രോഹിതിനെ മറികടന്ന് കോഹ്‌ലി ഏകദിന റാങ്കിങ്ങിൽ നാലാമത്; അഫ്ഗാന്റെ അസ്മത്തുള്ള ഉമർസായി നമ്പർ വൺ ഓൾറൗണ്ടർ

ദുബൈ: ചാമ്പ്യൻസ് ട്രോഫി സെമി ഫൈനലിൽ ഇന്ത്യൻ വിജയത്തിന്റെ ചുക്കാൻ പിടിച്ച സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലി ഐ.സി.സി ലോക റാങ്കിങിൽ ഒരു സ്ഥാനം മെച്ചപ്പെടുത്തി നാലാം റാങ്കിലെത്തി. ഇന്ത്യൻ നായകൻ രോഹിത് ശർമയെ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് കോഹ്‌ലി നാലാമതെത്തിയത്.

ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരെ സെഞ്ച്വറി നേടിയ കോഹ്‌ലി കഴിഞ്ഞ ദിവസം സെമി ഫൈനലിൽ ആസ്ട്രേലിയക്കെതിരെ 84 റൺസ് നേടിയിരുന്നു. അതേസമയം, ഇന്ത്യൻ ഓപണർ ശുഭ്മാൻ ഗിൽ തന്നെയാണ് ഒന്നാമത് തുടരുന്നത്. പാകിസ്താന്റെ ബാബർ അസമും ദക്ഷിണാഫ്രിക്കയുടെ ഹെൻ റിച്ച് ക്ലാസനുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.

ഐ.സി.സിയുടെ ഓൾറൗണ്ടർ റാങ്കിങിൽ അഫ്ഗാനിസ്താൻ താരം അസ്മത്തുള്ള ഉമർസായി രണ്ടു സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഒന്നാം സ്ഥാനത്തെത്തി. സഹതാരം മുഹമ്മദ് നബിയെ രണ്ടാം സ്ഥനത്തേക്ക്  പിന്തള്ളിയാണ് നേട്ടം.  ഇംഗ്ലണ്ടിനെതിരെ അഞ്ച് വിക്കറ്റെടുത്ത ഉമർസായി ആസ്ട്രേലിയക്കെതിരെ അർധ സെഞ്ച്വറിയും നേടിയിരുന്നു. ചാമ്പ്യൻസ് ട്രോഫിയിൽ 126 റൺസ് നേടിയ താരം ബാറ്റിങ് റാങ്കിങ്ങിൽ 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 24ാം സ്ഥാനത്തെത്തി.

ഓൾറൗണ്ടർ റാങ്കിങിൽ ഇന്ത്യയുടെ അക്ഷർ പട്ടേൽ 17 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 13ാം സ്ഥാനത്തെത്തി. കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങാണ്. ബൗളിങ് വിഭാഗത്തിൽ മുഹമ്മദ് ഷമി മൂന്ന് സ്ഥാനങ്ങൾ കയറി 11ാം റാങ്കിലെത്തി.

 

Tags:    
News Summary - ICC ODI rankings: Kohli replaces Rohit at fourth among batters, Omarzai becomes top ranked all-rounder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.