ദുബൈ: ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ത്യൻ ക്യാമ്പിൽ ആശങ്ക. സൂപ്പർ ബാറ്റർ വിരാട് കോഹ്ലിക്ക് പരിശീലനത്തിനിടെ കാൽമുട്ടിന് പരിക്കേറ്റു.
ശനിയാഴ്ച നെറ്റ്സിൽ പേസർമാരെ നേരിടുന്നതിനിടെ പന്ത് താരത്തിന്‍റെ കാൽമുട്ടിലേറ്റാണ് പരിക്കേറ്റത്. പിന്നാലെ ടീം ഫിസിയോയും സംഘവുമെത്തി താരത്തെ പരിശോധിച്ചു. പന്ത് തട്ടിയ ഭാഗത്ത് പെയിന്‍ കില്ലര്‍ സ്‌പ്രേ അടിക്കുകയും ബാന്‍ഡേജ് ഉപയോഗിച്ച് കെട്ടിയതായും റിപ്പോർട്ടിൽ പറയുന്നു. അതിനു ശേഷം പരിശീലനം നിർത്തി താരം ഗ്രൗണ്ട് വിടുകയും ചെയ്തു.
താരത്തിന്‍റെ പരിക്ക് ഗുരുതരമല്ലെന്നും ഫൈനൽ കളിക്കാൻ ഫിറ്റാണെന്നുമാണ് പുറത്തുവരുന്ന വിവരം. ടൂര്‍ണമെന്റില്‍ മികച്ച ഫോമില്‍ ബാറ്റ് ചെയ്യുന്ന കോഹ്ലി ഫൈനൽ കളിക്കാതിരുന്നാൽ ഇന്ത്യക്ക് കനത്ത തിരിച്ചടിയാകും. നാലു മത്സരങ്ങളിൽനിന്ന് 217 റൺസാണ് താരത്തിന്‍റെ സമ്പാദ്യം. ഗ്രൂപ്പ് റൗണ്ടിൽ പാകിസ്താനെതിരെ സെഞ്ച്വറി നേടി ടീമിന്‍റെ വിജയശിൽപിയായി. സെമിയിൽ ആസ്ട്രേലിയക്കെതിരെ ചേസ് ചെയ്ത് ടീമിനെ ജയിപ്പിക്കുന്നതിലും താരത്തിന് നിർണായക പങ്കുണ്ടായിരുന്നു.
ചേസ് മാസ്റ്റർ മത്സരത്തിൽ 84 റൺസെടുത്താണ് പുറത്തായത്. അതേസമയം, ടീമിൽ മറ്റു താരങ്ങളെല്ലാം ശനിയാഴ്ച പരിശീലനത്തിറങ്ങി. ഫൈനലിൽ ടീമിൽ ഒരു മാറ്റത്തിന് സാധ്യതയുണ്ട്. സ്പിന്നർ കുൽദീപ് യാദവിനു പകരം പേസർ ഹർഷിത് റാണ പ്ലെയിങ് ഇലവനിൽ മടങ്ങിയെത്തിയേക്കും. ഗ്രൂപ്പ് റൗണ്ടിൽ ഇന്ത്യക്കെതിരെ അഞ്ചു വിക്കറ്റ് നേടിയ ന്യൂസിലൻഡ് പേസർ മാറ്റ് ഹെൻറി കളിക്കുമോ എന്നതിൽ ഇപ്പോഴും ഉറപ്പില്ല.
ദക്ഷിണാഫ്രിക്കയുടെ ഹെൻറിച്ച് ക്ലാസന്‍റെ ക്യാച്ചെടുക്കുന്നതിനിടെ ഹെൻറി തോളിടിച്ച് വീണാണ് പരിക്കേറ്റത്. ദുബൈയിൽ നടന്ന ഗ്രൂപ്പ് മത്സരത്തിൽ താരത്തിന്‍റെ അഞ്ചു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയുടെ സ്കോർ 249ൽ ഒതുക്കിയത്. ചാമ്പ്യൻസ് ട്രോഫിയുടെ ചരിത്രത്തിൽ ഇന്ത്യക്കെതിരെ അഞ്ചു വിക്കറ്റെടുക്കുന്ന ആദ്യ താരമെന്ന റെക്കോഡും ഹെൻറി സ്വന്തമാക്കിയിരുന്നു. അതുകൊണ്ടു തന്നെ താരത്തിന്‍റെ അസാന്നിധ്യം ഫൈനലിൽ ഇന്ത്യക്ക് വലിയ ആശ്വാസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.