ഒത്തൊരുമയോടെ കളിച്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് 21 റൺസിനാണ് സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ കീഴടങ്ങിയത്. കൊൽക്കത്ത നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ബാംഗ്ലൂർ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 179 റൺസിലൊതുങ്ങി.
വിരാട് കോഹ്‌ലി (37 പന്തിൽ 54 റൺസ്) ഒഴികെ ബാംഗ്ലൂർ മുൻനിര ബാറ്റർമാരിൽ ആർക്കും കാര്യമായ ചലനമുണ്ടാക്കാനായില്ല. ബാംഗ്ലൂരിനായി പന്തെറിഞ്ഞവക്കെല്ലാം കണക്കിന് കിട്ടി. ഫീൽഡിങ്ങിൽ ശരാശരിക്ക് താഴെയായിരുന്നു താരങ്ങളുടെ പ്രകടനം. അനായാസ ക്യാച്ചുകൾ പോലും താരങ്ങൾ കൈവിട്ടു. മത്സരശേഷം ഇതിന്‍റെ രോഷം കോഹ്ലിയുടെ വാക്കുകളിൽ പ്രകടമായിരുന്നു. ഈ പരാജയം ടീം അർഹിച്ചതായിരുന്നുവെന്നാണ് താരം പ്രതികരിച്ചത്.
‘സത്യസന്ധമായി പറഞ്ഞാൽ ഞങ്ങൾ മത്സരം അവർക്ക് മുന്നിൽ അടിയറവെക്കുകയായിരുന്നു. തോൽക്കാൻ ഞങ്ങൾ അർഹരായിരുന്നു. ഞങ്ങൾ വേണ്ടത്ര പ്രഫഷനൽ ആയിരുന്നില്ല. ഞങ്ങൾ നന്നായി പന്തെറിഞ്ഞെങ്കിലും ഫീൽഡിങ്ങിൽ നിലവാരം പുലർത്തിയിരുന്നില്ല. ഇത് അവർക്ക് നൽകിയ സൗജന്യമായിരുന്നു’ -കോഹ്‌ലി പറഞ്ഞു.
ഫീൽഡിങ്ങിൽ 4-5 ഓവർ പിരീഡിൽ ഞങ്ങൾ അവസരങ്ങൾ നഷ്ടപ്പെടുത്തി. 25-30 റൺസാണ് ഇതിന് കൊടുത്ത വില. ബാറ്റിങ്ങിൽ അഞ്ചു താരങ്ങൾ അനാവശ്യ ഷോട്ടുകൾ കളിച്ചാണ് പുറത്തായത്. വിക്കറ്റ് ബൗളുകളായിരുന്നില്ല പലതും. ഫീൽഡർമാരുടെ കൈയിലേക്ക് നേരെ അടിച്ചുനൽകിയാണ് പുറത്തായത്. ഇനിയുള്ള എവേ മത്സരങ്ങളിലും ജയിച്ചാൽ മാത്രമേ ടീമിന് തിരിച്ചുവരാനാകൂവെന്നും കോഹ്‌ലി കൂട്ടിച്ചേർത്തു.
നിലവിൽ എട്ടു മത്സരങ്ങളിൽനിന്ന് നാലു വീതം ജയവും തോൽവിയുമായി ബാംഗ്ലൂർ പോയന്‍റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.