മെൽബൺ: നന്നായി ബാറ്റ് ചെയ്യവെ മഴ പെയ്യുന്നത് എന്തൊരു കഷ്ടമാണ്. ആസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിൽ കഴിഞ്ഞ ദിവസം കാൻബെറയിൽ നടന്ന ആദ്യമത്സരത്തിൽ ഇന്ത്യയുടെ അവസ്ഥയിതായിരുന്നു. അഞ്ച് മത്സര പരമ്പരയിലെ രണ്ടാം മത്സരം വെള്ളിയാഴ്ച മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ അരങ്ങേറുമ്പോൾ ജയത്തിൽ കുറഞ്ഞൊന്നും ഇരുടീമും ആഗ്രഹിക്കുന്നില്ല. ഏകദിന പരമ്പര 1-2ന് അടിയറവെച്ച ഇന്ത്യക്ക് ട്വന്റി20യിൽ ജയം അനിവാര്യമാണ്. സൂര്യകുമാർ യാദവിനും യുവനിരക്കും അത് അപ്രാപ്യവുമല്ല.
ആദ്യകളിയിൽ ഇന്ത്യ 9.4 ഓവറിൽ 97 റൺസിൽ ജ്വലിച്ചുനിൽക്കെയാണ് മഴമൂലം ഉപേക്ഷിക്കേണ്ടിവന്നത്. മെൽബണിലും കാർമേഘങ്ങളുണ്ട്. കാൻബെറയിലെ പ്ലേയിങ് ഇലവനെ ഇന്ത്യ നിലനിർത്താനാണ് സാധ്യത. വിക്കറ്റ് കീപ്പർ ബാറ്ററായി മലയാളി താരം സഞ്ജു സാംസണുണ്ടാവും. അഭിഷേക് ശർമയും ശുഭ്മൻ ഗില്ലും തുടങ്ങിവെച്ചാൽ ഏറ്റെടുക്കാൻ സൂര്യയും തിലക് വർമയും സഞ്ജുവുമെത്താനുണ്ട്. ഓൾ റൗണ്ടർമാരായി ശിവം ദുബെയും അക്ഷർ പട്ടേലും ജസ്പ്രീത് ബുംറ പേസ് ഡിപ്പാർട്ട്മെന്റിലുണ്ട്. മാച്ച് വിന്നിങ് സ്പിന്നറായി കുൽദീപ് യാദവും. മിച്ചൽ മാർഷ് നയിക്കുന്ന ഓസീസ് ടീമിൽ ട്രാവിസ് ഹെഡ്, മാർക്കസ് സ്റ്റോയ്നിസ്, ടിം ഡേവിഡ്, ജോഷ് ഇംഗ്ലിസ് തുടങ്ങിയ വമ്പനടിക്കാരുണ്ട്. പാറ്റ് കമ്മിൻസും മിച്ചൽ സ്റ്റാർക്കുമില്ലെങ്കിലും ജോഷ് ഹേസിൽവുഡടക്കമുള്ള പേസർമാർ അപകടകാരികളാണ്.
ടീം ഇവരിൽനിന്ന്
ഇന്ത്യ: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), അഭിഷേക് ശർമ, ശുഭ്മൻ ഗിൽ, തിലക് വർമ, സഞ്ജു സാംസൺ, ശിവം ദുബെ, അക്ഷർ പട്ടേൽ, ഹർഷിത് റാണ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, നിതീഷ് കുമാർ റെഡ്ഡി, ജിതേഷ് ശർമ, അർഷ്ദീപ് സിങ്, വാഷിങ്ടൺ സുന്ദർ, റിങ്കു സിങ്.
ആസ്ട്രേലിയ: മിച്ചൽ മാർഷ് (ക്യാപ്റ്റൻ), സീൻ ആബട്ട്, ടിം ഡേവിഡ്, ബെൻ ദ്വാർഷുയിസ്, നതാൻ എല്ലിസ്, ജോഷ് ഹേസിൽവുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇൻഗ്ലിസ്, മാത്യു കുനിമാൻ, മിച്ചൽ ഓവൻ, ജോഷ് ഫിലിപ്പ്, തൻവീർ സംഘ, മാത്യു ഷോർട്ട്, മാർക്കസ് സ്റ്റോയ്നിസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.