ഇന്ത്യൻ ടീമിന് തിരിച്ചടി; ഫിറ്റ്‌നസ് ടെസ്റ്റ് പാസായി മണിക്കൂറുകൾക്കകം ഹാർദിക് പാണ്ഡ്യയ്ക്ക് വീണ്ടും പരിക്ക്

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയ്ക്ക് ഒരുങ്ങുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. നീണ്ട ഇടവേളയ്ക്ക് ശേഷം പരിക്കിൽ നിന്ന് മുക്തനായി ടീമിലേക്ക് തിരിച്ചെത്താനിരുന്ന സ്റ്റാർ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ വീണ്ടും പരിക്കേറ്റ് പുറത്തായി. ഫിറ്റ്‌നസ് ടെസ്റ്റ് പാസായി എന്ന് പ്രഖ്യാപിച്ച് 24 മണിക്കൂർ തികയും മുൻപാണ് താരത്തിന് വീണ്ടും പരിക്കേറ്റിരിക്കുന്നത്.

തുടയിലെ പേശികൾക്കേറ്റ പുതിയ പരിക്കാണ് ഇത്തവണ ഹാർദിക്കിന് വിനയായത്. ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്‍റർ ഓഫ് എക്സലൻസിൽ നടന്ന ഫിറ്റ്നസ് ടെസ്റ്റിൽ ഹാർദിക് യോഗ്യത നേടിയതായി കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്. ഇതിനായി കഴിഞ്ഞ ദിവസം താരം നെറ്റ്സിൽ പത്തോവറോളം പന്തെറിഞ്ഞ് ഫിറ്റ്നസ് തെളിയിച്ചിരുന്നു. ജൂൺ 11-ന് ധരംശാലയിൽ ഇന്ത്യൻ ടീമിനൊപ്പം ചേരാനിരിക്കെയാണ് അപ്രതീക്ഷിതമായി താരം വീണ്ടും പരിക്കിന്റെ പിടിയിലാകുന്നത്.

ഇതോടെ ജൂൺ 13-ന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഹാർദിക്കിന് പൂർണ്ണമായും നഷ്ടമാകുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു വർഷത്തിന് ശേഷം ഇന്ത്യൻ ഏകദിന ജേഴ്സിയിലേക്ക് തിരിച്ചെത്താനുള്ള താരത്തിന്റെ മോഹങ്ങൾക്കാണ് ഇതോടെ മങ്ങലേറ്റത്. 

2026 ഐ.പി.എൽ (19-ാം സീസൺ) ടൂർണമെന്‍റിനിടെ നടുവേദനയെ തുടർന്ന് മുംബൈ ഇന്ത്യൻസ് നായകനായ ഹാർദിക്കിന് നിരവധി മത്സരങ്ങൾ നഷ്ടമായിരുന്നു. ഈ സീസണിൽ മുംബൈ പോയിന്‍റ് ടേബിളിൽ ഏറ്റവും അവസാനക്കാരായാണ് ഫിനിഷ് ചെയ്തത്. ഹാർദിക്കിന്‍റെ ക്യാപ്റ്റൻസിക്ക് കീഴിൽ ഇത് രണ്ടാം തവണയാണ് മുംബൈ അവസാന സ്ഥാനക്കാരാകുന്നത്. ഇതോടെ താരത്തെ നായകസ്ഥാനത്തും ടീമിലും നിലനിർത്തണമോ എന്ന കാര്യത്തിൽ വലിയ ചർച്ചകൾ നടക്കുകയാണ്. 

അയർലൻഡ്, ഇംഗ്ലണ്ട് എന്നിവർക്കെതിരായ ടി20 പരമ്പരകൾക്കുള്ള ടീമിൽ നിന്നും ഏഷ്യൻ ഗെയിംസ് സ്ക്വാഡിൽ നിന്നും ഹാർദിക്കിനെ അടുത്തിടെ ഒഴിവാക്കിയിരുന്നു. എന്നാൽ 2027-ലെ ഏകദിന ലോകകപ്പിനായി താരത്തെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കർ വ്യക്തമാക്കി.

രോഹിത് തിരിച്ചെത്തും; കോഹ്‌ലിയില്ല

പരിക്കിനെ തുടർന്ന് സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിയും അഫ്ഗാൻ പരമ്പരയിൽ നിന്ന് നേരത്തെ തന്നെ പുറത്തായിരുന്നു. ഹാർദിക്കും കോലിയും ഇല്ലാത്തത് ടീമിന് ക്ഷീണമാണെങ്കിലും, പരിക്കിന്‍റെ ആശങ്കയിലായിരുന്ന മുൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഫിറ്റ്നസ് ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കി ടീമിൽ തിരിച്ചെത്തിയത് ഇന്ത്യൻ ക്യാമ്പിന് വലിയ ആശ്വാസമാണ് നൽകുന്നത്.

മത്സരക്രമം:

ഒന്നാം ഏകദിനം: ജൂൺ 13 (ധരംശാല)

രണ്ടാം ഏകദിനം: ജൂൺ 17 (ലക്നൗ)

മൂന്നാം ഏകദിനം: ജൂൺ 20 (ചെന്നൈ)

Tags:    
News Summary - Hardik Pandya suffers fresh injury setback, ruled out of India vs Afghanistan ODIs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.