ഇൻസ്റ്റഗ്രാമിൽ മുസ്‍ലിം വിദ്വേഷ പോസ്റ്റുമായി യാഷ് ദയാൽ; വിവാദമായതോടെ മാപ്പ് പറഞ്ഞ് തടിയൂരി

മുസ്‍ലിം വിദ്വേഷ പോസ്റ്റുമായി ഗുജറാത്ത് ടൈറ്റൻസ് താരം യാഷ് ദയാൽ. ലവ് ജിഹാദിന്‍റെ പേരിൽ മുസ്‍ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള സ്റ്റോറി ഇൻസ്റ്റഗ്രാമിലൂടെയാണ് താരം പങ്കുവെച്ചത്. വിവാദമായതോടെ സ്റ്റോറി പിൻവലിച്ച് താരം മാപ്പ് പറഞ്ഞു.

ലവ് ജിഹാദ് ആരോപണങ്ങളെ പിന്തുണക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ലവ് ജിഹാദിന്‍റെ പേരിൽ മുസ്‍ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന കാർട്ടൂൺ താരം സ്റ്റോറിയാക്കുകയായിരുന്നു. എന്നാൽ, സ്‌റ്റോറിക്കെതിരെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമർശനം ഉയർന്നു. പിന്നാലെയാണ് പോസ്റ്റ് പിൻവലിച്ച് മറ്റൊരു സ്റ്റോറിയിലൂടെ താരം മാപ്പു പറഞ്ഞത്.

‘പ്രിയപ്പെട്ടവരേ, സ്റ്റോറിക്ക് മാപ്പുനൽകണം. അത് അബദ്ധത്തിൽ പോസ്റ്റ് ചെയ്തതായിരുന്നു. ദയവായി വിദ്വേഷം പ്രചരിപ്പിക്കരുത്. നന്ദി. എല്ലാ സമൂഹത്തോടും സമുദായത്തോടും എനിക്ക് ബഹുമാനമുണ്ട്’ -വിശദീകരണ പോസ്റ്റിൽ യാഷ് ദയാൽ പറഞ്ഞു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം റിങ്കു സിങ് യാഷ് ദയാലിന്‍റെ ഒരു ഓവറിൽ അഞ്ചു സിക്സുകൾ പറത്തി ടീമിനെ ജയിപ്പിച്ചിരുന്നു.

ഗുജറാത്തിനെതിരെ അവസാന ഓവറിൽ ജയിക്കാൻ 29 റൺസ് വേണ്ട സമയത്തായിരുന്നു യാഷ് ദയാലിന്റെ ഓവറിൽ റിങ്കുവിന്‍റെ അവിശ്വസനീയ ബാറ്റിങ്. ഐ.പി.എൽ 2023ലെ ത്രില്ലർ മത്സരങ്ങളിലൊന്നായിരുന്നു അത്. മത്സരത്തിനുശേഷം യാഷ് ദയാല്‍ മാനസികമായി തളരുകയും അസുഖബാധിതനാകുകയും ചെയ്തതായി ഗുജറാത്ത് നായകൻ ഹര്‍ദിക് പാണ്ഡ്യ വെളിപ്പെടുത്തിയിരുന്നു.

ഏഴെട്ട് കിലോയോളം ശരീരഭാരവും കുറഞ്ഞു. ആ മത്സരം യാഷിനെ ശാരീരികമായും മാനസികമായും തളര്‍ത്തിയെന്നും ഹര്‍ദിക് പറഞ്ഞു.

Tags:    
News Summary - Gujarat Titans Pacer Yash Dayal Issues Clarification After Sharing Controversial 'Love Jihad' Post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.