ഈ വർഷത്തെ ഏകദിന ലോകകപ്പ് ഉൾപ്പെടെയുള്ള മത്സരങ്ങൾക്ക് പാകിസ്താൻ ടീം അയൽ രാജ്യമായ ഇന്ത്യയിലേക്ക് പോകരുതെന്ന് മുൻ പാക് ബാറ്റിങ് ഇതിഹാസം ജാവേദ് മിയാൻദാദ്. ബി.സി.സി.ഐ ഇന്ത്യൻ ടീമിനെ ഇവിടേക്ക് അയച്ചാൽ മാത്രം പാകിസ്താൻ ഇന്ത്യയിലേക്ക് പോയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ, ഏഷ്യാകപ്പ് ഹൈബ്രിഡ് മോഡലിൽ പാകിസ്താനിലും ശ്രീലങ്കയിലുമായി നടത്താൻ തീരുമാനിച്ചിരുന്നു. പാകിസ്താനിൽ കളിക്കാനാവില്ലെന്ന് ബി.സി.സി.ഐ നിലപാട് കടുപ്പിച്ചതോടെയാണ് ഇന്ത്യയുടെ മത്സരങ്ങൾ നിഷ്പക്ഷ വേദിയിൽ നടത്താൻ പാകിസ്താൻ തയാറായത്. ഐ.സി.സിയുടെ ഏകദിന ലോകകപ്പ് ഷെഡ്യൂൾ പ്രകാരം ഒക്ടോബർ 15ന് പാകിസ്താനും ഇന്ത്യയും തമ്മിൽ അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഏറ്റുമുട്ടുന്നുണ്ട്. പാകിസ്താൻ പര്യടനത്തിലൂടെ പരസ്പര വിനിമയത്തിനുള്ള ഇന്ത്യയുടെ സമയമാണിതെന്നും 66കാരനായ മുൻ പാക് നായകൻ പ്രതികരിച്ചു.
2012ലും 2016ലും പാകിസ്താൻ ഇന്ത്യയിൽ വന്നിരുന്നു, പാകിസ്താനിൽ വരാനുള്ള ഇന്ത്യയുടെ ഊഴമാണിപ്പോൾ. എനിക്കൊരു തീരുമാനം എടുക്കേണ്ടി വന്നാൽ, ലോകകപ്പ് പോലും കളിക്കാൻ ഞാൻ ഇന്ത്യയിൽ പോകില്ല. ഇന്ത്യയിൽ കളിക്കാൻ ഞങ്ങൾ എപ്പോഴും തയാറാണ്, പക്ഷേ അവർ ഒരിക്കലും അതേ രീതിയിൽ പ്രതികരിക്കില്ല. പാകിസ്താൻ ക്രിക്കറ്റ് വളരെ വലുതാണ്...മികച്ച താരങ്ങളെയാണ് നമ്മൾ ക്രിക്കറ്റിന് സമ്മാനിക്കുന്നത്. അതുകൊണ്ട് നമ്മൾ ഇന്ത്യയിലേക്ക് പോയില്ലെങ്കിലും അത് പാക് ക്രിക്കറ്റിന് എന്തെങ്കിലും മാറ്റമുണ്ടാക്കുമെന്ന് ഞാൻ കരുതുന്നില്ല’ -മിയാൻദാദ് പറഞ്ഞു.
2008ലെ ഏഷ്യകപ്പിലാണ് ഇന്ത്യ അവസാനമായി പാകിസ്താനിൽ ക്രിക്കറ്റ് കളിക്കാനെത്തിയത്. രാഷ്ട്രീയ കാരണങ്ങളെ തുടർന്ന് പിന്നീട് ഇന്ത്യൻ ടീമിനെ പാകിസ്താനിലേക്ക് അയച്ചിട്ടില്ല. കായികവും രാഷ്ട്രീയവും കൂട്ടിച്ചേർക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഏഷ്യ കപ്പ് ഹൈബ്രിഡ് മോഡലിൽ ശ്രീലങ്കയിലും പാകിസ്താനിലും കൂടി നടത്താൻ പാക് ക്രിക്കറ്റ് ബോർഡ് നിർബന്ധിതരായതിനു പിന്നാലെയാണ് മിയാൻദാദിന്‍റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.