റാവൽപിണ്ടി: ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് എയിലെ പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ ന്യൂസിലൻഡിന് 137 റൺസ് വിജയലക്ഷ്യം. ബംഗ്ലാദേശിന്‍റെ ബാറ്റിങ് നിശ്ചിത 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 236 റൺസിൽ അവസാനിച്ചു.അർധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ നജ്മുൽ ഹൊസൈൻ ഷാന്‍റോയാണ് (77) അവരുടെ ടോപ് സ്കോറർ. നാല് വിക്കറ്റ് പിഴുത കിവീസ് ബൗളർ മൈക്കൽ ബ്രേസ്‌വെലാണ് ബംഗ്ലാ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്.
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ഓപണിങ് വിക്കറ്റിൽ 8.2 ഓവറിൽ 45 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് തൻസിദ് ഹസൻ (24) മടങ്ങിയത്. എന്നാൽ പിന്നാലെയെത്തിയവർ നിരാശപ്പെടുത്തി. മെഹ്ദി ഹസൻ (13), തൗഹിദ് ഹൃദോയ് (ഏഴ്), മുഷ്ഫിഖർ റഹീം (രണ്ട്), മഹ്മദുല്ല (നാല്) എന്നിവർ ചെറിയ സ്കോർ നേടി പുറത്തായി. എന്നാൽ ഒരറ്റത്ത് പിടിച്ചുനിന്ന നായകൻ ഷാന്‍റോ ബംഗ്ലാ ഇന്നിങ്സ് മുന്നോട്ടു നയിച്ചു. 110 പന്തിൽ 77 റൺസ് നേടിയ താരം 38-ാം ഓവറിലാണ് പുറത്തായത്.
റിഷാദ് ഹൊസൈൻ 26 റൺസ് നേടി. അർധ സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്ന ജേക്കർ അലി 49-ാം ഓവറിൽ റണ്ണൗട്ടായി. 55 പന്ത് നേരിട്ട താരം മൂന്ന് ഫോറും ഒരു സിക്സും സഹിതം 45 റൺസാണ് നേടിയത്. പത്ത് റൺസ് നേടിയ ടസ്കിൻ അഹ്മദിന്‍റെ വിക്കറ്റും അവസാന ഓവറിൽ വീണു. മുസ്തഫിസുർ റഹ്മാൻ (മൂന്ന്*), നഹിദ് റാണ (പൂജ്യം*) എന്നിവർ പുറത്താകാതെ നിന്നു. ന്യൂസിലൻഡിനായി ബ്രേസ്‌വെൽ നാല് വിക്കറ്റ് നേടിയപ്പോൾ വിൽ ഒറൂക്ക് രണ്ടും മാറ്റ് ഹെന്റി, കെയ്‍ൽ ജാമിസൻ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.