ലണ്ടൻ: ലീഡ്സ് ടെസ്റ്റിൽ ഒരു ദിവസം മാത്രം ബാക്കി നിൽക്കെ മത്സരം ആവേശകരമായ അന്ത്യത്തിലേക്ക്. പത്തു വിക്കറ്റ് കൈയിലുള്ള ഇംഗ്ലണ്ടിന് ഇന്ത്യക്കെതിരായ മത്സരം സ്വന്തമാക്കാൻ ഇനിയും 350 റൺസ് വേണം. ഇംഗ്ലണ്ട് അതിവേഗ സ്കോറിങ്ങിലൂടെ ലക്ഷ്യത്തിലെത്താൻ ശ്രമിക്കുമോ, അതോ സമനിലക്കായി പൊരുതുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
ആദ്യ ഇന്നിങ്സിൽ ആറു റൺ ലീഡ് പിടിച്ച ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 364 റൺസിന് പുറത്തായി. ഇംഗ്ലണ്ടിന് 371 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ട് കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 21 റൺസെടുത്തു. കെ.എൽ. രാഹുലിന്‍റെയും വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‍റെയും സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്.
ഇംഗ്ലണ്ടിൽ രാഹുലിന്‍റെ മൂന്നാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണിത്. മത്സരത്തിൽ പന്തിന്‍റെ രണ്ടാം സെഞ്ച്വറിയും. ആദ്യ ഇന്നിങ്സിൽ പന്തിനെ കൂടാതെ, നായകൻ ശുഭ്മൻ ഗില്ലും യശസ്വി ജയ്സ്വാളും സെഞ്ച്വറി നേടിയിരുന്നു. ഇന്ത്യയുടെ ടെസ്റ്റ് ചരിത്രത്തിൽ ഒരു ടെസ്റ്റ് മത്സരത്തിൽ രണ്ടു ഇന്നിങ്സുകളിലുമായി അഞ്ചു താരങ്ങൾ സെഞ്ച്വറി കുറിക്കുന്നത് ഇതാദ്യം. 1932ലാണ് ഇന്ത്യ ആദ്യമായി ടെസ്റ്റ് കളിക്കുന്നത്. ടീമിന്‍റെ 590ാമത്തെ ടെസ്റ്റിലാണ് ടീം ഈ അപൂർവ നേട്ടം കൈവരിക്കുന്നത്. നേരത്തെ, നാലു തവണ ഒരു ടെസ്റ്റിൽ നാലു താരങ്ങൾ വീതം സെഞ്ച്വറി നേടിയിരുന്നു. ഈ മത്സരങ്ങളെല്ലാം നടന്നത് ഇന്ത്യൻ മണ്ണിലായിരുന്നു.
എവേ മത്സരത്തിൽ ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ രാജ്യം മാത്രമാണ് ഇന്ത്യ. 1955ൽ ജമൈക്കയിൽ വെസ്റ്റിൻഡീസിനെതിരെ ആസ്ട്രേലിയയുടെ അഞ്ചു താരങ്ങൾ സെഞ്ച്വറി നേടിയതാണ് ഇതിനു മുമ്പത്തെ നേട്ടം. പാകിസ്താൻ രണ്ടു തവണ ഒരു ടെസ്റ്റിൽ അഞ്ചു സെഞ്ച്വറി നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2010ൽ കൊൽക്കത്തയിൽ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിൽ വിരേന്ദർ സെവാഗ്, സചിൻ ടെണ്ടുൽക്കർ, വി.വി.എസ്. ലക്ഷ്മൺ, എം.എസ്. ധോണി എന്നിവർ സെഞ്ച്വറി നേടിയിരുന്നു.
2009ൽ അഹ്മദാബാദിൽ ശ്രീലങ്കക്കെതിരെ നടന്ന ടെസ്റ്റിൽ ഇന്ത്യക്കായി നാലു താരങ്ങൽ മൂന്നക്കത്തിലെത്തി. രാഹുൽ ദ്രാവിഡ്, ധോണി, ഗൗതം ഗംഭീർ, സചിൻ എന്നിവരാണ് സെഞ്ച്വറി കുറിച്ചത്. ലീഡ്സ് ടെസ്റ്റിൽ 15 ഫോറും മൂന്നു സിക്സുമടക്കം 140 പന്തിൽ 118 റൺസായിരുന്നു പന്തിന്റെ സമ്പാദ്യം. ആദ്യ ഇന്നിങ്സിൽ താരം 134 റൺസ് അടിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരെ അഞ്ചാം ശതകം തികച്ചതിനൊപ്പം ടെസ്റ്റ് ചരിത്രത്തിൽ ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരവുമായി പന്ത്.
മുമ്പ് ദക്ഷിണാഫ്രിക്കക്കെതിരെ സിംബാബ്‍വെ താരം ആൻഡി ഫ്ലവറാണ് ഈ നേട്ടം തൊട്ട ഒന്നാമൻ. കെ.എൽ. രാഹുൽ 247 പന്തിൽ 18 ഫോറടക്കം 137 റൺസെടുത്ത് പുറത്തായി. കാഴ്സിന്റെ പന്തിൽ ഹിറ്റ് വിക്കറ്റായാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.