ലീഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ടീമിനുവേണ്ടി അഞ്ച് സെഞ്ച്വറികൾ പിറന്നിട്ടും ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. അഞ്ച് വിക്കറ്റ് ജയത്തോടെ പരമ്പരയിൽ മുന്നിലെത്താനും ഇംഗ്ലണ്ടിനായി. ആസ്ട്രേലിയക്കെതിരായ പരമ്പരയിലും തോൽവിയേറ്റ സാഹചര്യത്തിൽ വിജയവഴിയിലേക്ക് തിരികെ വരേണ്ടത് പരിശീലകൻ ഗൗതം ഗംഭീറിനും പുതിയ നായകൻ ശുഭ്മൻ ഗില്ലിനും നിർണായകമാണ്. മത്സര ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ടീമിനും അംഗങ്ങള്‍ക്കും നേരെയുള്ള വിമര്‍ശനങ്ങള്‍ക്കും ചോദ്യങ്ങൾക്കും ഗംഭീര്‍ നല്‍കിയ മറുപടി ഇപ്പോൾ ശ്രദ്ധേയമാകുകയാണ്.
വാലറ്റക്കാര്‍ മോശം പ്രകടനം നടത്തിയെന്ന ചോദ്യങ്ങളെ പ്രതിരോധിച്ച ഗംഭീര്‍ അടുത്ത മത്സരത്തില്‍ ഇന്ത്യ തിരിച്ചുവരവ് നടത്തുമെന്നും വ്യക്തമാക്കി. എട്ട് മുതല്‍ 11 വരെ നമ്പരുകളിൽ ഇറങ്ങുന്ന വാലറ്റക്കാര്‍ രണ്ട് ഇന്നിങ്‌സുകളില്‍നിന്നായി ഒമ്പത് റണ്‍സ് മാത്രമാണ് സംഭാവന ചെയ്തതെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടി. “അവര്‍ ശ്രമിച്ചില്ലെന്ന് ഞാന്‍ പറയില്ല. ചിലപ്പോള്‍ ആളുകള്‍ പരാജയപ്പെടും. ഇത് നിരാശാജനകമാണെന്ന് എനിക്കറിയാം, അതിലുപരിയായി, മറ്റാരെക്കാളും കൂടുതല്‍ നിരാശരായത് ആ താരങ്ങള്‍ തന്നെയാണെന്നും ഞാന്‍ കരുതുന്നു. കാരണം അവസരമുണ്ടായിരുന്നു എന്ന് അവര്‍ക്ക് അറിയാമായിരുന്നു. ആദ്യ ഇന്നിംഗ്സില്‍ 570-580 വരെ റണ്‍സെടുക്കാനായിരുന്നെങ്കില്‍ മത്സരത്തില്‍ ആധിപത്യം പുലര്‍ത്താമായിരുന്നു” -ഗംഭീര്‍ പറഞ്ഞു.
മോശം പ്രകടനം നടത്തിയ താരങ്ങളെ പേരെടുത്ത് വിമര്‍ശിക്കാനോ പരാമര്‍ശം നടത്താനോ ഗംഭീര്‍ തയ്യാറായില്ല. ജയം പോലെ തന്നെ തോല്‍വിയും ഒരുമിച്ചുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “അവര്‍ നെറ്റ്‌സില്‍ കഠിനാധ്വാനം ചെയ്യാത്തത് കൊണ്ടല്ല. ചിലപ്പോള്‍ ഇതൊക്കെ സംഭവിക്കും, മികച്ച ബാറ്റ്സ്മാന്‍മാര്‍ പോലും പലപ്പോഴും പരാജയപ്പെടാറുണ്ട്. അത് അവര്‍ക്ക് മനസിലാക്കാന്‍ സാധിച്ചെന്ന് കരുതുന്നു. നമ്മുടെ വാലറ്റ ബാറ്റർമാരില്‍നിന്ന് മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുണ്ട്.
എന്നാൽ മത്സരം തോല്‍ക്കാനുള്ള കാരണം വാലറ്റക്കാരുടെ മോശം പ്രകടനം മാത്രമല്ല. മത്സരം ജയിക്കാന്‍ സാധിക്കുമായിരുന്ന മറ്റു അവസരങ്ങളും ഉണ്ടായിരുന്നു. ഞാന്‍ ഇവിടെ ഇരുന്ന് വാലറ്റക്കാര്‍ അല്ലെങ്കില്‍ 8, 9, 10, 11 നമ്പറിലുള്ളവര്‍ക്ക് സംഭാവന ചെയ്യാന്‍ സാധിച്ചില്ല എന്ന് പ്രത്യേകം എടുത്ത് പറയുന്നില്ല. നമ്മള്‍ ഒരുമിച്ച് തോല്‍ക്കുന്നു, ഒരുമിച്ച് ജയിക്കുന്നു. നമ്മൾ തിരിച്ചുവരും” -ഗംഭീര്‍ പറഞ്ഞു.
ശാര്‍ദുല്‍ ഠാക്കൂറിന്റെ പ്രകടനം സംബന്ധിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ അദ്ദേഹം ഒരു സ്‌പെഷ്യലിസ്റ്റ് ബൗളറായിട്ടല്ല ടീമിലുള്ളതെന്നും മറിച്ച് ഒരു ബൗളിങ് ഓള്‍റൗണ്ടറാണെന്നും ഗംഭീര്‍ വ്യക്തമാക്കി. പുതിയ നായകൻ ശുഭ്മൻ ഗില്ലിനെയും പിന്തുണക്കുന്ന നിലപാടാണ് ഗംഭീർ സ്വീകരിച്ചത്. തുടക്കത്തിൽ തിരിച്ചടി നേരിട്ടെങ്കിലും മികച്ച ക്യാപ്റ്റനാകാനുള്ള ശേഷി ഗില്ലിനുണ്ടെന്ന് ഗംഭീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.