സിംബാബ്‌വെ ട്വന്‍റി20 ലീഗിലെ സമ്മാനത്തുക കേട്ട് അന്തംവിട്ട് ഇന്ത്യൻ താരം

ഹരാരെ: ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി.സി.സി.ഐ) ലോകത്തിലെ ഏറ്റവും സമ്പന്നമായ ബോർഡിയാണെന്നത് രഹസ്യമായ കാര്യമല്ല. കോടികളാണ് ഓരോ വർഷവും താരങ്ങൾക്ക് പ്രതിഫലമായി ലഭിക്കുന്നത്. പണക്കൊഴുപ്പിന്‍റെ മേളയായ ഐ.പി.എല്ലിലും താരങ്ങൾ കോടികൾ വാരുന്നു.

എന്നാൽ, സിംബാബ്‌വെ ട്വന്‍റി20 ലീഗിലെ സമ്മാനത്തുക കേട്ട് അന്തംവിട്ടിരിക്കുകയാണ് ഇന്ത്യൻ ഓഫ് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. രാജ്യത്ത് ക്രിക്കറ്റിന്‍റെ വളർച്ചക്ക് സിംബാബ്‌വെ മികച്ച പ്രകടനം നടത്തേണ്ടത് നിർണായകമാണെന്ന് താരം തുറന്നുപറയുന്നു. സിംബാബ്‌വെ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട ലേഖനം ശ്രദ്ധയിൽപെട്ടതിനു പിന്നാലെയാണ് താരത്തിന്‍റെ പ്രതികരണം.

സിംബാബ്‌വെ ട്വന്‍റി20 ലീഗിലെ സമ്മാനത്തുക എട്ടര ലക്ഷം രൂപ മാത്രമാണ്. ഐ.പി.എല്ലിൽ ഒരു താരത്തിന്‍റെ അടിസ്ഥാന വിലയേക്കാൾ എത്രയേ കുറവാണിതെന്നും താരം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ, സിംബാബ്‌വെ താരങ്ങൾക്ക് ലഭിക്കുന്ന പണത്തിന്‍റെ അന്തരത്തെ കുറിച്ച് താരം യൂട്യൂബ് ചാനലിലൂടെയാണ് പ്രതികരിച്ചത്.

'ലോക ക്രിക്കറ്റ് സാഹചര്യങ്ങളെക്കുറിച്ചുള്ള അതിശയകരമായ ഒരു ലേഖനം വായിക്കാനിടയായി. കൂടുതൽ പണമുള്ളിടത്തെല്ലാം മികച്ച തൊഴിലവസരങ്ങളുണ്ടെന്നും കളിക്കാർക്ക് വളർന്നുവരാനുള്ള അവസരങ്ങളുണ്ടാകുമെന്നും അതിൽ പറയുന്നു. ഉദാഹരണത്തിന്, ഇന്ത്യ 15 അംഗ ടീമിനെയാണ് സിംബാബ്‌വെയിലേക്ക് അയച്ചത്. വാഷിംഗ്ടൺ സുന്ദറിന് പരിക്കേറ്റതിനാൽ അവസാന നിമിഷം പകരക്കാരനായി ഷഹബാസ് അഹമ്മദിനെ ടീമിൽ ഉൾപ്പെടുത്തി' -അശ്വിൻ പറഞ്ഞു.

Full View

സിംബാബ്‌വെ ട്വന്‍റി20 ലീഗിലെ മൊത്തം സമ്മാനത്തുകയേക്കാൾ കൂടുതൽ പണം ഒരു ഇന്ത്യൻ താരത്തിന് ലഭിക്കുന്നതിനെ കുറിച്ച് അശ്വിന് പറയാനുള്ളത് ഇതാണ്; മികച്ച കരാറിലാണ് ശഹബാസ് അഹ്മദ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിലെത്തിയത്. താരത്തിന്‍റെ യഥാർഥ ശമ്പള വിവരങ്ങൾ എനിക്കറിയില്ല. തീർച്ചയായും അദ്ദേഹത്തിന് കോടികൾ ലഭിക്കുന്നുണ്ടാകും. എന്നാൽ, സിംബാബ്‌വെ ട്വന്‍റി20 ലീഗായ നാഷനൽ പ്രീമിയർ ലീഗിലെ (എൻ.പി.എൽ) മൊത്തം സമ്മാനത്തുക എട്ടരലക്ഷമാണ്. ഐ.പി.എല്ലിലെ ഇന്ത്യൻ താരങ്ങളുടെ അടിസ്ഥാനവില ഇതിനേക്കാൾ വലുതാണ്.

താരങ്ങൾ സ്ഥിരതയുള്ള പ്രകടനം കാഴ്ചവെച്ചാൽ സിംബാബ്‌വെ ക്രിക്കറ്റിന് നല്ലകാലം വരുമെന്നും താരം പറയുന്നു. ഒരു ഘട്ടത്തിൽ, സിംബാബ്‌വെ ക്രിക്കറ്റ് ബോർഡിന് അവരുടെ കളിക്കാർക്ക് ശമ്പളം നൽകാൻ പോലും സാധിച്ചിരുന്നില്ല. എന്നാൽ പുതിയ ഭരണസമിതി അധികാരമേറ്റശേഷം കുടിശ്ശികയെല്ലാം തീർത്തു. സിംബാബ്‌വെ ക്രിക്കറ്റിൽ ഒരുതരം ഉയിർത്തെഴുന്നേൽപുണ്ടായി. അതിനാൽ, ഈ പരമ്പരയിൽ സിംബാബ്‌വെ മികച്ച പ്രകടനം കാഴ്ചവെച്ചാൽ അവർക്ക് അംഗീകാരങ്ങൾ ലഭിക്കും, അത് അവരുടെ ക്രിക്കറ്റിന് ഗുണകരമാകുമെന്നും അശ്വിൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - Entire Prize Money Of Zimbabwe's T20 League Is Less Than Base Price Of IPL Players

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.