ആസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ തൊട്ടതെല്ലാം പിഴച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പർ കെ.എസ്. ഭരത്. നിർണായക മത്സരത്തിൽ ഓസീസ് താരത്തിന്‍റെ അനായാസ ക്യാച്ച് കൈവിട്ടതിനു പുറമെ, ഭരത് എട്ടു ബൈ റണ്ണും വഴങ്ങി. സമൂഹ മാധ്യമങ്ങളിൽ താരത്തിന്‍റെ മോശം പ്രകടനത്തിൽ വിമർശനം ശക്തമാണ്.
ആദ്യ മൂന്ന് ടെസ്റ്റിലും ബാറ്റിങ്ങിൽ ഫോം കണ്ടെത്താനാകാത്തെ വലഞ്ഞ ഭരത്, അഹ്മദാബാദ് ടെസ്റ്റിൽ കളിക്കുന്ന കാര്യം ഉറപ്പില്ലായിരുന്നു. പകരം ഇഷാന്‍ കിഷൻ അരങ്ങേറ്റ ടെസ്റ്റ് കളിക്കുമെന്നും സൂചനകളുണ്ടായിരുന്നു. എന്നാല്‍ ഭരതിനെ തന്നെ പ്ലെയിങ് ഇലവനില്‍ കളിപ്പിക്കുകയായിരുന്നു.
ആദ്യ മൂന്ന് ടെസ്റ്റില്‍ 14.25 ശരാശരിയില്‍ 57 റണ്‍സ് മാത്രമാണ് താരത്തിന്‍റെ സമ്പാദ്യം. എന്നാൽ, വിക്കറ്റ് കീപ്പറെന്ന നിലയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഇതാണ് നാലാം ടെസ്റ്റിലും താരത്തെ പരിഗണിക്കാനുള്ള കാരണം. എന്നാൽ, കീപ്പിങ്ങിലും ഭരതിന് പിഴക്കുന്നതാണ് കാണുന്നത്. മുഹമ്മദ് ഷമിയുടെ ആദ്യ ഓവറില്‍ തന്നെ ബൈയിലൂടെ ബൗണ്ടറി വഴങ്ങിയ ഭരത് ഉമേഷ് യാദവിന്‍റെ ഓവറില്‍ ട്രാവിസ് ഹെഡ് നല്‍കിയ അനായാസ ക്യാച്ച് നിലത്തിടുകയും ചെയ്തു.
ഹെഡ്ഡിന്‍റെ ബാറ്റില്‍ എഡ്ജ് ചെയ്ത് എത്തിയ പന്ത് താരത്തിന് കൈയിലൊതുക്കാനായില്ല. ഏഴു റൺസെടുത്ത് നിൽക്കുന്നതിനിടെയാണ് ട്രാവിസിനെ പുറത്താക്കാനുള്ള സുവർണാവസരം നഷ്ടപ്പെടുത്തിയത്. 44 പന്തിൽ 32 റൺസെടുത്ത ട്രാവിസിനെ ആർ. അശ്വിനാണ് പുറത്താക്കിയത്.
ഭരത്തിന്‍റെ മോശം പ്രകടനത്തിൽ ആരാധകരും നിരാശരാണ്. സമൂഹമാധ്യമങ്ങളിലാണ് ഇതിന്‍റെ രോഷം പ്രകടിപ്പിച്ചത്. ‘പാർട്ട് ടൈം വിക്കറ്റ് കീപ്പറായ കെ.എൽ. രാഹുൽ പോലും അത് കൈയിലൊതുക്കുമായിരുന്നു. കെ.എസ്. ഭാരതിനെ ഉപേക്ഷിക്കുന്നതാകും എന്റെ മനോഹരമായ ടീമിന് നല്ലത്’ -ഒരാൾ ട്വിറ്ററിൽ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.