ടെസ്റ്റ് ക്രിക്കറ്റിൽ പൂജാരയേക്കാൾ മികച്ചൊരു ബാറ്ററില്ല; തോൽവിയിൽ സെലക്ടർമാരെ പഴിച്ച് മുൻ ഇന്ത്യൻ സ്പിന്നർ

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പര്യടനത്തിൽനിന്ന് മുതിർന്ന താരങ്ങളായ അജിങ്ക്യ രഹാനെ, ചേതേശ്വർ പൂജാര എന്നിവരെ ഒഴിവാക്കിയ ടീം മാനേജ്മന്‍റെ് തീരുമാനത്തെ ചോദ്യം ചെയ്ത് മുൻ സ്പിന്നർ ഹർഭജൻ സിങ്. ദക്ഷിണാഫ്രിക്കൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര സ്വപ്നം കണ്ട ഇന്ത്യ, ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ദയനീയമായാണ് പരാജയപ്പെട്ടത്. ഇന്നിങ്സിനും 32 റൺസിനുമായിരുന്നു ഇന്ത്യയുടെ തോൽവി.

രണ്ടു ടെസ്റ്റ് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇതോടെ ദക്ഷിണാഫ്രിക്ക മുന്നിലെത്തി. ജനുവരി മൂന്നിന് കേപ്ടൗണിലാണ് രണ്ടാം ടെസ്റ്റ്. പൂജാരയും രഹാനെയും ഇന്ത്യൻ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്നു. 2023ന്‍റെ തുടക്കത്തിൽ വരെ ഇരുവരും ടീമിനൊപ്പം ഉണ്ടായിരുന്നു. ആസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് പൂജാര അവസാനമായി ഇന്ത്യക്കുവേണ്ടി കളിച്ചത്. രഹാനെ വെസ്റ്റിൻഡീസ് പര്യടനത്തിലും. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ രണ്ടു മത്സരങ്ങളിൽനിന്നായി രഹാനെ 94 റൺസും പൂജാര 41 റൺസും നേടിയിരുന്നു.

‘അജിങ്ക്യ രഹാനെയെ ടീമിലെടുത്തില്ല, ചേതേശ്വർ പൂജാരയെ ഒരു കാരണവുമില്ലാതെ പുറത്താക്കി. എവിടെ പോയാലും റൺസ് നേടുന്ന രണ്ടു താരങ്ങളാണ്. മുൻ റെക്കോഡ് പരിശോധിച്ചാൽ കോഹ്‌ലിയുടെ അതേ സംഭാവനയാണ് പൂജാരക്കുള്ളതെന്ന് മനസ്സിലാകും’ -ഹർഭജൻ തന്‍റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

പൂജാരയെ എന്തുകൊണ്ട് മാറ്റിനിർത്തിയെന്ന് എനിക്ക് മനസ്സിലാകുന്നില്ല, ടെസ്റ്റ് ക്രിക്കറ്റിൽ പൂജാരയേക്കാൾ മികച്ചൊരു ബാറ്റർ ഇന്നില്ല. അവൻ പതുക്കെയാണ് കളിക്കുന്നതെങ്കിലും ടീമിന്‍റെ രക്ഷകനാണ്, ഇന്ത്യ ആസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് ജയിച്ചത് അവൻ കാരണമാണെന്നും ഹർഭജൻ അഭിപ്രായപ്പെട്ടു. 2021-2023 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സർക്കിളിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ രണ്ടാമത്തെ ഇന്ത്യൻ താരമാണ് പൂജാര. 32.00 ശരാശരിയിൽ 928 റൺസാണ് താരം നേടിയത്. സൂപ്പർതാരം വിരാട് കോഹ്ലിയാണ് ഒന്നാമത്.

Tags:    
News Summary - Harbhajan Singh Slams Selectors After India's First Test Defeat vs SA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.