വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും ബംഗ്ലാദേശ് പരമ്പരയിലെ ഇന്ത്യൻ വൈസ് ക്യാപ്റ്റനുമായ റിഷഭ് പന്തിന് വാഹനാപകടത്തിൽ പരിക്കേറ്റതോടെ വരാനിരിക്കുന്ന ഏതാനും പരമ്പരകൾ നഷ്ടമാകുമെന്നുറപ്പാണ്. ടെസ്റ്റ് മത്സരത്തിൽ മികച്ച റെക്കോഡുള്ള പന്തിന്‍റെ അഭാവം ആസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് തിരിച്ചടിയാകും.
കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 5.30ഓടെ ഡൽഹി-ഹരിദ്വാർ ഹൈവേയിൽ ഡെറാഡൂണിൽനിന്ന് 90 കിലോമീറ്റർ അകലെ നർസനിലായിരുന്നു റിഷഭ് പന്തിന് അപകടം സംഭവിച്ചത്. താരം സഞ്ചരിച്ച ആഢംബര കാർ ഡിവൈഡറിലിടിച്ച് തീപിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ പന്ത് ചികിത്സയിൽ തുടരുകയാണ്.
ആസ്ട്രേലിയൻ പരമ്പരക്ക് പുറമേ ഐ.പി.എല്ലും പന്തിന് നഷ്ടമാകുമെന്നാണ് വിലയിരുത്തൽ. അതേസമയം, പന്തിന് പകരക്കാരനായി ആര് വരുമെന്ന ചർച്ചയും സജീവമാണ്.
ഇന്ത്യൻ മുൻ സ്പിന്നർ മനീന്ദർ സിങ് റിഷഭ് പന്തിന് പകരക്കാരനായി നിർദേശിച്ചിരിക്കുന്നത് യുവതാരം ഇഷാൻ കിഷനെയാണ്. 'പന്തിന് പരിക്ക് കാരണം കളിക്കാനാവില്ലെങ്കിൽ ടീം മാനേജ്മെന്‍റ് ഇഷാൻ കിഷന് അവസരം നൽകണം. എല്ലാ ഫോർമാറ്റിലും കളിക്കാൻ പന്തിന് അനുയോജ്യനായ പകരക്കാരനാണ് കിഷൻ' -മനീന്ദർ സിങ് പറഞ്ഞു. ബംഗ്ലാദേശിനെതിരായ ഏകദിന മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടി മികവ് കാട്ടി നിൽക്കുകയാണ് ഇഷാൻ കിഷൻ.
ഇഷാൻ കിഷന് വലിയ ഇന്നിങ്സുകൾ കളിക്കാനാകും. ഇത്രയേറെ കഴിവുള്ള കളിക്കാരന് അവസരം നൽകുകയെന്നത് ടീം മാനേജ്മെന്‍റിന്‍റെയും സെലക്ടർമാരുടെയും ജോലിയാണ്. പന്തിന്‍റെ പ്രതിഭയോട് കിടപിടിക്കുന്ന ഒരു താരം ഇന്നുണ്ടെങ്കിൽ അത് ഇഷാൻ കിഷൻ മാത്രമാണ് -മനീന്ദർ സിങ് പറഞ്ഞു.
അതേസമയം, മറ്റൊരു വിക്കറ്റ് കീപ്പറായ കെ.എസ്. ഭാരതിനോട് ബി.സി.സി.ഐ തയാറായിരിക്കാൻ നിർദേശം നൽകിയതായി റിപ്പോർട്ടുകളുണ്ട്. ആസ്ട്രേലിയൻ പരമ്പരക്ക് കെ.എസ്. ഭാരതിനെ ഇന്ത്യ ഇറക്കിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി ഒമ്പതിനാണ് ആസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.