മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ പിച്ചിൽ നടന്ന ആഷസ് മത്സരത്തിൽ നിന്ന്
ദുബൈ: ആഷസ് ടെസ്റ്റ് പരമ്പരയിലെ നാലാം മത്സരത്തിനായി മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഒരുക്കിയ പിച്ചിൽ അതൃപ്തി രേഖപ്പെടുത്തി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. രണ്ടുദിവസം കൊണ്ട് അവസാനിച്ച മത്സരത്തിനുശേഷം പിച്ചിനെതിരെ ആസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സ് തുടങ്ങി പ്രമുഖരായ പലരും രംഗത്തുവന്നിരുന്നു.
ആദ്യദിനം തന്നെ 20 വിക്കറ്റ് നിലംപതിച്ച കളിയിൽ ഓസീസിനെതിരെ ഇംഗ്ലണ്ട് ജയം നേടി. പിച്ച് ബൗളർമാരെ അകമഴിഞ്ഞ് തുണച്ചുവെന്നാണ് മാച്ച് റഫറി ദെഫ് ക്രോയുടെ റിപ്പോർട്ട്. ‘‘നാലാം ആഷസ് ടെസ്റ്റിന് വേദിയായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലെ പിച്ചിനെ ‘തൃപ്തികരമല്ല’ എന്ന് കണക്കാക്കിയിട്ടുണ്ട്. ഐ.സി.സി പിച്ച്-ഔട്ട്ഫീൽഡ് മോണിറ്ററിങ് പ്രോസസ് പ്രകാരം വേദിക്ക് ഒരു ഡീമെറിറ്റ് പോയന്റ് നൽകി’’-ഐ.സി.സി പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, കടന്നുപോവുന്ന വർഷം ഇന്ത്യയിൽ അന്താരാഷ്ട്ര മത്സരങ്ങൾക്ക് ഉപയോഗിച്ച എല്ലാ പിച്ചുകളിലും ഇവർ സംതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്.
ബോക്‌സിങ് ഡേയിൽ മെൽബണിൽ ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഓസീസിനെ ഒന്നാം ഇന്നിങ്‌സിൽ 152 റൺസിന് പുറത്താക്കുകയായിരുന്നു. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജോഷ് ടങ്ങാണ് ഇംഗ്ലീഷ് ബൗളർമാരിൽ തിളങ്ങിയത്. എന്നാൽ ഒന്നാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ കാത്തിരുന്നത് അതിലും വലിയ തകർച്ചയായിരുന്നു. അരങ്ങേറ്റക്കാരൻ മൈക്കൽ നെസർ നാലും സ്‌കോട്ട് ബോളണ്ട് മൂന്നും വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഇംഗ്ലണ്ട് വെറും 110 റൺസിന് പുറത്തായി.
ആഷസ് പരമ്പരയുടെ ഒരു ദിവസത്തെ കളിയിൽ കുറഞ്ഞത് 20 വിക്കറ്റുകളെങ്കിലും വീഴുന്നത് ചരിത്രത്തിൽ ഇത് ആറാം തവണയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.