കരുത്തിനൊപ്പം ജസ്പ്രീത് ബുംറയുടെയും സംഘത്തിന്റെയും പേസിലും ഇന്ത്യ ഉറ്റുനോക്കുകയാണ്. ബുംറ തന്നെയാണ് ടീമിന്റെ തുറുപ്പുചീട്ട്. 35 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 156 വിക്കറ്റുകളാണ് താരം ഇതുവരെ നേടിയത്. 2021-2022 ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പര 2-2 സമനിലയിലായിരുന്നു. അന്ന് ഒമ്പത് ഇന്നിങ്സുകളിലായി ബുംറ 23 വിക്കറ്റുമായി ഒന്നാമതെത്തി. കഴിഞ്ഞ വർഷം ബോർഡർ- ഗാവസ്കർ ട്രോഫി പരമ്പരയിൽ ഇന്ത്യ ആസ്ട്രേലിയയോട് തോറ്റെങ്കിലും എട്ട് ഇന്നിങ്സിൽ 32 വിക്കറ്റുകളുമായി മാൻ ഓഫ് ദ സീരീസായി ബുംറ.
ചരിത്രം നോക്കിയാൽ ബാറ്റർമാരെ തുണക്കുന്ന പിച്ചാണ് ഹെഡിങ്ലിയിലേത്. എന്നാൽ, പതിയെപ്പതിയെ ബൗൺസും സ്വിങ്ങും പേസ് ബൗളർമാർക്ക് അനുകൂലമാക്കുന്നു. ആയതിനാൽ ടോസ് ഏറെ നിർണായകമാണ്. മികച്ച ബാറ്റിങ് വിക്കറ്റാണെന്നാണ് ക്യുറേറ്ററുടെ അവകാശവാദം. ആദ്യം ബാറ്റ് ചെയ്യുന്നവർക്ക് 300 കടക്കാൻ പ്രയാസമുണ്ടാവില്ലെന്നും ക്യുറേറ്റർ റിച്ചാർഡ് റോബിൻസൺ പറഞ്ഞു.
ലീഡ്സ്: നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയ മലയാളി ബാറ്റർ കരുൺ നായരെ സംബന്ധിച്ച് നിർണായകമാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര. കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ പരിക്കേറ്റ താരത്തിന് കളിക്കാനാവുമെന്നാണ് പ്രതീക്ഷ. രഞ്ജി ട്രോഫിയിൽ നടത്തിയ മിന്നുംപ്രകടനം കണക്കിലെടുത്താണ് 33കാരനെ എട്ടു വർഷത്തിനു ശേഷം വീണ്ടും ടീമിലുൾപ്പെടുത്തിയത്. 2016ലെ ചെന്നൈ ടെസ്റ്റിൽ കരുൺ (303) ട്രിപ്ൾ ശതകവുമായി അവിസ്മരണീയ പ്രകടനം നടത്തിയത് ഇംഗ്ലണ്ടിനെതിരെയായിരുന്നു. ഇയ്യിടെ ഇംഗ്ലണ്ട് ലയൺസിനെതിരെ ഇന്ത്യ എ ടീമിനായി ഇറങ്ങിയ ഇരട്ട ശതകം നേടിയാണ് കരുൺ തിരിച്ചുവരവറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.