ഡബ്ളിന്‍: ഏകദിന ക്രിക്കറ്റിലെ അതിവേഗ അര്‍ധ സെഞ്ച്വറിക്ക് ഒരവകാശി കൂടി. സൗത്ത് ആഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്സിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി വെസ്റ്റിന്‍ഡീസ് താരം മാത്യു ഫോര്‍ഡ്. അയര്‍ലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് എട്ടാമനായി ക്രീസിലെത്തിയ മാത്യു ഫോര്‍ഡ് 16 പന്തില്‍ അര്‍ധ സെഞ്ച്വറി തികച്ച് ഏകദിന ക്രിക്കറ്റിലെ അതിവേഗ അര്‍ധ ശതകമെന്ന എബി ഡിവില്ലിയേഴ്സിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തിയത്.
2015ലാണ് ഡിവില്ലിയേഴ്സ് 16 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി ഏകദിന ക്രിക്കറ്റിലെ അതിവേഗ അര്‍ധ സെഞ്ച്വറി തന്റെ പേരിലാക്കിയത്. 19 പന്തില്‍ 58 റണ്‍സെടുത്ത മാത്യു ഫോര്‍ഡ് എട്ട് സിക്സുകളും രണ്ട് ബൗണ്ടറികളും നേടി. നേരിട്ട രണ്ടാം പന്തില്‍ തന്നെ ബാരി മക്കാര്‍ത്തിക്കെതിരെ സിക്സ് അടിച്ചാണ് ഫോര്‍ഡ് തുടങ്ങിയത്. അതിനുശേഷം ജോഷെ ലിറ്റിലിന്‍റെ അടുത്ത ഓവറില്‍ തുടര്‍ച്ചയായി നാലു സിക്സറുകള്‍ പറത്തി.
46ാം ഓവറില്‍ തോമസ് മയേസിനെതിരെ ഒരു സിക്സും രണ്ട് ബൗണ്ടറിയും നേടിയ ഫോര്‍ഡ് 13 പന്തില്‍ 43 റണ്‍സിലെത്തി. ഏകദിനത്തിലെ അതിവേഗ അർധ ശതകമെന്ന ലോക റെക്കോഡ് സ്വന്തമാക്കാന്‍ അവസരമുണ്ടായിരുന്നെങ്കിലും 47-ാം ഓവറിലെ അദ്യ പന്തില്‍ റണ്ണെടുക്കാന്‍ ഫോര്‍ഡിനായില്ല.
എന്നാല്‍ അടുത്ത രണ്ട് പന്തുകളും സിക്സിന് പറത്തി ഫോര്‍ഡ് ഡിവില്ലിയേഴ്സിന്‍റെ ലോക റെക്കോര്‍ഡിനൊപ്പം അതിവേഗ അർധ ശതകം പൂര്‍ത്തിയാക്കി. ഫോര്‍ഡിന്‍റ വെടിക്കെട്ട് ഇന്നിംഗ്സിന്‍റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സെടുത്തെങ്കിലും മഴമൂലം അയര്‍ലന്‍ഡ് ഇന്നിംഗ്സ് തുടങ്ങാനാവാഞ്ഞതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ 124 റണ്‍സിന് തോറ്റ വെസ്റ്റ് ഇന്‍ഡീസ് മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ 0-1 ന് പിന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.