സെഞ്ച്വറി നേടിയ ശുഭ്മാൻ ഗില്ലിന്റെ ആഹ്ലാദം
'വില്ലൊടിച്ച് ഗിൽ'; പ്ലേഓഫ് കാണാതെ ബാംഗ്ലൂർ പുറത്ത്
ബംഗളൂരു: ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം. ബാംഗ്ലൂർ മുന്നോട്ട് വെച്ച 198 റൺസെന്ന വിജയലക്ഷ്യം 19.1 ഓവറിൽ നാലുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു.
വെടിക്കെട്ട് സെഞ്ച്വറി നേടിയ ഓപണർ ശുഭ്മാൻ ഗില്ലും (104) അർധ സെഞ്ച്വറി (53) നേടിയ വിജയ് ശങ്കറുമാണ് വിജയശിൽപികൾ. ഈ തോൽവിയോടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ പ്ലേഓഫ് കാണാതെ പുറത്തായി. 16 പോയിന്റുമായ മുംബൈ ഇന്ത്യൻസ് പ്ലേഓഫിൽ പ്രവേശിച്ച നാലാമത്തെ ടീമായി.
52 പന്തിൽ നിന്ന് എട്ടു സിക്സും അഞ്ച് ഫോറുമുൾപ്പെടെ 104 റൺസെടുത്ത ഗിൽ പുറത്താകാതെ നിന്നു. വൃദ്ധിമാൻ സാഹ (12), ദാസുൻ ഷനക(0), ഡേവിഡ് മില്ലർ (6) എന്നിവർ പുറത്തായി. 4 റൺസുമായി രാഹുൽ തെവാത്തിയ പുറത്താകാതെ നിന്നു. മുഹമ്മദ് സിറാജ് രണ്ട് വിക്കറ്റും വിജയ്കുമാർ വൈശാഖ്, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ, ഐപിഎല്ലിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയുടെ ഒറ്റയാൾ പോരാട്ടത്തിന്റെ കരുത്തിലാണ് മികച്ച സ്കോറിലേക്ക് ബാംഗ്ലൂരിനെ എത്തിച്ചത്. പ്ലേഓഫിലേക്ക് കടക്കാൻ ജയം അനിവാര്യമായ മത്സരത്തിൽ ടോസ് നഷ്ടമായ ബാംഗ്ലൂരിന് വേണ്ടി മികച്ച തുടക്കമാണ് ഓപണർമാർ നൽകിയത്. ഫാഫ് ഡു പ്ലെസിസിസ് 28 റൺസെടുത്ത് നൂർ അഹമ്മദിന്റെ പന്തിൽ പുറത്തായി. തുടർന്നെത്തിയ ഗ്ലെൻ മാക്സ് വെൽ 11 റൺസെടുത്ത് റാഷിദ് ഖാന് വിക്കറ്റ് നൽകി. മഹിപാൽ ലോംറോർ (1)നൂർ അഹമ്മദിന്റെ അടുത്ത ഇരയായി. ക്രീസിന്റെ മറുതലയിൽ വിക്കറ്റുകൾ വീഴുമ്പോഴും റൺറേറ്റ് താഴാതെ ഗംഭീര ഡ്രൈവുകളുമായി വിരാട് കോഹ്ലി നിലയുറപ്പിച്ചു.
മൈക്കൽ ബ്രേസ്‌വെൽ മികച്ച പിന്തുണയുമായ കോഹ്ലിക്ക് കൂട്ടായി നിന്നെങ്കിലും 26 റൺസിൽ നിൽക്കെ മുഹമ്മദ് ഷമിയുടെ പന്തിൽ പുറത്തായി. തുടർന്നെത്തിയ ദിനേശ് കാർത്തിക് അകൗണ്ട് തുറക്കും മുൻപ് മടങ്ങി. ഏഴാം വിക്കറ്റിൽ അനൂജ് റാവത്തിനെ കൂട്ടുപിടിച്ച് വിരാട് കോഹ്ലി സെഞ്ച്വറി തികക്കുകയായിരുന്നു. 61 പന്തിൽ 13 ഫോറും ഒരു സിക്സറുമുൾപ്പെടെ 101 റൺസെടുത്ത് കോഹ്ലിയും 23 റൺസുമായി അനൂജ് റാവത്തും പുറത്താവാതെ നിന്നു.
അവസാന മത്സരത്തിലെ ജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് 20 പോയിന്റുമായി പട്ടികയിൽ ബഹുദൂരം മുന്നിലെത്തി. 17 പോയിന്റുമായ ചെന്നൈ സൂപ്പർ കിങ്സ് രണ്ടാമതും 17 പോയിന്റുമായ ലഖ്നോ സൂപ്പർ ജയന്റ്സ് മൂന്നാമതും 16 പോയിന്റുമായി മുംബൈ നാലാമതുമാണ്. പ്ലേഓഫ് കാണാതെ പുറത്തായെങ്കിലും രാജസ്ഥാൻ റോയൽസ് ബാംഗ്ലൂരിന്റെ തോൽവിയോടെ അഞ്ചാം സ്ഥാനത്തേക്കുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.