ക്രിക്കറ്റ് മൈതാനത്തുനിന്ന് നടന്നുകയറിയത് മന്ത്രി പദവിയിലേക്ക്...; ഒടുവിൽ കളി മതിയാക്കി മുൻ ഇന്ത്യൻ താരം

മുൻ ഇന്ത്യൻ താരവും പശ്ചിമ ബംഗാൾ സ്​പോർട്സ് മന്ത്രിയുമായ മനോജ് തിവാരി ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. 2008നും 2015നും ഇടയിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞ താരം 12 ഏകദിനങ്ങളിലും മൂന്ന് ട്വന്റി 20കളിലും രാജ്യത്തിനായി ഇറങ്ങിയിട്ടുണ്ട്.

‘ക്രിക്കറ്റിനോട് വിട. ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായ കാലം മുതൽ ഞാൻ സ്വപ്നം കണ്ടിട്ട് പോലുമില്ലാത്ത ഓരോ കാര്യവും എനിക്ക് നൽകിയത് ക്രിക്കറ്റാണ്. എക്കാലത്തും ക്രിക്കറ്റിനോടും ദൈവത്തോടും നന്ദിയുള്ളവനായിരിക്കും. എന്റെ ക്രിക്കറ്റ് യാത്രക്ക് പിന്തുണ നൽകിയ എല്ലാവർക്കും നന്ദി’, താരം വിരമിക്കൽ പ്രഖ്യാപിച്ചുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.

2011ൽ വെസ്റ്റിൻഡീസിനെതിരെ നേടിയ സെഞ്ച്വറി അടക്കം 12 ഏകദിനങ്ങളിൽ ഇന്ത്യക്കായി 287 റൺസാണ് മനോജ് തിവാരി നേടിയത്. 19 വർഷം നീണ്ട ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 29 സെഞ്ച്വറിയടക്കം 9908 റൺസ് അടിച്ചുകൂട്ടി. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, ഡൽഹി ഡെയർ ഡെവിൾസ്, കിങ്സ് ഇലവൻ പഞ്ചാബ്, റൈസിങ് പുനെ സൂപ്പർ ജയന്റ്സ് ടീമുകൾക്കായി കളിച്ചു. 183 ട്വന്റി 20 മത്സരങ്ങൾക്കിറങ്ങി 3436 റൺസാണ് നേടിയത്.

ക്രിക്കറ്റിൽ സജീവമായിരിക്കെയാണ് മനോജ് തിവാരി രാഷ്ട്രീയത്തിൽ അങ്കത്തിനിറങ്ങുകയും മമത ബാനർജിയുടെ നേതൃത്വത്തിലുള്ള പശ്ചിമ ബംഗാൾ മന്ത്രിസഭയിൽ കായിക-യുവജന വകുപ്പ് മന്ത്രിയാവുകയും ചെയ്തത്. കുറച്ചുകാലം ക്രിക്കറ്റിൽനിന്ന് വിട്ടുനിന്ന താരം 2022-23 രഞ്ജി ട്രോഫി സീസണിൽ 37ാം വയസ്സിൽ ബംഗാൾ ടീമിൽ തിരിച്ചെത്തുകയും ഫൈനലിൽ എത്തിക്കുകയും ചെയ്തിരുന്നു. 

Tags:    
News Summary - Former India player Manoj Tiwary retired from cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.