പാകിസ്താൻ ടീമിന്റെ മനം കവർന്ന് ​ഹൈദരാബാദുകാർ; ഗ്രൗണ്ട് സ്റ്റാഫിന് ജഴ്സി സമ്മാനിച്ച് ബാബർ അസം

ഹൈദരാബാദ്: ലോകകപ്പിൽ ഇന്ത്യയുമായുള്ള മത്സരത്തിനെത്തിയ പാകിസ്താൻ ടീമിന് ഊഷ്മള സ്വീകരണമാണ് ഹൈദരാബാദുകാർ നൽകിയത്. നാട്ടുകാരുടെ പിന്തുണ പാക് താരങ്ങളെ അമ്പരപ്പിച്ചിരുന്നു. പാക് താരങ്ങൾ ഇതിലുള്ള സന്തോഷം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

​ശ്രീലങ്കയുമായുള്ള മത്സരത്തിന് ശേഷം ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിന് ഒപ്പിട്ട ജഴ്സി സമ്മാനിച്ചായിരുന്നു തങ്ങൾക്ക് നൽകിയ പിന്തുണക്കും ആതിഥേയത്വത്തിനുമുള്ള നന്ദി പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസം പ്രകടിപ്പിച്ചത്. ഇതിന്റെ ചിത്രങ്ങളും വിഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

ശ്രീലങ്കക്കെതിരായ മത്സരത്തിൽ സെഞ്ച്വറി നേടി ടീമിനെ വിജയത്തിലെത്തിച്ച പാകിസ്താൻ വിക്കറ്റ് കീപ്പർ-ബാറ്റർ മുഹമ്മദ് റിസ്‍വാനും ഹൈദരാബാദുകാരോടുള്ള സ്നേഹം അറിയിച്ചിരുന്നു. ഹൈദരാബാദിൽ കളിക്കു​മ്പോൾ സ്വന്തം നാട്ടിൽ കളിക്കുന്നത് പോലെ ​തോന്നിയെന്ന് പറഞ്ഞ താരം പിച്ച് ക്യൂറേറ്റർക്ക് പ്രത്യേക നന്ദിയും പറഞ്ഞിരുന്നു.

‘ഞാൻ കളിക്കുന്നത് റാവൽപിണ്ടിയിലെ ആൾക്കൂട്ടത്തിന് മുമ്പിലാണെന്ന് തോന്നി. എനിക്കും പാകിസ്താൻ ടീമിനും കാണികളുടെ നിറഞ്ഞ സ്നേഹം ലഭിച്ചു. അവർ ശ്രീലങ്കൻ ടീമിനെയും പിന്തുണച്ചു. ഹൈദരാബാദിലെ കാണികൾ ക്രിക്കറ്റിനെയും ശ്രീലങ്കയെയും ഞങ്ങളെയും പിന്തുണച്ചതിൽ എനിക്ക് സന്തോഷമുണ്ട്. ഞാൻ അവർക്കൊപ്പം ഒരുപാട് ആസ്വദിച്ചു. ഹൈദരാബാദിന്റെ ആതിഥേയത്വം സമാനതകളില്ലാത്തതായിരുന്നു. നിങ്ങൾ എല്ലാവരും അത് കണ്ടിരിക്കണം’, റിസ്‍വാൻ പറഞ്ഞു.

ശനിയാഴ്ച ആതിഥേയരായ ഇന്ത്യയുമായാണ് പാകിസ്താന്റെ അടുത്ത മത്സരം. അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിന് കാണികൾ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മത്സരത്തിന് മുമ്പ് മെഗാ സംഗീത പരിപാടിയും ഒരുക്കിയിട്ടുണ്ട്. ബോളിവുഡ് താരങ്ങളടക്കം പ​​​​ങ്കെടുക്കുന്ന പരിപാടിക്ക് പുറമെ ഗോൾഡൻ ടിക്കറ്റ് ലഭിച്ച പ്രമുഖരുടെ സാന്നിധ്യവും സ്റ്റേഡിയത്തിൽ ഉണ്ടാകും. ഇന്ത്യയുടെ ഇതിഹാസ താരം സചിൻ തെണ്ടുൽകർ, സിനിമ താരങ്ങളായ അമിതാഭ് ബച്ചൻ, രജനികാന്ത് എന്നിവർക്ക് ലോകകപ്പിന് മുമ്പ് ബി.സി.സി.ഐ ഗോൾഡൻ ടിക്കറ്റ് സമ്മാനിച്ചിരുന്നു. പാകിസ്താൻ ക്രിക്കറ്റ് ബോർഡിലെ പ്രമുഖരും 25ഓളം മാധ്യമ സ്ഥാപനങ്ങളിൽനിന്നുള്ള പ്രതിനിധികളും മത്സരത്തിനെത്തുമെന്നാണ് പ്രതീക്ഷയെന്ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അനിൽ പട്ടേൽ അറിയിച്ചിരുന്നു.

ഇന്ത്യയും പാകിസ്താനും തമ്മിൽ ഏകദിന ലോകകപ്പിൽ ഏഴുതവണ ഏറ്റുമുട്ടിയപ്പോൾ ഏഴിലും ജയം ഇന്ത്യക്കൊപ്പമായിരുന്നു. സ്വന്തം മണ്ണിൽ നടക്കുന്ന മത്സരത്തിലും ജയം നേടാനാവുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ താരങ്ങളും ആരാധകരും.

Tags:    
News Summary - Hyderabadi cricket fans stole the heart of the Pakistan team; Babar Azam presents the jersey to the ground staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.