അശ്വിന്റെ പ്രഹരത്തിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്; ഇന്നിങ്സ് ജയപ്രതീക്ഷയിൽ ഇന്ത്യ

ധരംശാല: നൂറാം ടെസ്റ്റ് കളിക്കുന്ന രവിചന്ദ്രൻ അശ്വിന്റെ മാരക ബൗളിങ്ങിന് മുമ്പിൽ പിടിച്ചുനിൽക്കാനാവാതെ തകർന്നടിഞ്ഞ് ഇംഗ്ലീഷ് ബാറ്റിങ് നിര. 31 ഓവർ പിന്നിടുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 133 റൺസെന്ന പരിതാപകരമായ നിലയിലാണ് സന്ദർശകർ. 41 റൺസുമായി ജോ റൂട്ടും 15 റൺസുമായി ടോം ഹാർട്ട്‍ലിയുമാണ് ക്രീസിൽ. ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ ഇനിയും 126 റൺസ് കൂടി വേണം.

259 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാണ് തുടക്കത്തിലേ നേരിട്ടത്. സ്കോർ ബോർഡിൽ രണ്ട് റൺസ് ചേർത്തപ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടപ്പെട്ടു. രണ്ട് റൺസെടുത്ത ബെൻ ഡക്കറ്റിനെ അശ്വിൻ ബൗൾഡാക്കുകയായിരുന്നു. ആദ്യ ഇന്നിങ്സിലെ ടോപ് സ്കോറർ സാക് ക്രോളിയുടെ ഊഴമായിരുന്നു അടുത്തത്. 16 പന്ത് നേരിട്ടിട്ടും അക്കൗണ്ട് തുറക്കാനാവാതിരുന്ന താരത്തെ അശ്വിന്റെ പന്തിൽ സർഫറാസ് ഖാൻ പിടികൂടി. 23 പന്തിൽ 19 റൺസെടുത്ത ഒലീ പോപിനെയും വൈകാതെ അശ്വിൻ തന്നെ മടക്കി. ഇത്തവണ ക്യാച്ച് ജയ്സ്വാളിനായിരുന്നു.

31 പന്തിൽ 39 റൺസെടുത്ത ജോണി ബെയർസ്റ്റോയെ കുൽദീപ് യാദവ് വിക്കറ്റിന് മുന്നിൽ കുടുക്കിയ​ ശേഷം ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെയും (2), വിക്കറ്റ് കീപ്പർ ബെൻ ഫോക്സിനെയും (8) അശ്വിൻ ബൗൾഡാക്കിയതോടെ സ്കോർ ആറിന് 113 എന്ന നിലയിലേക്ക് വീണു. തുടർന്ന് ജോ റൂട്ടും ഹാർട്ട്‍ലിയും ചേർന്ന് കൂടുതൽ നഷ്ടങ്ങളി​ല്ലാതെ മുന്നോട്ട് നയിക്കുകയാണ്.

ആദ്യ ഇന്നിങ്സിൽ 218 റൺസിന് പുറത്തായ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 477 റൺസാണ് നേടിയത്. രണ്ടാം ദിനം സ്​റ്റമ്പെടുക്കുമ്പോൾ എട്ട് വിക്കറ്റ് നഷ്ടത്തിൽ 473 റൺസെന്ന ശക്തമായ നിലയിലായിരുന്ന ആതിഥേയർക്ക് മൂന്നാം ദിനം സ്കോർ ബോർഡിൽ നാല് റൺസ് കൂടിയേ ചേർക്കാനായുള്ളൂ. 259 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡാണ് സ്വന്തമാക്കിയത്.

27 റൺസുമായി ക്രീസിലുണ്ടായിരുന്ന കുൽദീപ് യാദവിനെ മൂന്ന് റൺസ് കൂടി ചേർത്തപ്പോഴേക്കും ജെയിംസ് ആൻഡേഴ്സണും 19 റൺസുമായി പിടിച്ചുനിന്ന ബുംറയെ ഒരു റൺസ് കൂടി ചേർത്തപ്പോഴേക്കും ശുഐബ് ബഷീറും വിക്കറ്റ് കീപ്പർ ബെൻ ഫോക്സിന്റെ കൈയിലെത്തിച്ചതോടെ ഇന്ത്യൻ ഇന്നിങ്സിനും വിരാമമായി. മുഹമ്മദ് സിറാജ് റൺസൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. ഇംഗ്ലണ്ട് ബൗളർമാരിൽ അഞ്ച് വിക്കറ്റ് ​വീഴ്ത്തിയ ശുഐബ് ബഷീർ മികച്ചുനിന്നപ്പോൾ ജെയിംസ് ആൻഡേഴ്സണും ടോം ഹാർട്ട്‍ലിയും രണ്ടുപേരെ വീതവും ബെൻ സ്റ്റോക്സ് ഒരാളെയും മടക്കി.

ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 218 റൺസിനെതിരെ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി ക്യാപ്റ്റൻ രോഹിത് ശർമയും (103) ശുഭ്മൻ ഗില്ലും (110) സെഞ്ച്വറിയുമായും യശസ്വി ജയ്സ്വാളും (57) ദേവ്ദത്ത് പടിക്കലും (65) സർഫറാസ് ഖാനും (56) അർധസെഞ്ച്വറികളുമായും കളം നിറഞ്ഞതോടെയാണ് വൻ ലീഡ് നേടിയത്. ആദ്യ അഞ്ചുപേരും മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും തുടർന്നെത്തിയ രവീന്ദ്ര ജദേജ (15), ധ്രുവ് ജുറേൽ (15), രവിചന്ദ്രൻ അശ്വിൻ (0) എന്നിവർ പെട്ടെന്ന് മടങ്ങിയിരുന്നു.

Tags:    
News Summary - England crushed by Ashwin's blow; India in hopes of winning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.