ഫാഫ് ഡൂപ്ലെസിസ്

ഡൂപ്ലെസിസ് ഐ.പി.എൽ ലേലത്തിനില്ല; പാകിസ്താൻ സൂപ്പർ ലീഗിൽ കളിക്കും

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയുടെ മുൻ ക്യാപ്റ്റനും ഇന്ത്യൻ പ്രീമിയർ ലീഗിലെ (ഐ.പി.എൽ) സ്ഥിരം സാന്നിധ്യവുമായ ഫാഫ് ഡൂപ്ലെസിസ് അടുത്ത സീസണിലേക്കുള്ള താരലേലത്തിൽനിന്ന് പിന്മാറി. പാകിസ്താൻ സൂപ്പർ ലീഗിന്‍റെ (പി.എസ്.എൽ) വരാനിരിക്കുന്ന പതിപ്പിൽ കളിക്കാൻ തീരുമാനിച്ചതായും ഡൂപ്ലെസിസ് വ്യക്തമാക്കി. പല സീസണുകളിലായി ചെന്നൈ സൂപ്പർ കിങ്സിനു വേണ്ടി കളത്തിലിറങ്ങിയ ഫാഫ്, റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ (ആർ.സി.ബി) മുൻ ക്യാപ്റ്റൻ കൂടിയാണ്. ഡിസംബർ 15ന് അബൂദബിയിലാണ് 2026 സീസണിലേക്കുള്ള ഐ.പി.എൽ താരലേലം നടക്കുന്നത്.

ഐ.പി.എല്ലിൽ മികച്ച റെക്കോഡുള്ള വിദേശ താരങ്ങളിൽ ഒരാളാണ് 41കാരനായ ഫാഫ് ഡൂപ്ലെസിസ്. 2013ൽ ചെന്നൈ സൂപ്പർ കിങ്സിലെത്തിയ (സി.എസ്.കെ) താരം വൈകാതെ ടീമിന്‍റെ അവിഭാജ്യ ഘടകമായി മാറുകയും ചെയ്തു. സ്ഥിരതയാർന്ന ബാറ്റിങ്ങും ഫീൽഡിങ് മികവും സമ്മർദ സാഹചര്യം അതിജീവിക്കാനുള്ള കഴിവുമാണ് ഫാഫിനെ വേറിട്ടുനിർത്തിയത്. ഏഴു സീസണുകളിൽ മഞ്ഞക്കുപ്പായത്തിലിറങ്ങിയ താരം, 2016ലും ’17ലും ധോണിക്കൊപ്പം റൈസിങ് പുണെ ജയന്‍റ്സിലും കളിച്ചു.

2021ൽ സി.എസ്.കെ കിരീടം നേടുമ്പോൾ ടൂർണമെന്‍റിലാകെ 633 റൺസാണ് ഡൂപ്ലെസിസ് അടിച്ചെടുത്തത്. 2022 സീസണിനു മുന്നോടിയായി താരത്തെ ചെന്നൈ റിലീസ് ചെയ്തു. പിന്നാലെ ആർ.സി.ബിയിലെത്തിയ ഫാഫ്, മൂന്ന് സീസണുകളിൽ ടീമിനെ നയിച്ചു. 2023ൽ 14 മത്സരങ്ങളിൽനിന്ന് 730 റൺസ് നേടി. ഇക്കഴിഞ്ഞ സീസണിൽ ഡൽഹി ക്യാപിറ്റൽസിനായി കളത്തിലിറങ്ങിയ താരത്തിന് ഇടക്ക് പരിക്കേറ്റതോടെ ടൂർണമെന്‍റ് പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല. ഐ.പി.എല്ലിൽ ആകെ 154 മത്സരങ്ങളിലായി 4,773 റൺസാണ് താരം അടിച്ചെടുത്തത്. 14 സീസണുകളിലായി വലിയ താരങ്ങളോടൊപ്പം വേദി പങ്കിടാനായത് അഭിമാനമാണെന്നും താൻ തിരിച്ചുവരുമെന്നും ഫാഫ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു. 

Tags:    
News Summary - Faf du Plessis pulls out of IPL 2026 auction, commits to playing in Pakistan Super League

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.