ദുബൈ: അടുത്ത വർഷം നടക്കുന്ന ചാമ്പ്യൻസ് ട്രോഫി നടത്തിപ്പ് സംബന്ധിച്ച അനിശ്ചിതത്വം നീങ്ങുന്നു. ടൂർണമെന്‍റ് ഹൈബ്രിഡ് മോഡലിൽ നടത്താമെന്ന നിർദേശത്തോട് ഒടുവിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡ് അനുകൂലമായി പ്രതികരിച്ചതായാണ് വിവരം.
ഇന്ത്യയുടെ മത്സരങ്ങൾ ന്യൂട്രൽ വേദിയിലേക്ക് മാറ്റി ഹൈബ്രിഡ് മോഡലിൽ നടത്തണമെന്ന നിലപാടിൽ ബി.സി.സി.ഐയും മത്സരം പൂർണമായും പാകിസ്താനിൽ തന്നെ നടത്തണമെന്ന നിലപാടിൽ പി.സി.ബിയും ഉറച്ചുനിന്നതോടെയാണ് ടൂർണമെന്‍റിന്‍റെ നടത്തിപ്പ് അനിശ്ചിതത്വത്തിലായത്. ഇന്ത്യയെ പങ്കെടുപ്പിക്കാതെ ടൂർണമെന്‍റ് സാധ്യമല്ലെന്ന് ഐ.സി.സിയും വ്യക്തമാക്കിയിരുന്നു.
വെള്ളിയാഴ്ച ഐ.സി.സി യോഗം ചേർന്നെങ്കിലും തീരുമാനം ഉണ്ടായില്ല. ഇന്ത്യയുടെ മത്സരങ്ങൾക്ക് ദുബൈയാണ് വേദിയാകുക. അതേസമയം, ടൂർണമെന്‍റ് ഹൈബ്രിഡ് മോഡലിൽ നടത്താൻ രണ്ടു കർശന വ്യവസ്ഥകളാണ് പി.സി.ബി മുന്നോട്ടുവെച്ചിരിക്കുന്നത്. 2031 വരെ ഇന്ത്യയിൽ ഒരു ഐ.സി.സി ടൂർണമെന്‍റിലും പാകിസ്താൻ കളിക്കില്ലെന്നതാണ് അതിലൊന്ന്. കൂടാതെ, ഐ.സി.സി വിവിധ ക്രിക്കറ്റ് ബോർഡുകൾക്ക് നൽകുന്ന വാർഷിക വരുമാനത്തിൽ കൂടുതൽ പങ്കുവേണമെന്നും പാകിസ്താൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ശനിയാഴ്ച യോഗം തീരുമാനിച്ചെങ്കിലും അവസാന നിമിഷം മാറ്റിവെക്കുകയായിരുന്നു. പകരം ഹൈബ്രിഡ് മോഡലിൽ നടത്തണമെന്ന ഐ.സി.സി നിർദേശം ചർച്ച ചെയ്യാൻ ഒരുദിവസത്തെ സാവകാശം പി.സി.ബിക്ക് നൽകി. രാജ്യത്തെ സർക്കാറുമായി കൂടിയാലോചിച്ച് ഉടൻ തീരുമാനം അറിയിക്കാനാണ് നിർദേശം. ഹൈബ്രിഡ് മോഡൽ അംഗീകരിച്ചില്ലെങ്കിൽ ടൂർണമെന്‍റ് പൂർണമായും പാകിസ്താനു പുറത്തേക്ക് മാറ്റുമെന്നും ഐ.സി.സി കർശന നിലപാടെടുത്തു.
ടൂർണമെന്‍റിന്‍റെ ആതിഥേയത്വം നഷ്ടപ്പെടുന്നത് പാകിസ്താന് വലിയ സാമ്പത്തിക തിരിച്ചടിയാകും. നടത്തിപ്പ് ഫീ ഇനത്തിൽ 65 മില്യൺ ഡോളറാണ് പാകിസ്താന് നഷ്ടപ്പെടുക. കൂടാതെ, ഐ.സി.സി വിലക്കും വന്നേക്കും. ഇതോടെയാണ് പി.സി.ബി വിട്ടുവീഴ്ചക്ക് തയാറായത്. ഇന്ത്യയുടെ ഗ്രൂപ്പ് റൗണ്ട് മത്സരങ്ങളും സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളും പാകിസ്താനു പുറത്ത് ന്യൂട്രൽ വേദിയിൽ നടത്താനാണ് നീക്കം.
2008 മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളാകുകയും പരസ്പരമുള്ള ഉഭയകക്ഷി പരമ്പരകൾ നിർത്തിവെക്കുകയുമായിരുന്നു. ഐ.സി.സി, ഏഷ്യാ കപ്പ് ടൂർണമെന്‍റുകളിൽ മാത്രമാണ് പിന്നീട് ഇരു ടീമുകളും ഏറ്റുമുട്ടിയത്. കഴിഞ്ഞ വർഷം പാകിസ്താൻ വേദിയായ ഏഷ്യാ കപ്പ് ക്രിക്കറ്റ് മത്സരങ്ങളും ഹൈബ്രിഡ് മോഡലിലാണ് നടത്തിയത്. ഇന്ത്യയുടെ മത്സരങ്ങൾക്ക് വേദിയായത് ശ്രീലങ്കയാണ്. 1996 ഏകദിന ലോകകപ്പിനുശേഷം രാജ്യത്ത് വിരുന്നെത്തുന്ന ആദ്യത്തെ ഐ.സി.സി ടൂർണമെന്‍റെന്ന നിലയിൽ കറാച്ചി, ലാഹോർ, റാവൽപിണ്ടി സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി കോടികളാണ് പി.സി.ബി മുടക്കിയത്.
ഇന്ത്യയിൽ പോയി പാകിസ്താൻ ക്രിക്കറ്റ് കളിക്കുമ്പോഴും പാകിസ്താനിലേക്ക് വരില്ലെന്ന ബി.സി.സി.ഐ നിലപാട് അംഗീകരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു പാകിസ്താൻ. 2017 ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഓവലിൽ ഇന്ത്യയെ 180 റൺസിന് തോൽപിച്ചാണ് പാകിസ്താൻ കിരീടം നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.